-->
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഒക്‌ടോബര്‍ 7 കൂട്ടക്കൊലയുടെ ശില്‍പ്പികളില്‍ ഒരാളെന്നു കരുതപ്പെടുന്ന റാദ് സാദാണു കൊല്ലപ്പെട്ടത്. ഹമാസിന്റെ ഖസാം ബ്രിഗേഡുകളിലെ പ്രധാനിയാണ് ഇയാളെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്‌തമാക്കി. ശനിയാഴ്‌ചയായിരുന്നു ആക്രമണമെന്നും ഐ.ഡി.എഫ് സ്‌ഥിരീകരിച്ചു.
ഹമാസിനുവേണ്ടി ആയുധങ്ങള്‍ പുനഃസ്‌ഥാപിക്കാനും നിര്‍മിക്കാനുമുള്ള ശ്രമങ്ങളില്‍ സാദ് ഏര്‍പ്പെട്ടിരുന്നതായാണ് ഇസ്രയേലിന്റെ അവകാശവാദം. ഹമാസ് സൈനിക മേധാവി ഇസ് അല്‍-ദിന്‍ ഹദ്ദാദിന്റെ ഡെപ്യൂട്ടിയായി കണക്കാക്കപ്പെടുന്ന ഇയാള്‍ ഗ്രുന്റെ ആയുധ ഉത്‌പാദന ആസ്‌ഥാനത്തിന്റെ തലവനായിരുന്നുവെന്നാണ് വിശദീകരണം. സാദിനെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു വാഹനം പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ ദൃശ്യവും ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടിട്ടുണ്ട്. റാഷിദ് തീരദേശ റോഡിലൂടെ നീങ്ങുകയായിരുന്ന വാഹനത്തില്‍ മറ്റ് മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവരില്‍ എല്ലാവരുംതന്നെ കൊല്ലപ്പെട്ടതായി ഇസ്രയേലി ഉദ്യോഗസ്‌ഥര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇസ്രയേല്‍ സേനയെ ആക്രമിക്കാന്‍ സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ സമീപ ആഴ്‌ചകളില്‍ ഹമാസ് നടത്തിയിരുന്നതായി ഐ.ഡി.എഫ് പ്രസ്‌താവനയില്‍ പറയുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ്. സ്വന്തം പ്രവര്‍ത്തനശേഷി പുനര്‍സൃഷ്‌ടിക്കാനുള്ള ഹമാസിന്റെ ശ്രമങ്ങള്‍ ഇസ്രയേല്‍ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഐ.ഡി.എഫ് കൂട്ടിച്ചേര്‍ത്തു. ''ഹമാസിന്റെ സേനാവളര്‍ച്ചയ്‌ക്കു നേതൃത്വം നല്‍കിയ ഭീകരനാണു സാദ്. ഇയാളുടെ ഉന്മൂലനം ഭീകരത പുനഃസ്‌ഥാപിക്കാനുള്ള ഹമാസിന്റെ കഴിവിനെ ഗണ്യമായി കുറയ്‌ക്കും. ഗാസയില്‍ അവശേഷിക്കുന്ന പരിചയസമ്പന്നനായ ഹമാസ് കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നു സാദ്. ഗാസ സിറ്റി ബ്രിഗേഡ് സ്‌ഥാപിക്കല്‍, കമാന്‍ഡ് ചെയ്യല്‍, ഹമാസിന്റെ നാവികസേന സ്‌ഥാപിക്കല്‍ എന്നിവയിലുള്‍പ്പെടെ മുമ്പ് ഇയാള്‍ പങ്കാളിത്തം വഹിച്ചിരുന്നു. പിന്നീട് ഹമാസിന്റെ ഓപ്പറേഷന്‍സ് ആസ്‌ഥാനത്തിന്റെ തലവനായും സേവനമനുഷ്‌ഠിച്ചു.'' ഇസ്രയേല്‍ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
ഒക്‌ടോബര്‍ 7 ആക്രമണങ്ങള്‍ക്ക് അടിസ്‌ഥാനമായതായി ഇസ്രായേല്‍ അധികാരികള്‍ പറയുന്ന 'ജെറീക്കോ മതില്‍' പദ്ധതി വികസിപ്പിക്കുന്നതില്‍ റാദ് സാദിന് പ്രധാന പങ്കാളിത്തമുണ്ടാലയിരുന്നു. ആയുധനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ യുദ്ധസമയത്ത് ആയുധങ്ങളുടെ ഉത്‌പാദനം പുനഃസ്‌ഥാപിക്കാനും ശ്രമങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ പറയുന്നു. ഗാസയിലെ പോരാട്ടത്തിനിടെ നിരവധി ഇസ്രയേലി സൈനികരുടെ മരണത്തിനിടയാക്കിയത് ഇയാളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്‌ഫോടകവസ്‌തുക്കളാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിലും സാദ് നേരിട്ട് പങ്കാളിയായെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നു. ഗാസയില്‍ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് രണ്ട് ഇസ്രായേല്‍ സൈനികര്‍ക്കു പരിക്കേറ്റതിനെത്തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സും വ്യോമാക്രമണത്തിന് അംഗീകാരം നല്‍കുകയായിരുന്നു.