-->
മുത്തമഴൈ പാട്ട് വൈറലായതിന് പിന്നാലെയാണ് കഴിഞ്ഞ ഏഴ് വർഷം ചിന്മയ് ശ്രീപദ എന്ന ഗായികയെ എന്തിന് വിലക്കി എന്ന വാർത്തകൾ വീണ്ടും സജീവമായത്. മീ ടൂ വെളിപ്പെടുത്തലിന്റെ പേരില്‍ ഏഴ് വര്‍ഷത്തോളം സിനിമാ, സംഗീത ലോകത്ത് നേരിട്ടത് കടുത്ത അനീതിയാണെന്ന് ചിന്മയി പറഞ്ഞിട്ടുണ്ട്. ആരോപണം ഉയര്‍ത്തിയതിന്റെ പേരില്‍ താന്‍ ഒരു പാട്ടുകാരി ആണെന്നത് പോലും മായ്ച്ചുകളയപ്പെട്ടുവെന്നും ഗുരുക്കരന്മാരായി കരുതിയവർ ഒറ്റപ്പെടുത്തിയെന്നും ചിന്മയി പറഞ്ഞിട്ടുണ്ട്. എന്നാല്‍ മണി രത്നത്തിന്റെ കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിലെ വൈറൽ ഗാനത്തിലൂടെ ചിന്മയി തിരിച്ചു വന്നു.
ഇപ്പോഴിതാ തന്റെ ദുഷ്‌കരമായ ഭൂതകാലത്തെക്കുറിച്ചും തന്നെ രൂപപ്പെടുത്തിയ യാത്രയെക്കുറിച്ചും തുറന്നുപറയുകയാണ് ചിന്മയി ശ്രീപദ. ഇപ്പോള്‍ കിട്ടുന്ന അംഗീകാരത്തില്‍ ഓവര്‍ സന്തോഷമില്ലെന്നും എല്ലാം മുന്‍പ് കിട്ടിയ അടികള്‍ മുങ്ങിപ്പോയെന്നും പറയുകയാണ് ചിന്മയി.
‘‘ഞാൻ നന്ദിയുള്ളവളാണ്. ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞ് ചിന്മയി പാടുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്നത്, ഇക്കഴിഞ്ഞ ഏഴു വര്‍ഷമായിട്ട് ഞാന്‍ ഇങ്ങനെ തന്നെയാണ് പാടുന്നത് എന്നാണ്. അതിനു മുമ്പും ഇങ്ങനെ തന്നെയാണ് പാടിയിരുന്നത്. പുതിയതായി ഒന്നുമില്ല. അത് രസകരമായിരുന്നു, പക്ഷേ ഞാൻ കടന്നുപോയത് വളരെ വലുതാണ്. ഈ ഏഴു വര്‍ഷത്തില്‍ ഞാന്‍ വാങ്ങിയ അടികള്‍, അബ്യൂസുകള്‍, ബഹിഷ്കരണം എല്ലാം കിട്ടിയത് എന്റെ കുടുംബം എന്ന് ഞാന്‍ കരുതിയിരുന്ന എന്റെ കമ്മ്യൂണിറ്റിയില്‍ നിന്നാണ്. അടിസ്ഥാനപരമായി പാട്ടു സമൂഹം, സംഗീത സമൂഹമാണത് ചെയ്തത്. ഞാനൊരു തെറ്റും ചെയ്യാതിരുന്നിട്ടും എന്നെ ഒതുക്കിവച്ച സ്പേസ് ഇപ്പോഴുമുണ്ട്. ഞാൻ ഇപ്പോഴും അതിനെ നേരിടുന്ന വ്യക്തിയാണ്. എന്റെ പേരെടുത്ത് പറയാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്.
കുറച്ചൊക്കെ മാറിയിട്ടുണ്ടെങ്കിലും ഇന്നുമത് ഉണ്ട്. അതുകൊണ്ടു തന്നെ ഈ പോപ്പുലാരിറ്റിയില്‍ ഞാനൊരുപാട് സന്തോഷിക്കുന്നില്ല, ഓവറായ ഹാപ്പിനെസ്സ് ഒന്നുമില്ല. എല്ലാക്കാര്യങ്ങള്‍ക്കൊപ്പവുമുള്ള ഒരു കാര്യം മാത്രമാണ്. കാരണം അതിനു മുമ്പ് വലിയ അടികള്‍ കിട്ടിയിട്ടുണ്ട്. ഇതു പറയുന്നതിന് വലിയ വിഷമമുണ്ട്, എങ്കിലും അതാണ് സത്യം. ഒരു കംബാക്ക് ഇയറെന്ന് വേണമെങ്കില്‍ പറയാം, അത്രേയുള്ളൂ...’’ ചിന്മയി പറയുന്നു.
കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കിയ തഗ് ലൈഫിലെ എആർ റഹ്‌മാൻ സംഗീതം നല്‍കിയ ഗാനങ്ങള്‍ എല്ലാം ഹിറ്റായിരുന്നു.
സിനിമയില്‍ ധീ പാടിയ ‘മുത്ത മഴൈ’ എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ധീയ്ക്ക് പകരം ചിന്മയി ആയിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. ഈ വേർഷൻ തുടർന്ന് വലിയ വൈറലാകുകയും ചെയ്തിരുന്നു. അതിനെക്കുറിച്ചും ചിന്മയി മനസുതുറക്കുന്നുണ്ട്.
‘‘റഹ്‌മാൻ സാറിന്റെ കോണ്‍സെർട്ടില്‍ പാടാൻ വിളിച്ചാല്‍ അതിന്റെ എല്ലാ എക്സൈറ്റ്മെന്റും എനിക്ക് ഉണ്ടാകും. കാരണം ഞാൻ ഒരു വലിയ റഹ്‌മാൻ ഫാൻ ആണ്. മുത്ത മഴൈ എന്ന ഗാനം പാടാൻ പോകുന്നതിന്റെ സമയത്ത് തലേദിവസം ഇവന്റ് ക്യാൻസല്‍ ആയി എന്ന് വിളിച്ച് പറഞ്ഞു. പടത്തിലും ആ പാട്ടില്ല അതുകൊണ്ട് എന്നോട് വരണ്ട എന്നും പറഞ്ഞു. നേരത്തെ തന്നെ ആ ഗാനം തെലുങ്കിലും ഹിന്ദിയിലും ഞാൻ പാടിയിരുന്നു. ആദ്യം തമിഴ് ഉള്‍പ്പെടെ മൂന്ന് ഭാഷയിലും ഞാൻ ആയിരുന്നു പാടേണ്ടിയിരുന്നത് അവസാനം അതും ക്യാൻസല്‍ ആയി.
എല്ലാം കൂടി ചേർന്ന് അവസാനം ആ പാട്ട് ഞാൻ പാടുമ്പോള്‍ ഒരു എക്സൈറ്റ്മെന്റ് എനിക്ക് ഇല്ലായിരുന്നു. ആ പാട്ട് അത്രയും വൈറല്‍ ആകുമെന്ന് ഞാൻ കരുതിയില്ല. എന്തൊക്കെ ആയാലും തമിഴ് സിനിമയ്ക്ക് ഞാൻ ഒരു ബാൻ ചെയ്യപ്പെട്ട ഗായികയും ആർട്ടിസ്റ്റുമാണ്. ആ പാട്ടില്‍ നിന്ന് ഞാൻ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടാകാം അത് അത്രയും ഹിറ്റായത്...’’ ചിന്മയി പറയുന്നു.
കമല്‍ഹാസനും മണിരത്‌നവും വർഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ‘തഗ് ലൈഫ്’ ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. പക്ഷേ ആ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ തിയേറ്ററുകളില്‍ നിന്നും ലഭിച്ചു. ഗ്യാങ്‌സ്റ്റര്‍ സിനിമകളില്‍ കാലങ്ങളായി കണ്ടുവരുന്ന ക്ലീഷേകള്‍ കുത്തി നിറച്ച ഇതിന്റെ തിരക്കഥ ഏറെ പഴഞ്ചനാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം. മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ പട്ടികയില്‍ തഗ് ലൈഫ് മുന്നിലുണ്ടാകുമെന്നാണ് ഒടിടി റിലീസിനു ശേഷം പല പ്രേക്ഷകരും കുറിച്ചത്.
മുടക്കുമുതല്‍ പോലും നേടാതെയാണ് ചിത്രം തിയേറ്റർ വിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസില്‍ നിന്നും 50 കോടി പോലും ചിത്രം നേടിയില്ല. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.