-->
കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി പങ്കെടുത്ത പരിപാടി ആള്‍ക്കൂട്ട അതിക്രമം മൂലം അലങ്കോലമായതില്‍ ക്ഷമ ചോദിച്ച് പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മെസിയോടും ആരാധകരോടും കായികപ്രേമികളോടും മാപ്പപേക്ഷിച്ച മമത, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ജസ്‌റ്റിസ് അഷിംകുമാര്‍ റേയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ മെസിയെ കൊല്‍ക്കത്തയിലെത്തിച്ച മമത സര്‍ക്കാരിന്, പരിപാടി അലങ്കോലമായതു വന്‍തിരിച്ചടിയായി. ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ഫുട്‌ബോള്‍ സൂപ്പര്‍താരം ഇന്നലെ രാവിലെയാണ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യപരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെത്തിയത്. നഗരത്തില്‍ സ്വന്തം പ്രതിമ അനാഛാദനം ചെയ്‌തശേഷം സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തിയ മെസിയെ ഒരുനോക്ക് കാണാന്‍ ആരാധകസമുദ്രം ആര്‍ത്തിരമ്പി.
ആള്‍ക്കൂട്ടനിയന്ത്രണത്തിലെ പിഴവുമൂലം, 3500 മുതല്‍ 14,000 രൂപവരെ മുടക്കി ടിക്കറ്റ് എടുത്തവര്‍ക്കുപോലും താരത്തെ കാണാനായില്ല. ഇതോടെ ക്ഷുഭിതരായ നൂറുകണക്കിന് ആരാധകര്‍ മൈതാനം കൈയേറി. കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു.
സ്‌റ്റേഡിയത്തിലെ അടിസ്‌ഥാനസൗകര്യങ്ങളെല്ലാം തകര്‍ക്കപ്പെട്ടു. പോലീസ് നിസ്സഹായരായി. കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെ മെസിയെ സംഘാടകര്‍ സ്‌റ്റേഡിയത്തില്‍നിന്നു മാറ്റി. പരിപാടി വെട്ടിച്ചുരുക്കിയതിനാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ചലച്ചിത്രതാരം ഷാരുഖ് ഖാന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി തുടങ്ങിയവര്‍ക്കു പങ്കെടുക്കാനായില്ല.
സ്‌റ്റേഡിയത്തില്‍ അരമണിക്കൂര്‍ മാത്രമാണ് മെസിയുടെ സാന്നിധ്യം നിശ്‌ചയിച്ചിരുന്നത്. സ്‌റ്റേഡിയത്തിലേക്കുള്ള യാത്രയ്‌ക്കിടെ സംഭവമറിഞ്ഞ മുഖ്യമന്ത്രി മമത, മെസിയോടും ആരാധകരോടും മാപ്പപേക്ഷിക്കുകയായിരുന്നു.
റിട്ട. ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും അംഗങ്ങളാണ്. ഒരുകൂട്ടം തെമ്മാടികളുടെ അഴിഞ്ഞാട്ടം മൂലം കൊല്‍ക്കത്തയ്‌ക്കാകെ അപമാനമുണ്ടായെന്നു ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.
എന്നാല്‍, തൃണമൂല്‍ നേതാക്കള്‍ ചുറ്റും കൂടിയതിനാലാണ് ആരാധകര്‍ക്കു മെസിയെ കാണാന്‍ കഴിയാതിരുന്നതെന്നു ബി.ജെ.പി. ആരോപിച്ചു. മെസിയെപ്പോലൊരു ആഗോളതാരം എത്തിയിട്ടും കൃത്യമായ ആസൂത്രണത്തോടെ സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.
ഒരു പരിപാടി സംഘടിപ്പിക്കാന്‍ പോലും കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് മമതയെന്നും ബി.ജെ.പി. വക്‌താവ് ഷെഹ്‌ബാസ് പൂനാവാല കുറ്റപ്പെടുത്തി. സംഭവം വന്‍നാണക്കേടായെന്നും കായികമന്ത്രി രാജിവയ്‌ക്കണമെന്നും ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത മാളവ്യ ആവശ്യപ്പെട്ടു.
എന്നാല്‍, സ്വയം പ്രതിരോധിക്കാതെ, സംഘാടകരെ പഴിച്ച് തലയൂരാനാണ് തൃണമൂല്‍ ശ്രമിച്ചത്. ആരാധകരുടെ രോഷം ന്യായീകരിക്കാവുന്നതാണെന്നും പാര്‍ട്ടി നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു.