Friday, March 13, 2026 Last Updated 47 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.44 PM

കിളിമഞ്ചാരോയില്‍ നിന്നൊരു മലയാളി വിജയഗാഥ

uploads/news/2025/12/815813/sun1.jpg

കഴിഞ്ഞ മഞ്ഞുകാലത്തായിരുന്നു അവര്‍ നടന്നു തുടങ്ങിയത്‌. അമേരിക്കയില്‍ ചുവടുറപ്പിച്ച ഒരു സംഘം മലയാളികള്‍; ഭൂലോകലോകത്തിനു കുടപിടിക്കുന്ന കിളിമഞ്ചാരോ കൊടുമുടി കീഴടക്കാനായി. അതീവ ശ്രമകരമായ യാത്രയ്‌ക്കൊടുവില്‍ അവര്‍ ആ നേട്ടം എത്തിപ്പിടിക്കുക തന്നെ ചെയ്‌തു.
ആ സാഹസിക യാത്ര അവര്‍ ഓര്‍മിച്ചെടുക്കുന്നു...
അമേരിക്കയില്‍ ജോലിചെയ്യുന്ന കുറച്ചു മലയാളികളുടെ സൗഹൃദക്കൂട്ടായ്‌മയായിരുന്നു അത്‌. ഗൂഗിള്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലീഡ്‌ ആയ ശ്രീജ ശ്രീദേവി, മെറ്റാ സീനിയര്‍ റിക്രൂട്ടര്‍ ആയിരുന്ന ഹീരാ പിള്ള, ട്രാന്‍സ്‌ ബേ എലിവേറ്റര്‍ ഓഫിസ്‌ മാനേജര്‍ രേണുക എമ്പ്രാന്തിരി, ആപ്പിള്‍ എന്‍ജിനീയറിങ്‌ മാനേജര്‍ അനില്‍ ചന്ദ്രന്‍, ലിങ്ക്‌റ്റ്-ഇന്‍ ഫിനാന്‍സ്‌ ട്രാന്‍സ്‌ഫമേഷന്‍ മാനേജര്‍ എസ്‌. രമിതാ രാമാനന്ദ്‌, സി.വി. മെഡിക്കല്‍ സെന്റര്‍ ആപ്ലികേഷന്‍ കോര്‍ഡിനേറ്റര്‍ നീബ കുര്യന്‍, ബി.ഡി. സിസ്‌റ്റം വെരിഫികേഷന്‍ സയന്റിസ്‌റ്റ് നെസ്സി ആന്റണി എന്നിവര്‍. 'പൂക്കള്‍സ്‌' എന്ന പച്ചമലയാളം പേരിട്ട സംഘത്തിലെ കൂട്ടുകാരില്‍ മിക്കവരും കോവിഡ്‌ കാലത്ത്‌ കാലിഫോര്‍ണിയയില്‍ ആയിരുന്നു താമസം. ചെറുതും വലുതുമായ ഒട്ടേറെ കുന്നുകള്‍ ഉണ്ട്‌ അവിടെ. കോവിഡ്‌ ഒറ്റപ്പെടല്‍ സമയത്ത്‌ അവര്‍ മലകയറാന്‍ പോയിരുന്നു.
ആ പേരിനു പിന്നിലുണ്ട്‌ ഒരു കഥ. പൂക്കള്‍സ്‌ ടീം ആദ്യം അവതരിപ്പിച്ച നൃത്തം 'അന്‍വര്‍' എന്ന ചിത്രത്തിലെ 'കിഴക്കു പൂക്കും' എന്ന പാട്ടിന്റെ താളത്തിലായിരുന്നു. പ്രാക്‌ടീസ്‌ തുടങ്ങുമ്പോള്‍ ഗ്രൂപ്പിന്‌ പേരില്ല. ഈ പാട്ടില്‍ ലയിച്ചപ്പോള്‍ താനേ ഉയര്‍ന്നു വന്നതാണ്‌ പൂക്കള്‍സ്‌ എന്നത്‌ .
'തുടക്കത്തില്‍ ഞങ്ങളുടെ ഗ്രുപ്പിന്റെ പൊതു താല്‍പര്യം നൃത്തം ആയിരുന്നു.' വലിയൊരു നേട്ടത്തിന്റെ ആഹ്ലാദപ്പെരുക്കത്തോടെ പൂക്കള്‍സ്‌ ടീം പറഞ്ഞു തുടങ്ങി.
അന്‍പത്‌ വയസെത്തുന്നു എന്ന്‌ കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ ഹീര പിള്ള മാത്രമല്ല കൂടെയുള്ള എല്ലാവരും ഒരു നിമിഷം ഒന്ന്‌ അമ്പരന്നു നിന്നു. നാല്‍പതുകളിലാണ്‌ കൂട്ടത്തിലെ ബാക്കി മിക്കവരും.
തീരെ ചെറുപ്പത്തിലൊക്കെ അമ്പതു വയസെന്നു കേട്ടാല്‍ തീര്‍ത്തും പ്രായമായ ആളായിട്ട്‌ കണ്ടിരുന്ന ഓര്‍മ. ഇനി നമ്മളും രോഗങ്ങളുടെയും വയ്യായ്‌കളുടെയും ലോകത്തേക്കാണോ എത്തിപ്പെടുന്നത്‌ എന്ന അങ്കലാപ്പ്‌.
അങ്ങനെ പറ്റില്ലല്ലോ. ഈ പിറന്നാള്‍ നമുക്ക്‌ ഗംഭീരമായി ആഘോഷിക്കണം എന്ന തീരുമാനമാനത്തില്‍ നിന്നായിരുന്നു തുടക്കം. പിറന്നാളുകാരിയായ ശ്രീജ തന്നെയാണ്‌ 'നമുക്ക്‌ കിളിമഞ്ചാരോ കൊടുമുടിയുടെ നെറുകയിലാക്കിയാലോ ആഘോഷം?' എന്ന നിര്‍ദേശം മുന്നോട്ടു വച്ചത്‌. അതായത്‌ സമുദ്രത്തില്‍ നിന്നും 19340 അടി ഉയരത്തില്‍. അതിനു മുന്‍പും ചെറിയ മലകള്‍ കയറുക എന്ന സാഹസികത കൂട്ടുകാര്‍ക്കിടയില്‍ നിലനിന്നിരുന്നതുകൊണ്ട്‌ ആരും ഞെട്ടിയതുമില്ല.
കിളിമഞ്ചാരോ കീഴടക്കുക എന്ന ലക്ഷ്യം മുന്നില്‍ വന്നതോടെ ഗ്രൂപ്പ്‌ ആകെ ഉഷാറായി. അങ്ങകലെ വടക്ക്‌ കിഴക്കന്‍ ടാന്‍സാനിയയിലെ ഒരു നിഷ്‌ക്രിയ അഗ്നിപര്‍വതമാണ്‌ കിളിമഞ്ചാരോ. 'തിളങ്ങുന്ന മലനിര' എന്നാണ്‌ കിളിമഞ്ചാരോ എന്ന 'സ്വാഹിലി' വാക്കിന്റെ അര്‍ത്ഥം. 5,895 മീറ്റര്‍ ഉയരമുള്ള ഉഹ്‌റു കൊടുമുടിയാണ്‌ കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇതാണ്‌. കിബോ, മാവെന്‍സി, ഷിറ എന്നീ മൂന്ന്‌ വ്യത്യസ്‌ത അഗ്നിപര്‍വത കോണുകള്‍ ചേര്‍ന്നാണ്‌ കിളിമഞ്ചാരോ രൂപപ്പെട്ടിരിക്കുന്നത്‌.
തിളങ്ങുന്ന മലനിരകളുടെ ആകര്‍ഷണീയതയ്‌ക്കും മേലെയാണ്‌ അങ്ങോട്ടേക്ക്‌ എത്തിച്ചേരുമ്പോള്‍ പ്രതീക്ഷിക്കേണ്ട ദുര്‍ഘടങ്ങള്‍. ഉയരം കൂടുമ്പോള്‍ ഉണ്ടാകാവുന്ന അക്യൂട്ട്‌ മൗണ്ടന്‍ സിക്ക്‌നെസ്സ്‌ ഇവിടെയും വില്ലനായേക്കാം. ശ്വാസകോശങ്ങളില്‍ വെള്ളം കെട്ടുക, തലച്ചോറിന്‌ നീര്‍വീക്കം ഉണ്ടാവുക, ഡീഹൈഡ്രേഷന്‍, അണുബാധ... അങ്ങനെ നീണ്ട മുന്നറിയിപ്പുകള്‍. ഏറ്റവും വേണ്ടത്‌ ശാരീരിക ക്ഷമതയാണ്‌. ആഴ്‌ചകളോളം നീണ്ട പ്രാക്‌ടീസ്‌ വഴിയേ അത്‌ നേടിയെടുക്കാന്‍ കഴിയൂ. ആഹാരം എപ്പോഴും സന്തുലിതമായിരിക്കണം, പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുമ്പോള്‍ മസില്‍ ശക്‌തിപ്പെടുന്നു.
''ഞാന്‍ എന്റെ ബാക്‌പായ്‌ക് ബാഗില്‍ 15 പൗണ്ട്‌ മാത്രം എടുത്ത്‌, 10 കിലോ വെയ്‌റ്റ് ബാഗിലിട്ട്‌ കുടിക്കാനുള്ള വെള്ളവുമെടുത്ത്‌ ഹൈക്കിങ്ങിനു പോയിത്തുടങ്ങി. അതൊരു ട്രെയിനിങ്‌ ആയിരുന്നു, കിളിമഞ്ചാരോ കയറാനായുള്ള തയ്യാറെടുപ്പിന്റെ.'' ഹീരാ പിള്ള പറയുന്നു.
ആവശ്യമുള്ള സാധങ്ങള്‍ എല്ലാംതന്നെ ആ ബാഗിലായിരിക്കും. മാറാനുള്ള രണ്ടു ജോടി വസ്‌ത്രം, ആഹാരം, നാലു ലിറ്ററോളം വെള്ളം, ജാക്കറ്റ്‌ ഇതെല്ലാം ബാക്‌പായ്‌ക്കില്‍ ഇട്ടുകൊണ്ടാണ്‌ നടക്കേണ്ടത്‌. അതിനാല്‍ ആദ്യം നടുവിന്റെ ശക്‌തിയാണ്‌ എപ്പോഴും ശ്രദ്ധിക്കേണ്ടത്‌. അതായത്‌ ക്ഷമ, സഹനശക്‌തി എന്നിവയെല്ലാം വേണം.
ഒരു വര്‍ഷത്തോളം എല്ലാവരും ഇതിനായിത്തന്നെ പരിശീലനങ്ങള്‍ ചെയ്‌തു തുടങ്ങി. അവസാനത്തെ മൂന്നു നാലു മാസം ഹൈക്കിങ്‌ മാത്രമായി പരിശീലിക്കാന്‍ തുടങ്ങി. ഉയരത്തിലേക്കുള്ള കയറ്റത്തില്‍ പ്രധാനമായും ഓക്‌സിജന്റെ കുറവു മൂലമുണ്ടാകുന്ന ശ്വാസതടസ്സങ്ങള്‍ ആണ്‌ പ്രശ്‌നം സൃഷ്‌ടിക്കുക. അതിനൊപ്പം ഓക്കാനം, വയറിളക്കം, ക്ഷീണം, തലവേദന എന്നിവയെയും ഭയക്കണം. പോകുന്നതിനു മുന്‍പേ ഡോക്‌ടറെ കണ്ട്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ വാങ്ങണം. ധാരാളം വെള്ളം കുടിക്കണം, ശരീരം എപ്പോഴും ജലാംശം നിറഞ്ഞതാക്കി വയ്‌ക്കണം. ശ്വാസം, വെള്ളം ഇതു രണ്ടിനെയും ചുറ്റിപ്പറ്റിയാണ്‌ പ്രധാന പ്രശ്‌നങ്ങള്‍ ഉയരുക. ചിലരില്‍ വിശപ്പില്ലായ്‌മയും കണ്ടുവരാറുണ്ട്‌. ആദ്യമായി മാനസികമായും ശാരീരികമായും തയാറെടുക്കണം.
എല്ലാവരും ജോലി ചെയ്യുന്നവരായതിനാല്‍ പ്ലാനിങ്‌ ആയിരുന്നു ഏറ്റവും പ്രധാനം. അവധിയെടുക്കണം. ജോലിക്കിടയില്‍ തന്നെ പരിശീലനമടക്കമുള്ള തയാറെടുപ്പുകള്‍ നടത്തണം. വീട്ടില്‍നിന്നു മാറി നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടും ചിന്തകളും എല്ലാവര്‍ക്കും തന്നെയുണ്ടായിരുന്നു.
പര്‍വതം കയറുന്നതിന്‌ രണ്ടു ദിവസം മുന്‍പ്‌ പുറപ്പെടുന്ന സ്‌ഥലത്ത്‌ എത്തണം. എങ്കിലേ യാത്രാ ക്ഷീണം മാറി ഉണര്‍വോടെ ചുവടുകള്‍ വയ്‌ക്കാനാവൂ.
ഡിസംബര്‍ മുതല്‍ പര്‍വതാരോഹണത്തിനായുള്ള ബാക്കി തയാറെടുപ്പുകളായി. മുട്ടിനും കണങ്കാലിനും ഒക്കെ ശക്‌തികൂട്ടാനുള്ള എക്‌സര്‍സൈസുകളും മറ്റും ചെയ്‌തു തുടങ്ങി. പിന്നെ ഫെയ്‌സ്ബുക്കിലും മറ്റും കിളിമഞ്ചാരയില്‍ പോയവരുടെ ഗ്രൂപ്പുകളുടെ കുറിപ്പുകളും മറ്റും വായിച്ചു മനസ്സിലാക്കി. ഇതു സംബന്ധിച്ച യുട്യൂബ്‌ വീഡിയോകള്‍ കണ്ടു.
യാത്രയ്‌ക്കായി പ്രത്യേക സാധനങ്ങള്‍ തന്നെ വേണം. ഷൂസുകള്‍, ജാക്കറ്റുകള്‍ എന്നിവയെല്ലാം ഉയര്‍ന്ന നിലവാരമുള്ളതാവണം വാങ്ങുന്നത്‌. താറാവിന്റെ തൂവലുകള്‍ നിറച്ച ഡൗണ്‍ ജാക്കറ്റ്‌ വാങ്ങി. ഭാരം കുറവാണെന്നു മാത്രമല്ല, ശരീരത്തിനു ചൂടു നല്‍കുന്നതുമാണത്‌. സ്‌നോ ഗ്ലൗസ്‌, തല മൂടുന്ന ബീനീ ക്യാപ്പുകള്‍, മലകയറുമ്പോള്‍ കുത്തി നടക്കാനുള്ള പോളുകള്‍, ചെവി മറയ്‌ക്കുന്ന ബാലക്ലാവ, മെറീനോ കമ്പിളിയുടെ സോക്‌സ്, തെര്‍മല്‍ ജാക്കറ്റ്‌ പാന്റുകള്‍, റെയിന്‍ ജാക്കറ്റ്‌, റെയിന്‍ പാന്റ്‌ എന്നിവ വേണം. കൂടെ കരുതേണ്ട ബാക്ക്‌പായ്‌ക്കും ഡഫിള്‍ ബാഗും നിശ്‌ചിത ലിറ്റര്‍ അളവുള്ളതാകണം. ബാക്ക്‌ പായ്‌ക്കില്‍ ഒരു ദിവസത്തേക്കുള്ള സാധനങ്ങളും ഡഫിള്‍ ബാഗില്‍ എട്ടു ദിവസത്തേക്കുള്ളവയും ഉള്‍ക്കൊള്ളിക്കുന്നു.
യാത്ര, ഫൈ്ലറ്റ്‌ ടിക്കറ്റ്‌, താമസം, ഗൈഡുമാര്‍, ടൂര്‍ ഗ്രൂപ്പുകള്‍, ഹൈക്കിങ്‌ സാമഗ്രികള്‍ എന്നിവ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌ത് തീരുമാനിക്കാന്‍ നാലു മാസത്തോളം വേണ്ടി വന്നു.
യാത്ര അടുത്തു വന്നതോടെ 10 കിലോമീറ്റര്‍ എങ്കിലും മല കയറി പരിശീലിച്ചു. പല തരത്തിലുള്ള ഭൂപ്രദേശങ്ങളില്‍ ഇങ്ങനെ പരിശീലനം നടത്തി. ഇതുവഴി, മണ്ണ്‌, കല്ല്‌, മണല്‍ എന്നിങ്ങനെ പലതരത്തിലുള്ള പ്രതലങ്ങളുമായി പരിചയമായി.
വേറെയും തയാറെടുപ്പുകള്‍ ഉണ്ടായിരുന്നു. യാത്രയ്‌ക്ക് രണ്ടാഴ്‌ച മുന്‍പു മുതല്‍ ശ്രമകരമായ എക്‌സര്‍സൈസുകള്‍ ഒഴിവാക്കി. ആഹാരത്തില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ്‌ വര്‍ധിപ്പിച്ചു. ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം സംഭരിക്കാനായിരുന്നു അത്‌. ചില ദിവസങ്ങളീല്‍ 10,15 കിലോമീറ്റര്‍ ആവാം നടക്കുന്നത്‌. അതിനായുള്ള ശക്‌തി കാര്‍ബ്‌ ആഹാരങ്ങളില്‍ നിന്നുമാത്രമേ കിട്ടുകയുള്ളു.
അങ്ങനെ യാത്രയുടെ തുടക്കം കുറിച്ചുകൊണ്ട്‌ എല്ലാവരും ആഫ്രിക്കയിലേക്ക്‌ പുറപ്പെട്ടു. ഏഴോളം റൂട്ടുകള്‍ ഉണ്ട്‌ കിളിമഞ്ചാരോ കൊടുമുടിയില്‍ എത്തിച്ചേരാന്‍. വിജയസാധ്യതയിലും വഴിയോര കാഴ്‌ചകളുടെ മനോഹാരിതയിലും മുന്‍ നിരയിലുള്ള ലെമോഷോ റൂട്ടാണ്‌ 'പൂക്കള്‍സ്‌' തെരഞ്ഞെടുത്തത്‌. പര്‍വതത്തിന്റെ പടിഞ്ഞാറന്‍ ചെരിവിലൂടെയുള്ള യാത്രയാണത്‌. അന്നേവരെ കാണാത്ത മനോഹര കാഴ്‌ചകളും വഴിയില്‍ കാത്തു നിന്നിരുന്നു.
കിളിമഞ്ചാരയില്‍ പോകുമ്പോള്‍ ടാന്‍സാനിയിന്‍ ഗവണ്‍മെന്റ്‌ അംഗീകരിച്ച ഗൈഡുകള്‍ ഉണ്ടാവും. ഒരു അഡെ്വഞ്ചര്‍ കമ്പനിക്കൊപ്പം മാത്രമെ പോകാന്‍ അനുവദിക്കുകയുള്ളു. അതിനായി ശ്രീജ ഒരു ഹവായി അഡ്വഞ്ചര്‍ ഗ്രൂപ്പുമായി സംസാരിച്ചു. അവര്‍ ഗൈഡിനെ തന്നതിനൊപ്പം വളരെയധികം വിവരങ്ങളും തയാറെടുപ്പുകളും പറഞ്ഞു മനസ്സിലാക്കി. തുടക്കം മുതല്‍ ഗൈഡുമാര്‍ 'പോലെ പോലെ' എന്ന്‌ ടാന്‍സാനിയന്‍ ഭാഷയില്‍ പഞ്ഞുകൊണ്ടേയിരുന്നു. അതായത്‌ 'പതുക്കെ പതുക്കെ'. അവരുടെ മലയകയറാനുള്ള വേഗവും 'പതുക്കെ പതുക്കെ' എന്നതായിരുന്നു.
ആദ്യത്തെ ദിവസം തന്നെ ഗൈഡ്‌ വളരെ വിലപ്പെട്ട ഒരു ഉപദേശം നല്‍കി. ''മുകളിലേക്ക്‌ നോക്കി നടക്കാന്‍ പാടില്ല. താഴേക്ക്‌ മാത്രം നോക്കിയെ നടക്കാവൂ.'' കാരണം, മുകളിലോട്ടു നോക്കി നടന്നാല്‍, ഇനിയും താണ്ടാനുള്ള ദൂരം കണ്ട്‌ ആശങ്കയുണ്ടായേക്കാം. എന്നാല്‍ നമ്മുടെ ചുവടുകള്‍ മാത്രം ശ്രദ്ധിച്ച്‌ നടന്നാല്‍ അത്രമാത്രം ദൂരം ഒന്നുമില്ല എന്ന്‌ തോന്നിത്തുടങ്ങും.
3510 മീറ്റര്‍ ഉയരത്തിലുള്ള ഷീര വണ്‍ ക്യാമ്പില്‍ എത്തിയപ്പോഴേക്കും യാത്രാ സംഘം ഈ സാഹസത്തിന്റെ ഉത്സാഹത്തില്‍ ലയിച്ചു കഴിഞ്ഞിരുന്നു. സ്വന്തമായി ക്യാമ്പ്‌ കെട്ടുന്ന ആവേശവും ചൂടുള്ള ആഹാരത്തിന്റെ രുചിയും ഒപ്പം അവിടെയുള്ള തദ്ദേശീയരുടെ സ്വാഗത ഗാനത്തിന്റെയും നൃത്തത്തിന്റെയും ഊഷ്‌മളതയും ഒക്കെക്കൂടി ക്ഷീണമകറ്റി. 4161 മീറ്റര്‍ ഉയരത്തിലെ മോയോര്‍ ക്യാമ്പില്‍ പിറ്റേന്ന്‌ എത്തിച്ചേര്‍ന്നപ്പോഴേക്ക്‌ ഭൂമിയാകെ താഴെ വിടര്‍ന്നുകിടക്കുന്ന പരവതാനിപോലെ തോന്നിച്ചു. അവിടെനിന്നും കാണുന്ന ഉദയാസ്‌തമയങ്ങള്‍! മഞ്ഞിന്‍ പാളികളുടെ നേര്‍ത്ത ഇതളുകള്‍ പാറിനടക്കുന്ന കാഴ്‌ച. അങ്ങനെ അഞ്ചാം ദിവസം 3950 മീറ്റര്‍ ഉയരത്തിലുള്ളമുള്ള ബരാങ്കോ പ്രദേശത്ത്‌ എത്തി. ചെറിയ കല്ലുകളുള്ള ആ കുന്ന്‌, കുത്തി നടക്കാനുള്ള വടികളൊക്കെ മാറ്റിവച്ച്‌ വലിഞ്ഞു കയറുകയായിരുന്നു. 'ഒരു കുരങ്ങന്‍ ചാടുന്നതുപോലെ ചെറിയ ചെറിയ ചാട്ടങ്ങളായിരിക്കണം ആ യാത്ര' എന്ന്‌ ഗൈഡ്‌ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
എല്ലാവര്‍ക്കും തന്നെ ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു ഛര്‍ദിയും ആഹാരത്തിനോടുള്ള വിരക്‌തിയും ഉയരത്തിലേക്ക്‌ കയറുന്നതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്‌. ഇതൊക്കെ ഉണ്ടെങ്കിലും ഒരു രാത്രി കിടന്നുറങ്ങി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുതിയ ആവേശത്തോടെ അന്നത്തെ ദിവസം നടക്കാനായി എല്ലാവരും ഉത്സാഹത്തിലായിരുന്നു.
പല പാളികളായി ഉടുപ്പുകളും ജാക്കറ്റുകളും ഇട്ട്‌ തണുപ്പിനെ അകറ്റുക, കൃത്യമായി വെള്ളം കുടിക്കുക എന്നിങ്ങനെ പലതരം നിര്‍ബന്ധിത പ്രവൃത്തികള്‍ക്കിടയിലും കണ്ണിനു മുന്നില്‍ മഞ്ഞില്‍ വെട്ടിത്തിളങ്ങുന്ന താഴ്‌വര ശരിക്കും അലൗകികമായ കാഴ്‌ചയായിരുന്നു.
മനസില്‍ ഇത്രയേറെ ആഹ്ലാദമുണ്ടായിട്ടും ഇടയ്‌ക്കെല്ലാം ശരീരം 'മതി, ഇനി മതിയാക്കാം' എന്ന്‌ കലഹിച്ചുകൊണ്ടേയിരുന്നു.
അവസാന ദിവസത്തെ യാത്ര തുടങ്ങുന്നത്‌ രാത്രി 11 മണിക്ക്‌. ഏതാണ്ട്‌ എട്ടു മണിക്കൂറിന്റെ നടത്തത്തിനു ശേഷം സൂര്യോദയത്തോടെയാണ്‌ കൊടുമുടിയിലെത്തുന്നത്‌. അത്രയുംനേരം സ്വപ്‌നാടനം പോലെയാണ്‌ നടന്നത്‌. മൂടല്‍മഞ്ഞ്‌ കൂടുതലായിരുന്നതിനാല്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടും ആയിരുന്നു. കൂടുതല്‍ ഊര്‍ജം കിട്ടാനായി അധികം സംസാരിക്കാതെ നടക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ടാന്‍സാനിയക്കാരായ ടൂര്‍ ഗൈഡുകള്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. സംഘം ഉറങ്ങി വീഴാതിരിക്കാന്‍ അവര്‍ പാട്ടുപാടിക്കൊണ്‌ കൂടെനടന്നത്‌. ആ പാട്ടുകളുടെ താളലഹരിയില്‍ പതിയെ എല്ലാ വെല്ലുവിളികളോടും പടവെട്ടി 'പൂക്കള്‍സ്‌' ടീം എട്ടാം ദിവസം അവസാന ലക്ഷ്യ സ്‌ഥാനങ്ങളില്‍ ഒന്നായ സെ്‌റ്റല്ല പോയിന്റില്‍ എത്തി. അതായത്‌ സമുദ്രനിരപ്പില്‍ നിന്നും 5,756 മീറ്റര്‍ (18,885 അടി ) ഉയരെ.
1925ല്‍ ഇവിടം ആദ്യമായി കീഴടക്കിയ സെ്‌റ്റല്ല ലതാം എന്ന പര്‍വതാരോഹകയോടുള്ള ബഹുമാന സൂചകമായാണ്‌ ഇവിടെ സെ്‌റ്റല്ല പോയിന്റ്‌ എന്ന്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. ഒരു നൂറ്റാണ്ടിനിപ്പുറം അങ്ങകലെ കേരളത്തില്‍ വേരുകളുള്ള ഞങ്ങള്‍ ഇതാ ഇവിടെ! ആഹ്ലാദവും ആശ്വാസവും ഒക്കെ കലര്‍ന്ന നിമിഷം.
അവിടെയെത്തിയാല്‍ കിളിമഞ്ചാരോയില്‍ എത്തിയെന്നാണ്‌ കരുതപ്പെടുന്നത്‌, 45 മിനിറ്റ്‌ നടന്ന്‌ അവസാന ലക്ഷ്യമായ 'ഉഹൂരു' പോയിന്റിലും പോകണമായിരുന്നു. സെ്‌റ്റല്ല പോയിന്റില്‍ എത്തിയപ്പോള്‍ എല്ലാവരും തന്നെ വളരെ വികാരഭരിതരായി. ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളുണ്ടായിരുന്നു ഈ നേട്ടത്തിനായുള്ള യാത്രയ്‌ക്ക് പിന്നില്‍
ഹീരയ്‌ക്ക് അത്‌ ആ യാത്രയ്‌ക്കു തൊട്ടു മുന്‍പ്‌ അവളെയും ഈ ലോകത്തെത്തന്നെയും വിട്ടുപോയ അച്‌ഛനായുള്ള സമര്‍പ്പണമായിരുന്നു
ഉഹുരൂ പോയിന്റില്‍ എത്തിയ ആഹ്ലാദപ്പെരുമയില്‍ ലോകത്തിന്റെ നെറുകയിലെന്നോണമുള്ള ഉയരത്തില്‍ നിന്ന്‌ ഒരു നിമിഷം അവള്‍ അടുത്തുരുമ്മി നില്‍ക്കുന്ന ആകാശപ്പാളികളിലേക്കു നോക്കി അടക്കിയ സ്വരത്തില്‍ ഉറച്ചു പറഞ്ഞു
''അച്‌ഛാ ഇത്‌ അച്‌ഛന്‍ എനിക്ക്‌ നല്‍കിയ ആത്മവിശ്വാസത്തിന്‌ ഡെഡികേറ്റ്‌ ചെയ്യുന്നു 'അവിടെ കൊടി നാട്ടിയ നിമിഷം ഈ ജന്മത്തിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായിരുന്നു എല്ലാവര്‍ക്കും. കിളിമഞ്ചാരോയുടെ നെറുക; അത്‌ ആ കൂട്ടുകാരുടെ ദൃഢനിശ്‌ചയത്തിന്റെയും പരസ്‌പരവിശ്വാസത്തിന്റെയുമൊക്കെ കൊടുമുടിയായിരുന്നു.
ഷീര ക്യാമ്പിലെ സൂര്യാസ്‌തമയം, സമ്മിറ്റ്‌ ഡേയിലെ സൂര്യോദയം, താമസിക്കുന്ന സ്‌ഥലത്തെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം, നടന്നു മടുക്കുമ്പോള്‍ അന്നത്തെ ക്യാമ്പ്‌ ദൂരേന്ന്‌ കാണുമ്പോഴുള്ള ആശ്വാസം, ക്യാമ്പിലെത്തി കഴിഞ്ഞ്‌ ഒരുമിച്ചിരുന്നുള്ള ആഹാരം... ഇതൊക്കെ എന്നും മനസ്സില്‍ സൂക്ഷിക്കും ഏവരും. കാരണം, കരുതലിന്റെ കൂട്ടായ്‌മയുടേതായിരുന്നു ആ ദിനങ്ങള്‍.
ഒരാള്‍ മറ്റൊരാള്‍ക്കു തുണയായ ദിവസങ്ങളായിരുന്നു അവ. പ്രഷര്‍ നോക്കാനും, ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാനും, നടക്കുമ്പോഴും കിടക്കുമ്പോഴും അന്യോന്യം കരുതലാവാനും ക്ഷീണിക്കുന്നവര്‍ക്ക്‌ ആശ്വാസം പകരാനും എട്ടു ദിവസവും ഒരേ മനസായിരുന്നു എല്ലാവര്‍ക്കും.
യാത്രികരെ ഓരോ ചുവടിലും സഹായിക്കാന്‍ തയാറായിരുന്നു ഗൈഡുമാര്‍. തിരിച്ചിറങ്ങുമ്പോള്‍ സംഘാംഗങ്ങളുടെ ബാക്ക്‌പായ്‌ക്ക് ചുമലിലേറ്റാന്‍ പോലും തയാറായ അവരായിരുന്നു യാത്രയുടെ വിജയത്തിന്റെ പിന്നണിക്കാര്‍.
യാത്രാ സംഘത്തിലെ ഏവരും ഉറപ്പിച്ചു പറയുന്നു ''അത്‌ പര്‍വതാരോഹണം മാത്രമായിരുന്നില്ല. ഭൂമിയുടെ ഉയരങ്ങള്‍ മാത്രമല്ല, ഞങ്ങളുടെ മനസ്സില്‍ എവിടെയെങ്കിലും ഇരുള്‍പോലെ നിഴലിച്ചേക്കാമായിരുന്ന നിസ്സഹായതകളെയും നെഗറ്റിവിറ്റിയെയും കൂടെയായിരുന്നു ഞങ്ങള്‍ കീഴടക്കിയത്‌.''

സപ്‌ന അനു ബി. ജോര്‍ജ്‌

Ads by Google
Saturday 13 Dec 2025 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW