-->
കോട്ടയം: അപമാനിച്ചുവിട്ട യുഡിഎഫിലേക്ക് ഇനിയില്ലെന്ന് തീര്‍ത്തുപറഞ്ഞ് കേരളാകോണ്‍ഗ്രസ് (എം) . എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാര്‍ട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജോസ് കെ മാണിയുമായി കോണ്‍ഗ്രസ് ചര്‍ച്ചയ്ക്കായി ഒരുങ്ങുമ്പോഴാണ് പുതിയ വിവരം പുറത്തുവരുന്നത്.
തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടുന്ന രീതി നിലവില്‍ ഇല്ലെന്നാണ് കേരളാകോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുന്നണി വിടാന്‍ ആയിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു. തോല്‍ക്കുമ്പോള്‍ പോകാനായിരുന്നെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുന്നണി വിടണമായിരുന്നു. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് പാര്‍ട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്. പാര്‍ട്ടിയുശട അടിത്തറ ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ അനുകൂല നിലപാട് എടുക്കുന്നതെന്നും നേതാക്കള്‍ പറയുന്നു.
ജോസ് കെ മാണിയുടെ കേരളാകോണ്‍ഗ്രസിനെ എത്തിക്കുന്നതിനേക്കുറിച്ച് വലിയചര്‍ച്ചകള്‍ യുഡിഎഫില്‍ നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തെ അതൃപ്തരായ മുന്നണികളെ മുഴുവന്‍ യുഡിഎഫില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. എന്നാല്‍ കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് ജോസ് കെ മാണിയേയും കേരളാകോണ്‍ഗ്രസിനെയും യുഡിഎഫില്‍ എത്തിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നത..