-->
മുംബൈ: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാപാര യുദ്ധം തുടരുന്നതിനിടയിലും, നവംബറില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ 20 ശതമാനം വര്‍ധന. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയാണു വര്‍ധനയ്‌ക്കു പ്രധാന കാരണം.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളില്‍നിന്ന് കയറ്റുമതി സംരക്ഷിക്കാന്‍ പല രാജ്യങ്ങളും ബുദ്ധിമുട്ടുമ്പോഴാണ് ഇന്ത്യ നേട്ടം കൊയ്‌തത്. റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിനു പ്രതികാരമായി ഇന്ത്യയുടെ മേല്‍ 25 ശതമാനം അധിക താരിഫ് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. അതോടെ ആകെ തീരുവ 50 ശതമാനമായി ഉയര്‍ന്നിരുന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ശക്‌തമായ ഡിമാന്‍ഡും പുതിയ കയറ്റുമതി വിപണികള്‍ കണ്ടെത്താനുള്ള തന്ത്രവുമാണ് ഈ വളര്‍ച്ചയ്‌ക്ക് കാരണം. അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് മറ്റ് രാജ്യങ്ങളും സമാനമായ തന്ത്രങ്ങള്‍ സ്വീകരിക്കുന്നു.
2025 നവംബറില്‍ ഇന്ത്യയുടെ ഉല്‍പ്പന്ന കയറ്റുമതിയുടെ മൂല്യം 3813 കോടി ഡോളറാ(ഏകദേശം 344,440 കോടി രൂപ)യിരുന്നു. അത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 19.4 ശതമാനം കൂടുതലാണ്. ഒക്‌ടോബറില്‍ 11.8 ശതമാനം ഇടിഞ്ഞ് 3438 കോടി ഡോളറായിരുന്ന കയറ്റുമതിയിലെ തിരിച്ചുവരവായിരുന്നു ഇത്.
സ്വര്‍ണം, എണ്ണ, കല്‍ക്കരി തുടങ്ങിയവയുടെ ഇറക്കുമതി 1.88 ശതമാനം കുറഞ്ഞതും ഇന്ത്യയുടെ വ്യാപാര കമ്മി ഏകദേശം 2450 കോടി ഡോളറായി(ഏകദേശം 221,318 കോടി രൂപ) കുറയാന്‍ സഹായിച്ചു. ഇത് ജൂണിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കാണ്. ഒക്‌ടോബറില്‍ വ്യാപാര കമ്മി 4168 കോടി ഡോളറായി വര്‍ധിച്ചിരുന്നു.വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ശക്‌തമായ കയറ്റുമതിക്ക് കാരണം പ്രധാനമായും എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ്.പുതിയ താരിഫുകള്‍ നിലവിലിരിക്കെയും, അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നവംബറില്‍ 22 ശതമാനം വര്‍ധിച്ച് ഏകദേശം 700 കോടി ഡോളറായി(63,233 കോടി രൂപ).എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ്, ജൂവലറി, രത്നം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഏറ്റവും മികച്ച കയറ്റുമതി മേഖലകള്‍. 'താരിഫുകള്‍ നിലവിലിരിക്കെയും ഇന്ത്യ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ കരുത്ത് കാട്ടി'- വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതി 90 ശതമാനം വര്‍ധിച്ച് 220 കോടി ഡോളറായി(19,873. കോടി രൂപ). ഇലക്‌ട്രോണിക്‌സ്, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വലിയ വര്‍ധന ചൈനയുടെ ഇന്ത്യന്‍ ഇറക്കുമതി ഗണ്യമായി ഉയര്‍ത്തി.
സ്‌പെയിന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും വളര്‍ച്ചയ്‌ക്ക് സഹായിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്‌തമാക്കി.
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് കയറ്റുമതി വര്‍ധിച്ചു. ഈ ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്ക് താരിഫുകളില്‍നിന്ന് ഒഴിവാക്കലുണ്ട്. കൂടാതെ, ചായ, കാപ്പി, സുഗന്ധവ്യഞ്‌ജനങ്ങള്‍, മറ്റ് ഭക്ഷ്യവസ്‌തുക്കള്‍ എന്നിവയും ഒഴിവാക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇവയെല്ലാം ഇന്ത്യക്ക് നേട്ടമായി. കഴിഞ്ഞ വര്‍ഷം ഇന്ത്യ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലന്‍ഡ്, ലിച്ചെന്‍സ്‌റ്റീന്‍ എന്നിവരുമായി വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു, ഇതിലൂടെ നിക്ഷേപം തിരികെ ലഭിക്കുന്നതിനായി വിപണികള്‍ പരസ്‌പരം ബന്ധിപ്പിച്ചു.മെക്‌സിക്കോയുടെ താരിഫ് നയങ്ങളെ നേരിടാനും പുതിയ കയറ്റുമതി ഇടനാഴികള്‍ സൃഷ്‌ടിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.
മെക്‌സിക്കോയുടെ സെനറ്റ് ബുധനാഴ്‌ച ഇന്ത്യയില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നുമുള്ള ഇറക്കുമതിക്ക് ജനുവരി മുതല്‍ 50 ശതമാനം വരെ താരിഫ് വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കി. ഇത് യു.എസിനെ പ്രീണിപ്പിക്കാനാണെന്നാണു സൂചന. നവംബറില്‍ രൂപയുടെ മൂല്യം ദുര്‍ബലമായതും കയറ്റുമതി വര്‍ധിച്ചു. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞത്, ഇന്ത്യന്‍ കയറ്റുമതിയുടെ വിലയുടെ മത്സരശേഷിയില്‍ താരിഫുകള്‍ ഉണ്ടാക്കിയ പ്രതികൂല ഫലങ്ങളെ ഭാഗികമായി നികത്തി. യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ, മറ്റ് ഏഷ്യന്‍ വിപണികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക് കാറുകള്‍, അപൂര്‍വ ലോഹങ്ങള്‍ എന്നിവയുടെ ശക്‌തമായ ഡിമാന്‍ഡ്, താരിഫ യുദ്ധം കാരണം അമേരിക്കയിലേക്കുള്ള കയറ്റുമതിയിലുണ്ടായ കുറവ് നികത്തി.