Wednesday, March 11, 2026 Last Updated 47 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.32 PM

'ആ സ്‌ത്രീക്ക്‌ നരകത്തില്‍ പോകാം'ഹിജാബ്‌ വിവാദത്തില്‍ നിതീഷ്‌ കുമാറിന്‌ പിന്തുണയുമായി ഗിരിരാജ്‌ സിങ്‌

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ സര്‍ക്കാര്‍ ചടങ്ങിനിടെ മുസ്ലിം യുവതിയായ ഡോക്‌ടറുടെ ഹിജാബ്‌ (മുഖാവരണം) ബലമായി താഴ്‌ത്തിയ നടപടിയില്‍ പിന്തുണയുമായി കേന്ദ്രമന്ത്രി ഗിരിരാജ്‌ സിങ്‌.
വോട്ട്‌ ചെയ്യുന്നതുപോലെ തന്നെ തിരിച്ചറിയല്‍ സ്‌ഥിരീകരണവും ജോലി നേടുന്നതിന്റെ ഭാഗമാണെന്നു നിതീഷിനെ ന്യായീകരിച്ചുകൊണ്ട്‌ സിങ്‌ പറഞ്ഞു.
"ആരെങ്കിലും അപ്പോയിന്റ്‌മെന്റ്‌ ലെറ്റര്‍ എടുക്കാന്‍ പോയാല്‍, അവര്‍ മുഖം കാണിക്കേണ്ടതല്ലേ? ഇതൊരു ഇസ്ലാമിക രാഷ്‌ട്രമാണോ? നിതീഷ്‌ ജി ഒരു രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു. നിങ്ങള്‍ പാസ്‌പോര്‍ട്ട്‌ എടുക്കാന്‍ പോയാല്‍, അല്ലെങ്കില്‍ വിമാനത്താവളത്തില്‍ പോയാല്‍, നിങ്ങള്‍ മുഖം കാണിക്കുന്നില്ലേ? ഇത്‌ ഇന്ത്യയാണ്‌, ഇവിടെ ഇന്ത്യന്‍ നിയമങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. നിതീഷ്‌ കുമാര്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല" അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
പെണ്‍കുട്ടി ജോലി സ്വീകരിക്കാന്‍ വിസമ്മതിച്ചാലോ എന്ന ചോദ്യത്തിന്‌, "അവള്‍ക്ക്‌ നിരസിക്കാം അല്ലെങ്കില്‍ നരകത്തില്‍ പോകാം" എന്ന്‌ സിങ്‌ തിരിച്ചടിച്ചു. എന്നാല്‍ ഗിരിരാജ്‌ സിങ്ങിന്റെ പ്രസ്‌താവനക്കെതിരേ വിവിധ കോണുകളില്‍നിന്ന്‌ വ്യാപക പ്രതിഷേധമാണുയരുന്നത്‌.
കഴിഞ്ഞ 15ന്‌ മുഖ്യമന്ത്രിയുടെ വസതിയില്‍ പട്‌നയിലെ ആയുഷ്‌ ഡോക്‌ടര്‍മാര്‍ക്കുള്ള നിയമന ഉത്തരവ്‌ കൈമാറുന്ന ചടങ്ങിലാണു നിതീഷ്‌ വനിതാ ഡോക്‌ടറുടെ ഹിജാബ്‌ താഴ്‌ത്തിയത്‌. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമമങ്ങളില്‍ വ്യാപകമായി വൈറലായിരുന്നു. ഹിജാബ്‌ മാറ്റാന്‍ നിതീഷ്‌ ആദ്യം ആംഗ്യം കാണിക്കുകയും യുവതി പ്രതികരിക്കുന്നതിനു മുമ്പ്‌ നിതീഷ്‌ ഹിജാബ്‌ വലിച്ചു താഴ്‌ത്തുകയുമായിരുന്നു.

Ads by Google
Thursday 18 Dec 2025 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW