-->
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെ ചൂടേറിയ ചര്‍ച്ചകള്‍ക്കും വാക്കൗട്ടുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ എല്ലാം തണുപ്പിച്ച് സ്‌പീക്കര്‍ ഓം ബിര്‍ളയുടെ ചായ സല്‍ക്കാരം.
മൂന്ന് ആഴ്‌ചയോളം നീണ്ട മൂര്‍ച്ചയുള്ള രാഷ്‌ട്രീയ ആരോപണ- പ്രത്യാക്രമണങ്ങള്‍ക്കു ശേഷം ചായ സല്‍ക്കാരത്തില്‍ പ്രതിപക്ഷ അംഗങ്ങളും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ കോണ്‍ഗ്രസ് എം.പി പ്രിയങ്ക വാധ്‌ര ഇന്നലെ ഉച്ചകഴിഞ്ഞുള്ള സമ്മേളനത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനും സ്‌പീക്കര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അരികില്‍ പ്രിയങ്ക ഇരുന്നു. ഓരോ സെഷനും അവസാനിച്ചശേഷം ചൂടേറിയ രാഷ്‌ട്രീയാന്തരീക്ഷം തണുപ്പിക്കാന്‍ സ്‌പീക്കറുടെ ആതിഥേയത്വത്തില്‍ ചായ സല്‍ക്കാരം നടത്തുന്നത് പതിവാണ്. ഇന്നലത്തെ സര്‍ക്കാരം 20 മിനിറ്റ് നീണ്ടുനിന്നു. ഭരണ-പ്രതിപക്ഷ എം.പിമാര്‍ക്കിടയില്‍ നിരവധി സൗഹാര്‍ദ നിമിഷങ്ങള്‍ക്ക് ഇത് സാക്ഷ്യം വഹിച്ചു. അലര്‍ജി തടയാന്‍ സ്വന്തം മണ്ഡലമായ വയനാട്ടില്‍ നിന്നുള്ള ഒരു ഔഷധസസ്യം കഴിക്കുന്ന കാര്യം പ്രിയങ്ക എം.പിമാരുമായി പങ്കുവച്ചു.
കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം കേട്ട് പ്രധാനമന്ത്രി മോദിയും രാജ്‌നാഥ് സിങ്ങും ചരിച്ചു. എത്യോപ്യ, ജോര്‍ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക് പ്രധാനമന്ത്രി അടുത്തിടെ നടത്തിയ യാത്രയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് തിരക്കി. യാത്ര നന്നായിരുന്നുവെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.
സമാജ്‌വാദി പാര്‍ട്ടിയുടെ ധര്‍മ്മേന്ദ്ര യാദവ്, എന്‍.സി.പി (എസ്.പി)യുടെ സുപ്രിയ സുലെ, സി.പി.ഐ നേതാവ് ഡി. രാജ സല്‍ക്കാരത്തില്‍ പങ്കെടുത്തു. സമ്മേളനം കുറച്ചുകൂടി ദീര്‍ഘിപ്പിക്കാമായിരുന്നുവെന്ന് യാദവ് അഭിപ്രായപ്പെട്ടു. തൊണ്ട വേദനിക്കാതിരിക്കാന്‍ സമ്മേളനം ചുരുക്കിയതാണെന്ന് മോദി തമാശ തട്ടി. സഭയിലേക്ക് നന്നായി തയാറായി വന്നതിന് എന്‍.കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ചില പ്രതിപക്ഷ എം.പിമാരെ പ്രധാനമന്ത്രി പ്രശംസിച്ചു.
പഴയ പാര്‍ലമെന്റ് കെട്ടിടത്തിലെ പോലെ തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലും എം.പിമാര്‍ക്കായി സെന്‍ട്രല്‍ ഹാള്‍ വേണമെന്ന് ചില പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിടെ എം.പിമാരും മുന്‍ എം.പിമാരും ചര്‍ച്ചകള്‍ക്കായി ഒത്തുകൂടാറുണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു.
'അത് വിരമിച്ചശേഷമുള്ള കാര്യമാണ്;നിങ്ങള്‍ക്ക് ഇനിയും ഒരുപാട് സേവനം ചെയ്യാനുണ്ട്' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ മറുപടി എം.പിമാരില്‍ ചിരി പടര്‍ത്തി. മണ്‍സൂണ്‍ സമ്മേളനത്തിനു ശേഷം നടത്തിയ സല്‍ക്കാരത്തില്‍നിന്നു രാഹുല്‍ ഗാന്ധി വിട്ടുനിന്നിരുന്നു.
മറ്റ് പ്രതിപക്ഷ നേതാക്കളും കഴിഞ്ഞ തവണ ചായസല്‍ക്കാരം ബഹിഷ്‌കരിച്ചു. സ്‌പീക്കര്‍ പ്രതിപക്ഷ എം.പിമാരെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്.
ഇത് പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇത്തവണ, ശീതകാല സമ്മേളനത്തില്‍ സ്‌പീക്കര്‍ പ്രതിപക്ഷത്തോട് നീതി പുലര്‍ത്തിയതിനാല്‍ എല്ലാ പ്രതിപക്ഷ എം.പിമാരും ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭ്യര്‍ഥിച്ചതായി ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി.