-->
ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു പാര്‍വ്വതി ജയറാം. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം കരുത്തുറ്റ നായിക വേഷങ്ങളിലൂടെ പാര്‍വ്വതി തിളങ്ങിയിട്ടുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയവും വിവാഹവും. മലയാള സിനിമയുടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പ്രണയകഥകളില്‍ ഒന്നായിരുന്നു ഇത്. ഇവരുടെ മകന്‍ കാളിദാസ് അമ്മയുടെയും അച്ഛന്റെയും അഭിനയപാരമ്പര്യത്തിലൂടെ സിനിമയിലെത്തി. തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരപുത്രനാണ് കാളിദാസ്.
ഇപ്പോഴിതാ അഭിനേതാവും തന്റെ മകനുമായ കാളിദാസിന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ നേരുകയാണ് പാര്‍വ്വതി ജയറാം. ‘‘കണ്ണമ്മയ്ക്ക് ജന്മദിനാശംസകൾ...’’ എന്നാണ് പാര്‍വ്വതി മകനൊപ്പമുള്ള ചിത്രം കുറിച്ച് പങ്കിട്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയും പാര്‍വ്വതി ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
കാളിദാസിന്റെ ഏറ്റവും പുതിയ മലയാള ചിത്രം അച്ഛന്‍ ജയറാമിനൊപ്പമാണ്. 22 വർഷങ്ങൾക്ക് ശേഷമാണ് അച്ഛനും മകനും ഒരു സിനിമയില്‍ ഒരുമിച്ചഭിനയിക്കുന്നത്. ആശകൾ ആയിരം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിൽ ജയറാം- കാളിദാസ് കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ഒന്നാണ്.