-->
കുറച്ചുപേരെങ്കിലും വോംബാറ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടാകും. ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന, കൗതുകമുണര്‍ത്തുന്ന ഒരു സഞ്ചിമൃഗമാണ് വോംബാറ്റ്. വോംബാറ്റുകളുടെ ഏറ്റവും സവിശേഷമായ ഒന്നാണ് അവയുടെ ചതുരാകൃതിയിലുള്ള കാഷ്ഠം. കുടലിന്റെ ഇലാസ്തികതയിലുള്ള വ്യതിയാനമാണ് ഇതിന് കാരണം. കാഷ്ഠം ഉരുണ്ടുപോകാതിരിക്കാന്‍ സഹായിക്കുന്ന ഈ രൂപം, പാറകളിലും മരത്തടികളിലും കാഷ്ഠം അടുക്കിവെച്ച് തങ്ങളുടെ സാമ്രാജ്യം അടയാളപ്പെടുത്താനും മറ്റ് വോംബാറ്റുകള്‍ക്ക് സന്ദേശം നല്‍കാനും ഉപകാരപ്രദമാണ്. ഒരു ദിവസം 100 കാഷ്ഠ ചതുരക്കട്ടകള്‍ വരെ വോംബാറ്റുകള്‍ ഉത്പാദിപ്പിക്കാറുണ്ട്. ഇവ ഉപയോഗിച്ച് വോംബാറ്റുകള്‍ തങ്ങളുടെ വാസസ്ഥലം അടയാളപ്പെടുത്തും.
വോംബാറ്റിഡേ കുടുംബത്തില്‍പ്പെട്ട, ബലിഷ്ഠമായ പേശികളും കുറിയ കാലുകളുമുള്ളതാണ് ഈ നാല്‍ക്കാലി. സാധാരണയായി ഒരു മീറ്ററോളം നീളവും 20 മുതല്‍ 35 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. മണ്ണുമാന്താന്‍ സഹായിക്കുന്ന ശക്തമായ നഖങ്ങളും ചെറിയ കുറ്റിവാലും വോംബാറ്റുകളുടെ പ്രത്യേകതയാണ്. ഈ ജീവികളുടെ മൂന്ന് ഉപവിഭാഗങ്ങള്‍ നിലവിലുണ്ട്: കോമണ്‍ വോംബാറ്റ്, സതേണ്‍ ഹെയറിനോസ്ഡ് വോംബാറ്റ്, വംശനാശത്തിന്റെ വക്കിലുള്ള നോര്‍ത്തേണ്‍ ഹെയറിനോസ്ഡ് വോംബാറ്റ് എന്നിവയാണ് ഇത്. ടാസ്മാനിയ ഉള്‍പ്പെടെ തെക്ക്, കിഴക്കന്‍ ഓസ്‌ട്രേലിയയിലെ വനപര്‍വത മേഖല, പുല്‍മേടുകള്‍ തുടങ്ങി വിവിധ പരിസ്ഥിതികളുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഇവയ്ക്ക് കഴിയും.
ഒന്നിലധികം അറകളും പ്രവേശന കവാടങ്ങളുമുള്ള, 20 മീറ്റര്‍ വരെ നീളമുള്ള വിപുലമായ മാളങ്ങള്‍ നിര്‍മിക്കുന്നതില്‍ വോംബാറ്റുകള്‍ പ്രസിദ്ധരാണ്. പ്രധാനമായും രാത്രിയില്‍ പുല്ലും വേരുകളും മരത്തൊലിയും തിന്നാണ് ഈ ജീവികള്‍ ജീവിക്കുന്നത്. ഇരപിടിയന്മാരില്‍ നിന്നും കഠിനമായ കാലാവസ്ഥയില്‍ നിന്നും ഈ മാളങ്ങള്‍ വോംബാറ്റുകള്‍ക്ക് സംരക്ഷണം നല്‍കും. വോംബാറ്റുകള്‍ സാധാരണയായി ഒറ്റയ്ക്ക് ജീവിക്കുന്നവയും സ്വന്തം പ്രദേശം അടക്കിവാഴുന്നവയുമാണ്. എന്നിരുന്നാലും ചിലപ്പോള്‍ ഇവയുടെ വാസസ്ഥലങ്ങള്‍ കൂടിക്കലരുമ്പോള്‍ മാളങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. ചെറിയൊരു ഗര്‍ഭകാലത്തിനു ശേഷം പെണ്‍ വോംബാറ്റ് ഒരൊറ്റ കുഞ്ഞിന് ജന്മം നല്‍കുന്നു. മാസങ്ങളോളം സഞ്ചിയില്‍ വളര്‍ന്ന ശേഷമാണ് കുഞ്ഞ് പുറത്തുവരുന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അമ്മയോടൊപ്പം കഴിയും.
കാഴ്ചയില്‍ ടെഡി ബെയറിനോട് സാമ്യമുള്ള ഓമനത്തമുള്ള രൂപമാണെങ്കിലും, ഭീഷണിയുണ്ടായാല്‍ വോംബാറ്റുകള്‍ ആക്രമണകാരികളാകും. തങ്ങളുടെ കരുത്തുറ്റ ശരീരവും പിന്‍ഭാഗവും ഉപയോഗിച്ചാണ് ഇവ പ്രതിരോധിക്കുക.
Happy #InternationalWombatDay from your favorite hairy nosed wombats, Gordon & Adelaide! Did you know wombats have SQUARE shaped poop?! Learn about them from Zoo Miami's Animal Care Coordinator, Yosanni Torres, & visit them in our Australia section on your next visit! #ZooMiami pic.twitter.com/7wGF2WxYLh— Zoo Miami (@zoomiami) October 22, 2024