Wednesday, March 11, 2026 Last Updated 33 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.33 PM

ഹോങ്കോങ്‌ മാധ്യമപ്രവര്‍ത്തകന്‍ ജിമ്മി ലായ്‌ കുറ്റക്കാരന്‍

ഹോങ്കോങ്‌: ജനാധിപത്യ അനുകൂല പ്രചാരകനും മാധ്യമ വ്യവസായിയുമായ ജിമ്മി ലായ്‌(78) ദേശീയ സുരക്ഷാ നിയമം (എന്‍.എസ്‌.എല്‍.) പ്രകാരം കുറ്റക്കാരനാണെന്ന്‌ ഹോങ്കോങ്‌ കോടതി. അടുത്ത വര്‍ഷം ആദ്യം ശിക്ഷ വിധിക്കുമെന്നും ജീവപര്യന്തം തടവ്‌ ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. യു.കെ. പൗരനായ അദ്ദേഹം 2020 ഡിസംബര്‍ മുതല്‍ ജയിലിലാണ്‌.
ഹോങ്കോങ്ങിലും ചൈനയിലും ഉപരോധം ഏര്‍പ്പെടുത്താന്‍ വേണ്ടി വിദേശ സര്‍ക്കാരുകളെ പ്രേരിപ്പിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി ലായ്‌ തന്റെ ആപ്പിള്‍ ഡെയ്‌ലി പത്രം ഉപയോഗിച്ചെന്നാണു കോടതി നിരീക്ഷണം. ചൈനയോട്‌ ജിമ്മി ലായ്‌ വിദ്വേഷം വളര്‍ത്തിയിരുന്നതായി സംശയമില്ലെന്ന്‌ വിധി പ്രസ്‌താവിക്കവേ ജഡ്‌ജി എസ്‌തര്‍ തോ പറഞ്ഞു. എന്നാല്‍, തനിക്കെതിരായ എല്ലാ കുറ്റങ്ങളും ലായ്‌ കോടതിയില്‍ നിഷേധിച്ചു, ഹോങ്കോങ്ങിലെ വിദേശനയത്തെ സ്വാധീനിക്കാന്‍ തന്റെ വിദേശ ബന്ധങ്ങള്‍ 'ഒരിക്കലും' ഉപയോഗിച്ചിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ചൈനീസ്‌ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളായ ലായ്‌, 2019-ല്‍ ഹോങ്കോങ്ങില്‍ പടര്‍ന്ന ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളിലെ ഒരു പ്രധാന വ്യക്‌തിയായിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന പ്രക്ഷോഭങ്ങളെ എന്‍.എസ്‌.എല്‍. പ്രകാരം പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുകയാണ്‌ ചൈന ചെയ്‌തത്‌. പോലീസുമായുള്ള ഏറ്റുമുട്ടല്‍ അക്രമാസക്‌തമാകുകയും ചെയ്‌തതു.
ഹോങ്കോങ്‌ നിയമസഭയുമായി കൂടിയാലോചിക്കാതെയാണ്‌ എന്‍.എസ്‌.എല്‍. നിയമം നടപ്പാക്കിയത്‌. നഗരത്തിന്റെ ക്രമസമാധാനത്തിനോ സര്‍ക്കാരിന്റെ സ്‌ഥിരതയ്‌ക്കോ ഭീഷണിയാണെന്ന്‌ കരുതുന്ന ആളുകളെ കുറ്റം ചുമത്താനും ജയിലിലടയ്‌ക്കാനും അധികാരികള്‍ക്ക്‌ വിശാലമായ അധികാരങ്ങള്‍ നല്‍കുന്നതാണ്‌ എന്‍.എസ്‌.എല്‍. എന്‍.എസ്‌.എല്‍. ലംഘിക്കാന്‍, പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ ടാബ്ലോയിഡ്‌ ആപ്പിള്‍ ഡെയ്‌ലിയിലൂടെ ലായ്‌ ആഹ്വാനം ചെയ്‌യെന്ന്‌ ആരോപിക്കപ്പെട്ടു. ജനാധിപത്യ അനുകൂല പ്രസ്‌ഥാനങ്ങളുടെ മാതൃകയെന്നാണ്‌ ആപ്പിള്‍ ഡെയ്‌ലി പത്രം വിശേഷിക്കപ്പെടുന്നത്‌. നിലവില്‍ പ്രസിദ്ധീകരണം നിലച്ചിരിക്കുകയാണ്‌.

Ads by Google
Monday 15 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW