-->
മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ ടൂര്‍ണമെന്റിനിടെ മുപ്പതുകാരനായ കബഡി താരം വെടിയേറ്റ് മരിച്ചു രണ്ട് ദിവസത്തിനുശേഷം, പ്രധാന പ്രതി ഹര്‍പിന്ദര്‍ എന്ന മിദ്ദു പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
തരണ്‍ ജില്ലയിലെ നൗഷെഹ്ര പന്നുവാന്‍ നിവാസിയാണ് ഹര്‍പിന്ദര്‍. ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവയ്‌പ്പില്‍ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.
നിരവധി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഹര്‍പിന്ദര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്‌ച വൈകുന്നേരം മൊഹാലിയിലെ സോഹാന പ്രദേശത്തെ ബേദ്വാന്‍ സ്‌പോര്‍ട്‌സ്ക്ല ബില്‍ നടന്ന കബഡി ടൂര്‍ണമെന്റിനിടെയാണ് കബഡിതാരവും പ്രമോട്ടറുമായ കന്‍വര്‍ ദിഗ്വിജയ് സിങ്ങിന് (റാണ ബാലചൗരിയ) വെടിയേറ്റത്. ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി അറിയിച്ചു.ബാലചൗരിയയ്‌ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമി നിരവധി തവണ വെടിയുതിര്‍ത്തു. ഇതോടെ ജനക്കൂട്ടം പകച്ച് ഓടി. വെടിവയ്‌പു നടത്തിയ സംഘത്തിലെ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പിറ്റേന്നു പോലീസ് വ്യക്‌തമാക്കിയിരുന്നു. അമൃത്സര്‍ നിവാസികളായ ആദിത്യ കപൂര്‍, മഖന്‍, ഡിഫോള്‍ട്ടര്‍ കരണ്‍ എന്ന കരണ്‍ പഥക് എന്നിവരായിരുന്നു മറ്റ് രണ്ടുപേര്‍. കൊലപാതകം ആസൂത്രണം ചെയ്‌ത സംഘവുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നെന്നും പോലീസ് വെളിപ്പെടുത്തി.കബഡി ടൂര്‍ണമെന്റുകളില്‍ ആധിപത്യം സ്‌ഥാപിക്കാന്‍ സംഘം ആഗ്രഹിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം ജഗ്ഗു ഭഗവാന്‍പുരിയയുമായി ഹര്‍പിന്ദറിനു ബന്ധമുണ്ടായിരുന്നെന്നും സംഘം സംശയിച്ചതായാണ് പോലീസ് അനുമാനം.