Wednesday, March 11, 2026 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.33 PM

ത്രിരാഷ്‌ട്ര സന്ദര്‍ശനം; മോദി ജോര്‍ദാനില്‍

അമ്മാന്‍: ത്രിരാഷ്ര്‌ട സന്ദര്‍ശനത്തിന്റെ ആദ്യ പടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോര്‍ദാനിലെത്തി. ഇന്ത്യാ-ജോര്‍ദാന്‍ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ്‌ പ്രധാനമന്ത്രി ജോര്‍ദാനിലെത്തിയത്‌. തലസ്‌ഥാനമായ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസന്‍ സ്വീകരിച്ചു.
ജോര്‍ദാന്‍ രാജാവ്‌ അബ്‌ദുള്ള രണ്ടാമന്റെ ക്ഷണപ്രകാരമാണ്‌ മോദിയുടെ സന്ദര്‍ശനം. ഇന്ന്‌ അബ്‌ദുള്ള രാജാവടക്കമുള്ള പ്രമുഖരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ജോര്‍ദാനിലെ ഇന്ത്യന്‍ പ്രവാസികളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്താനും പദ്ധതിയുണ്ട്‌. 17,500 ഓളം ഇന്ത്യന്‍ പ്രവാസികള്‍ ജോര്‍ദാനിലുണ്ടെന്നാണ്‌ കണക്കുകള്‍.
1947-ലാണ്‌ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്‌ഥാപിച്ചത്‌. നിലവില്‍ ജോര്‍ദാന്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ്‌ ഇന്ത്യ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 208 കോടി ഡോളറായിരുന്നു. ജോര്‍ദാനില്‍ വിവിധ മേഖലകളില്‍ 100 കോടി ഡോളറിന്റെ നിക്ഷേപവും ഇന്ത്യ നടത്തിയിട്ടുണ്ട്‌.
ജോര്‍ദാനില്‍നിന്ന്‌ ഇന്നു തന്നെ പ്രധാനമന്ത്രി ഏത്യോപ്യയിലേക്ക്‌ യാത്രതിരിക്കും. ആഫ്രിക്കന്‍ യൂണിയന്റെ ആസ്‌ഥാനമായ അഡിസ്‌ അബാബയില്‍ അദ്ദേഹം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ്‌ അലിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
തുടര്‍ന്ന്‌ ഇവിടെ നിന്ന്‌ ഡിസംബര്‍ 17 ന്‌ ഒമാനിലേക്ക്‌ തിരിക്കും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ ക്ഷണപ്രകാരമാണ്‌ പ്രധാനമന്ത്രി ഒമാനിലേക്ക്‌ പോകുന്നത്‌.
പ്രധാനമന്ത്രിയുടെ ഒമാനിലെ രണ്ടാമത്തെ സന്ദര്‍ശനമാണിത്‌. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്‌ഥാപിച്ചതിന്റെ 70-ാം വാര്‍ഷികം പ്രമാണിച്ചാണ്‌ ഇത്തവണത്തെ സന്ദര്‍ശനം.

Ads by Google
Monday 15 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW