-->
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, മോഹൻലാൽ, കലാഭവൻ മണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി സൂപ്പർ ഹിറ്റായി മാറിയ സിബി മലയില്‍ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. രഞ്ജിത്ത് തിരക്കഥയൊരുക്കിയ ഈ ചിത്രം മനോഹരമായ കഥ കൊണ്ടും, പാട്ടുകള്‍ കൊണ്ടും, സംഭാഷണങ്ങള്‍ കൊണ്ടുമൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു. 1998ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ എമോഷണൽ എവർഗ്രീൻ ക്ളാസിക്കാണ്.
പുത്തൻ സാങ്കേതിക മികവോടെ 27 വർഷങ്ങൾക്ക് ശേഷം സമ്മർ ഇൻ ബത്‌ലഹേമിന്റെ ഇന്ന് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. പ്രേക്ഷകരും വലിയ ആവേശത്തോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ എഐ ഇമേജാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഈ ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകള്‍ മീനാക്ഷി ദിലീപ്, മാധവ് സുരേഷ്, കാളിദാസ് ജയറാം എന്നിവരെ കാണാം. സിനിമയുടെ ക്ലൈമാക്സ് സീനാണ് ഈ താരപുത്രന്മാരും താരപുത്രിയും കൂടി സൂപ്പറാക്കിയിരിക്കുന്നത്. പണ്ട് തങ്ങളുടെ അച്ഛന്മാരും അമ്മയും ആ സീനില്‍ നല്‍കിയ അതേ എക്സ്പ്രെഷനിലാണ് ഇവരും എഐ ഇമേജില്‍ എത്തിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഈ ചിത്രം വൈറലായി. അടിപൊളി കമന്റുകളാണ് ഈ പോസ്റ്റിനു താഴെ വരുന്നത്. പ്രണവ് എവിടെയാണ് എന്ന കമന്റുകളാണ് അധികവും. ‘ജൂനിയര്‍ നിരഞ്ജന്‍- അപ്പു മോന്‍ എന്തിയേ, മീനൂട്ടിയും മാധവും കണ്ണനും സൂപ്പര്‍, അപ്പുവിനെ ശരിക്കും മിസ് ചെയ്യുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.
മലയാളത്തിലെ മികച്ച ഗസ്റ്റ് റോളിലൊന്നാണ് ചിത്രത്തിലെ നിരഞ്ജന്‍ എന്ന കഥാപാത്രമായി എത്തിയ മോഹന്‍ലാലിന്റേത്. അതുവരെ കൈയ്യടി നേടിയവരെയെല്ലാം അസ്ഥാനത്താക്കിയുള്ള പ്രകടനമായിരുന്നു മോഹന്‍ലാലിന്റേത്. വളരെ കുറഞ്ഞ സമയം കൊണ്ട് സിനിമയുടെ ജാതകം തിരുത്തുകയായിരുന്നു നിരഞ്ജന്‍. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ എത്തിയ മോഹന്‍ലാലിന്റെ നിരഞ്ജന്‍ സുരേഷ് ഗോപിക്കും ജയറാമിനും അപ്പുറം ചര്‍ച്ചയായി മാറി. ആമി മാത്രമല്ല അതുപോലെ തന്നെ ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രമായി നിരഞ്ജനും മാറി. ഇന്നതിന്റെ റി റിലീസ് ദിനത്തില്‍ ഈ എഐ വേര്‍ഷനും വൈറലാകുകയാണ്.