-->
ന്യൂഡല്‍ഹി: തിരുവനന്തപുരം കോര്‍പറേഷനിലെ എന്‍.ഡി.എ. വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയും. കേരളരാഷ്‌ട്രീയത്തിലെ വഴിത്തിരിവാണിതെന്നു വിശേഷിപ്പിച്ച മോദി, ബി.ജെ.പി. പ്രവര്‍ത്തകരുടെ പരിശ്രമത്തിനു നന്ദി പറഞ്ഞു. ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരുവനന്തപുരത്ത് ദൃശ്യമായതെന്നു ശശി തരൂരും പ്രതികരിച്ചു. കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ ബി.ജെ.പിക്കേ കഴിയൂവെന്ന ജനവിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. 45 വര്‍ഷത്തെ ഇടതുഭരണക്കുത്തക അവസാനിപ്പിച്ചാണ് ബി.ജെ.പി. തലസ്‌ഥാനനഗരം പിടിച്ചെടുത്തത്.
തലമുറകളായി ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിവന്ന കഠിനാധ്വാനവും നേരിട്ട യാതനകളും അനുസ്‌മരിക്കാനുള്ള അവസരം കൂടിയാണിതെന്നു മോദി 'എക്‌സി'ല്‍ കുറിച്ചു. പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ശക്‌തി. അവരുടെ പ്രതിബദ്ധതയിലും സമര്‍പ്പണത്തിലും പാര്‍ട്ടി അഭിമാനിക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയേയും എന്‍.ഡി.എയേയും പിന്തുണച്ച കേരളത്തിലെ വോട്ടര്‍മാര്‍ക്കും മോദി നന്ദി പറഞ്ഞു. എല്‍.ഡി.എഫിനും യു.ഡി.എഫിനുമിടയില്‍ പെട്ടുപോയ കേരളീയര്‍ മികച്ച ഭരണത്തിനുള്ള ഒരേയൊരു സാധ്യതയായി ബി.ജെ.പിയെ കണ്ടു. അവസരസമത്വം സൃഷ്‌ടിക്കുന്ന വികസിതകേരളമാണ് എന്‍.ഡി.എയുടെ ലക്ഷ്യമെന്നും മോദി വ്യക്‌തമാക്കി.
അതേസമയം, യു.ഡി.എഫ്. വിജയത്തെ അഭിനന്ദിച്ച ശശി തരൂര്‍ എം.പി, തിരുവനന്തപുരത്തെ ബി.ജെ.പിയുടെ വിജയത്തെയും പ്രശംസിച്ചു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്‌ഥാനത്തടക്കം ദൃശ്യമായതെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. 'തിരുവനന്തപുരത്തെ ബി.ജെ.പിയുടെ ചരിത്രപരമായ വിജയവും അംഗീകരിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ അവരുടെ പ്രധാന വിജയത്തിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. തലസ്‌ഥാനത്തിന്റെ രാഷ്‌ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമായ മാറ്റം അടയാളപ്പെടുത്തുന്ന ശക്‌തമായ പ്രകടനമാണ് ബി.ജെ.പി. നടത്തിയത്. നഗരസഭയിലെ 45 വര്‍ഷത്തെ എല്‍.ഡി.എഫ്. ദുരന്തഭരണത്തില്‍ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നല്‍കിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മൊത്തത്തില്‍ യു.ഡി.എഫിനും എന്റെ മണ്ഡലത്തില്‍ ബി.ജെ.പിയും നേടിയ ജനവിധി ആദരിക്കപ്പെടണം'- തരൂരിന്റെ കുറിപ്പില്‍ പറയുന്നു.