-->
ധാക്ക: ബം?ാദേശില്‍ ഇന്ത്യാവിരുദ്ധ കലാപം ആളിപ്പടരുന്നതിനിടെ, ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഹിന്ദു യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്ലാം മതനിന്ദ ആരോപിച്ചാണ് മൈമന്‍സിങ് ജില്ലയിലെ ഭലൂക്കയില്‍ ദിപു ചന്ദ്രദാസ് (30) എന്ന യുവാവിനെ കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. തുടര്‍ന്ന്, അക്രമികള്‍ ദിപുവിന്റെ മൃതദേഹം റോഡിലിട്ട് കത്തിച്ചു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാര്‍ സംഭവത്തെ ശക്‌തമായി അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ക്കു പുതിയ ബം?ാദേശില്‍ ഇടമില്ലെന്നും ഹീനമായ കുറ്റകൃത്യത്തിന്റെ ഉത്തരവാദികളെ വെറുതേവിടില്ലെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. തീവ്രവാദസംഘടനയായ 'ഇന്‍ക്വിലാബ് മഞ്ച'യുടെ നേതാവ് ഷരീഫ് ഉസ്‌മാന്‍ ഹാദി കൊല്ലപ്പെട്ടതിനേത്തുടര്‍ന്നാണ് ബം?ാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഷെയ്‌ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭത്തിന്റെ നെടുംതൂണായിരുന്നു കടുത്ത ഇന്ത്യാവിരുദ്ധനും മതതീവ്രവാദിയുമായ ഹാദി.
അക്രമത്തെ ചെറുത്തും നിരാകരിച്ചുമാണ് ഹാദിയുടെ രക്‌തസാക്ഷിത്വത്തെ ആദരിക്കേണ്ടതെന്നു ബം?ാദേശ് ജനതയോട് സര്‍ക്കാര്‍ ആഹ്വാനം ചെയ്‌തു. ദിപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ അക്രമികള്‍, മൃതദേഹം പൊതുസ്‌ഥലത്ത് മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതയ്‌ക്കുകയും തുടര്‍ന്ന് തീയിടുകയുമായിരുന്നു. കത്തിത്തീരാത്ത മൃതദേഹം ധാക്ക-മൈമന്‍സിങ് ഹൈവേയിലെത്തിച്ച് വീണ്ടും കത്തിച്ചു. ഹൈവേയില്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. കലാപത്തിന്റെ ഭാഗമായി ബംാദേശ് രാഷ്‌ട്രപിതാവ് ഷെയ്‌ഖ് മുജീബുര്‍ റഹ്‌മാന്റെ തകര്‍ക്കപ്പെട്ട വീടിനും പ്രമുഖ മാധ്യമസ്‌ഥാപനങ്ങള്‍ക്കും നേരേ ആക്രമണമുണ്ടായി. ഷെയ്‌ഖ് ഹസീന സര്‍ക്കാരിനെതിരായ പ്രക്ഷോഭകാലത്തുതന്നെ, മ്യൂസിയമായി പ്രവര്‍ത്തിച്ചിരുന്ന മുജീബുര്‍ റഹ്‌മാന്റെ വസതി തകര്‍ക്കപ്പെട്ടിരുന്നു.
അതിന്റെ അവശേഷിച്ച ഭാഗങ്ങളും ഇടിച്ചുനിരത്തിയാണ് കലാപകാരികള്‍ കലിയടക്കിയത്. 1971-ല്‍ മുജീബ് റഹ്‌മാന്റെ നേതൃത്വത്തില്‍, ഇന്ത്യയുടെ സൈനികസഹായത്തോടെയാണ് ബം?ാദേശ് പാകിസ്‌താനില്‍നിന്നു മോചനം നേടി സ്വതന്ത്രരാജ്യമായത്.
ഇന്ത്യാ ബന്ധം ആരോപിച്ച് ഡെയ്‌ലി സ്‌റ്റാര്‍, പ്രോതോം ആലോ തുടങ്ങിയ മാധ്യമസ്‌ഥാപനങ്ങള്‍ക്കു മുന്നില്‍ ഇസ്ലാമികതീവ്രവാദികള്‍ മാസങ്ങളായി പ്രതിഷേധിച്ചുവരുകയായിരുന്നു. അതിനിടെയാണ്, ഹാദി വധത്തിന്റെ പേരില്‍ അവയ്‌ക്കുനേരേ ആക്രമണം അഴിച്ചുവിട്ടത്.
ഹസീന സര്‍ക്കാരിനെ പുറത്താക്കിയശേഷം, അവര്‍ക്ക് അഭയം നല്‍കിയ ഇന്ത്യയ്‌ക്കെതിരേ കടുത്ത വിദ്വേഷപ്രചാരണമാണ് ഹാദിയുടെ നേതൃത്വത്തിലുള്ള 'ഇന്‍ക്വിലാബ് മഞ്ച' നടത്തിയിരുന്നത്.
'ഇന്ത്യയെ ബഹിഷ്‌കരിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയ കലാപകാരികള്‍ ധാക്കയില്‍ ഷെയ്‌ഖ് ഹസീനയുടെ 'അവാമി ലീഗ്' പാര്‍ട്ടി ഓഫീസും തകര്‍ത്തു. കഴിഞ്ഞ 12-ന് റിക്ഷയില്‍ സഞ്ചരിക്കവേയാണ് ഷരീഫ് ഉസ്‌മാന്‍ ഹാദി ബൈക്കിലെത്തിയ രണ്ട് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. അക്രമികള്‍ ഇന്ത്യയിലേക്കു കടന്നെന്ന അധികൃതരുടെ ആരോപണമാണ് ഇപ്പോഴത്തെ കലാപത്തിനു തിരികൊളുത്തിയത്.
ആരോപണം നിഷേധിച്ച ഇന്ത്യ, ന്യൂഡല്‍ഹിയിലെ ബംാദേശ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, ധാക്കയിലെ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി ബം?ാദേശ് സര്‍ക്കാരും വിശദീകരണം തേടി.