Friday, March 13, 2026 Last Updated 36 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.32 PM

പാരാമൗണ്ടിന്റെ 108 ബില്യണ്‍ ഡോളര്‍ വാഗ്‌ദാനം നിരസിച്ച്‌ വാര്‍ണര്‍ ബ്രദേഴ്‌സ്

വാഷിങ്‌ടണ്‍: പാരാമൗണ്ട്‌ സ്‌കൈഡാന്‍സ്‌ മുന്നോട്ടുവച്ച 108.4 ബില്യണ്‍ ഡോളറിന്റെ(ഏകദേശം 9,79,578 കോടി രൂപ) ഏറ്റെടുക്കല്‍ വാഗ്‌ദാനം നിരസിച്ച്‌ വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി. പാരാമൗണ്ടിന്റെ ഏറ്റെടുക്കല്‍ നീക്കം തള്ളണമെന്ന്‌ ഓഹരി ഉടമകളോടും വാര്‍ണര്‍ ബ്രദേഴ്‌സ് ആവശ്യപ്പെടും.കരാറിന്‌ എങ്ങനെ ധനസഹായം ലഭിക്കും എന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ ചൂണ്ടിക്കാട്ടിയാണ്‌ ഓഫര്‍ നിരസിക്കുന്നത്‌.
വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കുമെന്നു നെറ്റ്‌ഫ്ളിക്‌സ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു പാരാമൗണ്ടിന്റെ നീക്കം.
വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സിനിമ, സ്‌ട്രീമിങ്‌ ബിസിനസുകള്‍ 72 ബില്യണ്‍ ഡോളറിന്‌(650,642 കോടി രൂപ) ഏറ്റെടുക്കുമെന്നായിരുന്നു നെറ്റ്‌ഫ്ളിക്‌സ് അറിയിച്ചിരുന്നത്‌. ഇതു സംബന്ധിച്ച്‌ ഇരു കമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്‌. ഇതിലും ഉയര്‍ന്ന തുക വാഗ്‌ദാനംചെയ്‌തുകൊണ്ടായിരുന്നു പാരാമൗണ്ടിന്റെ നീക്കം.അതിനിടെ, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങാനുള്ള പിന്തുണയുമായി രംഗത്തുണ്ടായിരുന്ന അഫിനിറ്റി പാര്‍ട്‌നേഴ്‌സ് പിന്‍മാറി. ശക്‌തരായ രണ്ടു കമ്പനികളുടെ മത്സരം ചൂണ്ടിക്കാട്ടിയാണു നടപടി. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ മരുമകനും യു.എസ്‌. ബിസിനസുകാരനുമായ ജറേദ്‌ കുഷ്‌നെര്‍ സ്‌ഥാപിച്ചതാണ്‌ അഫിനിറ്റി.
ഈ മാസം അഞ്ചിനാണ്‌ തങ്ങളുടെ സിനിമ, സ്‌ട്രീമിങ്‌ ബിസിനസുകള്‍ നെറ്റ്‌ഫ്ളിക്‌സിനു വില്‍ക്കാന്‍ തീരുമാനിച്ചെന്ന്‌ വാണര്‍ബ്രദേഴ്‌സ് അറിയിച്ചത്‌.
ഇതിനു പിന്നാലെയാണ്‌ ടെലിവിഷന്‍ ശൃംഖലകള്‍ ഉള്‍പ്പെടെ മൊത്തം കമ്പനിയെ ഏറ്റെടുക്കാനായി പാരാമൗണ്ട്‌ പുതിയ ഓഫര്‍ മുന്നോട്ടുവച്ചത്‌. ട്രംപുമായി അടുപ്പമുള്ള ശതകോടീശ്വരരായ എല്ലിസണ്‍ കുടുംബത്തിന്റെ പിന്തുണയോടെയാണ്‌ പാരാമൗണ്ട്‌ പ്രവര്‍ത്തിക്കുന്നത്‌.

Ads by Google
Wednesday 17 Dec 2025 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW