Wednesday, March 11, 2026 Last Updated 27 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.37 PM

വെടിവയ്‌പ്പില്‍ ഐ.എസ്‌. ബന്ധം: കൊല്ലപ്പെട്ട ഭീകരന്‍ ഇന്ത്യക്കാരന്‍; കൂട്ടാളി ഓസ്‌ട്രേലിയക്കാരന്‍ മകന്‍

uploads/news/2025/12/816349/int1.jpg

സിഡ്‌നി/ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ആള്‍ക്കൂട്ടത്തിനുനേരേ വെടിയുതിര്‍ത്ത്‌ 15 പേരെ കൊലപ്പെടുത്തിയ രണ്ട്‌ ഭീകരരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍. തെലങ്കാനയിലെ ഹൈദരാബാദ്‌ സ്വദേശിയായ സാജിദ്‌ അക്രം (50), ഓസ്‌ട്രേലിയക്കാരനായ മകന്‍ നവീദ്‌ അക്രം (24) എന്നിവരാണ്‌ അക്രമികള്‍. സാജിദ്‌ പോലീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. നവീദ്‌ ഗുരുതരപരുക്കുകളോടെ ചികിത്സയിലാണ്‌.
ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐ.എസ്‌) ഭീകരസംഘടനയില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട്‌ നടത്തിയ ആക്രമണമാണ്‌ സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂതവംശജരുടെ ഉത്സവാഘോഷത്തിനിടെ നടന്നതെന്നാണ്‌ ഓസ്‌ട്രേലിയന്‍ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അക്രമികളിലൊരാളായ സാജിദ്‌ 1998 നവംബറിലാണ്‌ വിദ്യാര്‍ത്ഥി വിസയില്‍ ഹൈദരാബാദില്‍നിന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ കുടിയേറിയതെന്ന്‌ തെലങ്കാന ഡി.ജി.പി. വ്യക്‌തമാക്കി. ഇയാള്‍ക്ക്‌ ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ട്‌. ഹൈദരാബാദില്‍നിന്ന്‌ ബി.കോം. ബിരുദം നേടിയ സാജിദ്‌ 27 വര്‍ഷമായി ഓസ്‌ട്രേലിയയിലാണ്‌. നാട്ടിലുള്ള കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ഇന്ത്യയില്‍ ഇയാള്‍ക്കു ഭീകരസംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. 2022-ലാണ്‌ ഒടുവില്‍ ഹൈദരാബാദിലെത്തിയത്‌. സാജിദിന്റെ മകനും മകളും ജന്മംകൊണ്ട്‌ ഓസ്‌ട്രേലിയന്‍ പൗരന്മാരാണ്‌. ഹൈദരാബാദില്‍നിന്നുള്ള ബന്ധുക്കള്‍ക്ക്‌ സാജിദ്‌ അക്രമുമായി യാതൊരു ബന്ധവുമില്ലെന്ന്‌ തെലങ്കാന പോലീസ്‌ അറിയിച്ചു. 'സാജിദ്‌ ഹൈദരാബാദില്‍നിന്ന്‌ ഓസ്‌ട്രേലിയയിലെത്തിയശേഷം ഒരു ക്രിസ്‌ത്യന്‍ വനിതയെ വിവാഹം കഴിച്ചു. പിന്നീട്‌ കുടുംബവുമായുള്ള ബന്ധം അയാള്‍ ഉപേക്ഷിച്ചു'- സാജിദിന്റെ സഹോദരന്‍ അറിയിച്ചു.
സാജിദിന്റെ പിതാവ്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സൗദി അറേബ്യയില്‍നിന്ന്‌ തിരിച്ചെത്തിയ ശേഷം ഹൈദരാബാദില്‍ അപ്പാര്‍ട്ട്‌മെന്റ്‌ വാങ്ങി. ഈ സമയത്താണ്‌ സാജിദ്‌ 1998 ല്‍ വിദ്യാര്‍ഥി വിസയില്‍ ഓസ്‌ട്രേലിയയിലേക്ക്‌ പോയത്‌. ഹൈദരാബാദില്‍ തിരിച്ചെത്തിയ സാജിദ്‌ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വന്നിരുന്നെന്നും, സ്വത്ത്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ സഹോദരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായെന്നും തെലങ്കാന പോലീസ്‌ അറിയിച്ചു. 2017-ല്‍ പിതാവ്‌ മരിച്ചപ്പോള്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍പോലും സാജിദ്‌ എത്തിയില്ല. ഓസ്‌ട്രേലിയയില്‍ യൂറോപ്യന്‍ വംശജയായ വെനേറ ഗ്രോസ്സോയെ വിവാഹം കഴിച്ച സാജിദിന്‌ അവരില്‍ ജനിച്ച മകനാണ്‌ നവീദ്‌. ബോണ്ടിയില്‍ നടന്നത്‌ ഐ.എസില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട ഭീകരാക്രമണമാണെന്ന്‌ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ്‌ കമ്മിഷണര്‍ ക്രിസ്സി ബാരെറ്റ്‌ വ്യക്‌തമാക്കി. നവീദിന്റെ പേരിലുള്ള വാഹനം പിടിച്ചെടുത്ത പോലീസ്‌ അതില്‍ സ്‌ഫോടകവസ്‌തുക്കളും ഐ.എസ്‌. പതാകകളും കണ്ടെത്തി. ഒരുമാസം മുമ്പ്‌ സാജിദും മകനും ഫിലിപ്പീന്‍സിലേക്കു നടത്തിയ യാത്രയെക്കുറിച്ചും അന്വേഷണം നടക്കുന്നു. കഴിഞ്ഞ നവംബര്‍ ഒന്നിന്‌ ഫിലിപ്പീന്‍സിലെത്തിയ ഇരുവരും 28-നാണ്‌ മടങ്ങിയതെന്ന്‌ അവിടുത്തെ ഇമിഗ്രേഷന്‍ ബ്യൂറോ അധികൃതര്‍ സ്‌ഥിരീകരിച്ചു.
ഈ യാത്രയില്‍ സാജിദ്‌ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും നവീദ്‌ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുമാണ്‌ ഉപയോഗിച്ചത്‌. ഫിലിപ്പീന്‍സിലെ ദവായോ നഗരത്തിലാണ്‌ ഇരുവരും ഒടുവില്‍ താമസിച്ചത്‌. തുടര്‍ന്ന്‌ സിഡ്‌നിയിലേക്കു മടങ്ങി. മിന്‍ഡനാവോ ദ്വീപിലെ വന്‍നഗരമായ ദവായോയുടെ തെക്ക്‌, പടിഞ്ഞാറ്‌ മേഖലകളില്‍ ഐ.എസിനു സ്വാധീനമുണ്ടായിരുന്നു. ഫിലിപ്പീന്‍സില്‍ സാജിദിനും മകനും ഭീകരപരിശീലനം ലഭിച്ചതായി ഇപ്പോള്‍ സ്‌ഥിരീകരിക്കാനാവില്ലെന്നു സൈനികവൃത്തങ്ങള്‍ വ്യക്‌തമാക്കി. ദശാബ്‌ദങ്ങളായുള്ള സൈനികനടപടിയിലൂടെ മേഖലയിലെ ഭീകരസംഘടനകള്‍ ദുര്‍ബലമായിട്ടുണ്ട്‌. നിലവില്‍ വിദേശഭീകരസംഘടനകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ഫിലിപ്പീന്‍സ്‌ സൈന്യം വ്യക്‌തമാക്കി.

Ads by Google
Tuesday 16 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW