Wednesday, March 11, 2026 Last Updated 31 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.34 PM

ഓസ്‌ട്രേലിയയില്‍ ഭീകരാക്രമണം ,വെടിവയ്‌പ്പില്‍ 12 മരണം; ഒരു അക്രമിയെ വധിച്ചു

uploads/news/2025/12/815960/int1.jpg

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ജൂതമതസ്‌ഥരുടെ ആഘോഷച്ചടങ്ങിനിടെ രണ്ട്‌ അക്രമികള്‍ നടത്തിയ വെടിവയ്‌പ്പില്‍ 12 മരണം. സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ വൈകിട്ട്‌ 7.47-നാണ്‌ (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ 2.17) സംഭവം. അക്രമികളില്‍ ഒരാളെ പോലീസ്‌ വധിച്ചു. പോലീസ്‌ ഉദ്യോഗസ്‌ഥരടക്കം ഒട്ടേറെപ്പേര്‍ക്ക്‌ പരുക്കേറ്റു. നടന്നതു ഭീകരാക്രമണമാണെന്ന്‌ ഉന്നത പോലീസ്‌ അധികൃതര്‍ വ്യക്‌തമാക്കി.
സംഭവസ്‌ഥലത്തെ ദൃശ്യങ്ങള്‍ നടുക്കുന്നതാണെന്ന്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസ്‌ പ്രതികരിച്ചു. പോലീസും ദ്രുതകര്‍മസേനയും സ്‌ഥലത്തുണ്ട്‌. ന്യൂ സൗത്ത്‌ വെയ്‌ല്‍സ്‌ ഭരണകൂടവുമായി ബന്ധപ്പെട്ട്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി വരുകയാണെന്നും ജനം പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.അക്രമികളില്‍ ഒരാള്‍ സിഡ്‌നി താമസമാക്കിയ നവീദ്‌ അക്രമാണെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചു. നഗരപ്രാന്തത്തിലെ ബോണിറിഗ്ഗിലുള്ള ഇയാളുടെ വസതിയില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തി. അക്രമിയുടെ കാറില്‍ സ്‌ഫോടകവസ്‌തു കണ്ടെത്തിയതായി പോലീസ്‌ വ്യക്‌തമാക്കി. പോലീസിന്റെ പ്രത്യാക്രമണത്തില്‍ വെടിയേറ്റ രണ്ടാമത്തെ അക്രമിയുടെ നില ഗുരുതരമാണ്‌. ജനക്കൂട്ടത്തിനു നേരേ വെടിയുതിര്‍ത്ത അക്രമികള്‍ കറുപ്പ്‌ വസ്‌ത്രങ്ങളാണ്‌ ധരിച്ചിരുന്നത്‌. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ജൂത ഉത്സവമായ 'ഹനുക്കാ'യുടെ ഒന്നാംദിവസം രാത്രിയാണ്‌ അക്രമമുണ്ടായത്‌. ഉത്സവത്തിനു തുടക്കം കുറിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനുപേര്‍ കടല്‍ത്തീരത്ത്‌ ഒത്തുകൂടിയിരുന്നു. അക്രമികള്‍ പ്രധാനമായി കുട്ടികളെയും പ്രായമായവരെയുമാണ്‌ ലക്ഷ്യമിട്ടതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരില്‍ ചിലര്‍ക്കു മറ്റുള്ളവര്‍ പ്രഥമശുശ്രൂഷ നടത്തുന്നതും സംഭവസ്‌ഥലത്ത്‌ കാണാമായിരുന്നു.സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പ്രതിപക്ഷനേതാവ്‌ സൂസന്‍ ലേ അഗാധദുഃഖം രേഖപ്പെടുത്തി. പോലീസിന്റെയും മറ്റ്‌ അധികൃതരുടെയും നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിക്കണമെന്ന്‌ അവര്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു. ആക്രമണത്തിന്‌ ഇരയായ ജൂതവംശജരായ പൗരന്മാരെ രാജ്യം ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും ഓസ്‌ട്രേലിയക്കാരെന്ന നിലയില്‍ എല്ലാവരും ഈ ഹീനപ്രവൃത്തിക്കെതിരേ ഒന്നിച്ചുനില്‍ക്കണമെന്നും പ്രതിപക്ഷനേതാവ്‌ പറഞ്ഞു.
സംഭവത്തെ അപലപിച്ച ഓസ്‌ട്രേലിയന്‍ ജൂത അസോസിയേഷന്‍ ആല്‍ബനീസ്‌ ഭരണകൂടത്തിനെതിരേ ആരോപണമുന്നയിച്ചു. രാജ്യത്തെ ജൂതവംശജര്‍ ഭാവിയെക്കുറിച്ച്‌ ആശങ്കാകുലരാണെന്ന്‌ അസോസിയേഷന്‍ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ആക്രമണസാധ്യതയെക്കുറിച്ച്‌ ആല്‍ബനീസ്‌ ഭരണകൂടം പലവട്ടം മുന്നറിയിപ്പ്‌ നല്‍കിയിരുന്നെങ്കിലും ജൂതവംശജരെ സംരക്ഷിക്കാന്‍ മതിയായ സുരക്ഷാനടപടികള്‍ കൈക്കൊണ്ടില്ലെന്ന്‌ അസോസിയേഷന്‍ കുറ്റപ്പെടുത്തി.

Ads by Google
Sunday 14 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW