-->
അഡിസ് അബാബ: പ്രാദേശിക സമാധാനം, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയും എത്യോപ്യയും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ നീതിയുക്‌തവും സമത്വപൂര്‍ണവും സമാധാനപരവുമായ ഒരു ലോകത്തിനായി ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും എത്യോപ്യന്‍ പാര്‍ലമെന്റിന്റെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധനചെയ്‌തുകൊണ്ട് മോദി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളെ എത്യോപ്യന്‍ പ്രാദേശിക ഭാഷയില്‍ അഭിസംബോധന ചെയ്‌തുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. മോദി അഭിസംബോധന ചെയ്യുന്ന ലോകത്തിലെ 18-ാമത് പാര്‍ലമെന്റാണിത്.
' എത്യോപ്യ സിംഹങ്ങളുടെ നാടാണ്. എന്റെ എന്റെ മാതൃസംസ്‌ഥാനമായ ഗുജറാത്തും സിംഹങ്ങളുടെ ആവാസ കേന്ദ്രമായതിനാല്‍ ഇവിടെ എത്തിയപ്പോള്‍ എനിക്കു വീട്ടിലെത്തിയതുപോലെയാണു തോന്നുന്നത്. ആഫ്രിക്കയുടെ ഒരു നല്‍ക്കവലയിലാണ് കവലയിലാണ് എത്യോപ്യ സ്‌ഥിതി ചെയ്യുന്നത്. ഇന്ത്യ, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്തും. പ്രാദേശിക സമാധാനം, സുരക്ഷ, പരസ്‌പര ബന്ധം എന്നിവയില്‍ നമ്മള്‍ സ്വാഭാവിക പങ്കാളികളാണ്. ഈ വര്‍ഷം ആദ്യം പ്രതിരോധ സഹകരണ കരാര്‍ ഒപ്പിട്ടതോടെ പരസ്‌പര സുരക്ഷയോടുള്ള നമ്മുടെ പ്രതിബദ്ധത കൂടുതല്‍ ശക്‌തമായി. കൂടുതല്‍ അടുത്ത സൈനിക സഹകരണത്തിലാണ് കരാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൈബര്‍ സുരക്ഷ, പ്രതിരോധ വ്യവസായങ്ങള്‍, സംയുക്‌ത ഗവേഷണം, ശേഷി വികസനം എന്നിവയിലുള്ള സഹകരണവും ഇതിലുള്‍പ്പെടും.'-മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനിടെ അമ്പതിലധികം തവണ പാര്‍ലമെന്റ് അംഗങ്ങള്‍ കൈയടിച്ചു. എത്യോപ്യയുടെ ധൈര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ അദ്വ വിജയ സ്‌മാരകത്തില്‍ മോദി പുഷ്‌പചക്രം അര്‍പ്പിച്ചു എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി മോദി ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇരുനേതാക്കളും പറഞ്ഞു.