-->
യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്‌ജിലെ ഡോ. മൗസ്ലിയുടെയും കൂട്ടരുടെയും തലച്ചോര്‍ പഠനങ്ങളില്‍ വിസ്‌മയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 9, 32, 66, 83 വയസുകളില്‍ കാണപ്പെടുന്ന പരിവര്‍ത്തനങ്ങളും സ്‌ഥാനാന്തരീകരണങ്ങളും ജീവിത ഘട്ടങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ ചമയ്‌ക്കുന്നുവെന്ന് എതരന്‍ കതിരവന്‍. 32 വയസുവരെ കൗമാരം, 66 വരെ യൗവനം, 83-ല്‍ ആദ്യഘട്ട വാര്‍ദ്ധക്യം എന്നിങ്ങനെയാണ് തലച്ചോര്‍ പഠനം നല്‍കുന്ന പുതിയ വിവരങ്ങള്‍. തലച്ചോറിലെ ന്യൂറോണുകളുടെ വയറിങ്ങില്‍ 9 മുതല്‍ 12വരെ വയസിനുള്ളില്‍ സംഭവിക്കുന്നതും കണ്ടുപിടിച്ചിട്ടുണ്ട്. ജീവിതകാലത്ത് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന അവയവമാണത്രെ മസ്‌തിഷ്‌കം. (മാതൃ. നവം. 28).
ശ്രുതിശുദ്ധിയുടെ സൗന്ദര്യം
ചലച്ചിത്രഗാന രചയിതാവായതിന്റെ അറുപതാം വര്‍ഷത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ട, തന്റെ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ വാണീജയറാമിനെ ശ്രീകുമാരന്‍ തമ്പി അനുസ്‌മരിക്കുന്നു. അഭിപ്രായം തുറന്നുപറയാന്‍ മടിയില്ലാത്ത പ്രകൃതമായിരുന്നു വാണീജയറാമിന്റേത്. ഒരിക്കല്‍ സപ്‌തസ്വരങ്ങളോടും സ്വര്‍ഗപ്രവാഹിനി (ശംഖുപുഷ്‌പം) എന്ന ഗാനത്തെ തമിഴിലെ 'ഏഴുസ്വരങ്ങളുക്കുള്‍ എത്തനൈപാടല്‍' എന്ന ഗാനവുമായി താരതമ്യം ചെയ്‌ത് തമ്പിസാറിന്റെ രചന കണ്ണദാസന്റെ നിലവാരത്തിലേക്കുയര്‍ന്നില്ല എന്നവര്‍ തുറന്നുപറഞ്ഞതും അനുസ്‌മരിക്കുന്നു(മാതൃ. നവം. 30).
എന്റെ ജീവിതമാണ് എന്റെ കഥകള്‍
എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പറഞ്ഞ ഗാന്ധിയെപ്പോലെ, 97-ന്റെ പടിപ്പുരയിലെത്തിയ മലയാളത്തിന്റെ മഹാകാഥികന്‍ ടി. പത്മനാഭന്റെ ജീവിതമാണ് ആ കഥകള്‍ എന്നു കമലഹാസന്‍. പത്മനാഭന്‍ കഥകളില്‍ 'ഞാന്‍ ആണ് ആഖ്യാതാവ്'. 'ഞാന്‍' എന്നതിനെപ്പറ്റിയറിയാനാണ് നമ്മള്‍ അമ്പലത്തില്‍ പോകുന്നത്, തപസു ചെയ്യുന്നത്. തന്റെ 'ഹേ റാം' എന്ന സിനിമയുടെ ഉള്ളടക്കവും ഇതുതന്നെയെന്ന് കമല്‍ഹാസന്‍ പപ്പേട്ടന്‍ തന്റെ കഥകളില്‍ ഇതാണെന്റെ ധാരണ എന്നുറപ്പിച്ചു പറയാനുള്ള ധൈര്യം കാണിക്കുന്നു. തന്റെ സ്‌നേഹമാണ് കഥയും കഥാപാത്രവുമാകുന്നതെന്ന് കമലഹാസന്‍. ഇതേ സ്‌നേഹം പപ്പേട്ടന്റെ കഥകളിലും കാണുന്നു. സ്വയം സ്‌നേഹിക്കുകയും ലോകത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന പപ്പേട്ടനില്‍നിന്നും കഥകള്‍ക്കായി മലയാളം കാത്തിരിക്കുന്നു. (മാതൃ. ഡിസം. 3).
ഭാഷാ പ്രതിജ്‌ഞാഫലകം
എവിടെ?
സെക്രട്ടറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ എം.ടിയെഴുതി കവി മധുസൂദനന്‍നായര്‍ സ്വന്തം പോക്കറ്റില്‍നിന്നു പണം ചെലവാക്കി സര്‍ക്കാരിന്റെ ഔദ്യോഗികക്ഷണപ്രകാരം സ്‌ഥാപിച്ച ഭാഷാ പ്രതിജ്‌ഞാഫലകം പൊളിച്ചുമാറ്റിയിരിക്കുന്നു. മുഖ്യമന്ത്രി അനാച്‌ഛാദനം ചെയ്‌ത ഫലകമാണിങ്ങനെ അപ്രത്യക്ഷമായത്. എം.ടിയേയും മുഖ്യമന്ത്രിയേയും അപമാനിക്കുന്ന രഹസ്യമായി ചെയ്യപ്പെട്ട ഈ ക്രൂരത ഏതു ഭരണാധികാരികളുടേതാകാമെന്ന് മധുസൂദനന്‍നായര്‍ ചോദിക്കുന്നു. (പൂര്‍ണശ്രീ. ഒക്‌ടോ).
പദചേര്‍ച്ചാ വിഷമങ്ങള്‍
പദചേര്‍ച്ചയിലെ വിഷമാലങ്കാരം തേടുകയാണ് സുഭാഷ്‌ചന്ദ്രന്‍. പുസ്‌തകങ്ങളില്ലാതെ പള്ളിക്കൂടത്തിലേക്ക് പോകുന്ന മകനോട് നീ ചന്തയിലേക്കാണോ? എന്ന് അമ്മ ശകാരിക്കുന്നു. (പുസ്‌തകച്ചന്ത). കായം നശിച്ചാലും നിലനില്‍ക്കുന്ന അനശ്വര പ്രകാശമാണ് പ്രതിഭയെന്നുള്ള വിശ്വാസത്തിനുനേര്‍ക്ക് 'കായിക പ്രതിഭ' എന്ന പ്രയോഗം കൊഞ്ഞനംകുത്തുന്നു. വിധിയല്ല മനുഷ്യജീവിതത്തെ നിര്‍ണയിക്കുന്നത് എന്ന ശാസ്‌ത്രബോധ്യത്തെ 'ശാസ്‌ത്രവിധി' ഇക്കിളിപ്പെടുത്തുന്നു. (മാതൃ. ആഴ്‌ച. ഡിസം. 7)
തൃശൂരെ സൗഹൃദപക്ഷം
അക്കാദമികളുടെ ആസ്‌ഥാനമായ തൃശൂരെ സാംസ്‌കാരിക ഇടുക്കുതൊഴുത്തുകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന സൗഹൃദപക്ഷമാണ് സഹൃദയവേദി. ജാതി-രാഷ്‌ട്രീയ പ്രാദേശിക കുന്നായ്‌മകള്‍ ബാധിക്കാത്ത 59 വര്‍ഷം പിന്നിടുകയാണവര്‍. ഈ സ്വതന്ത്ര ചിന്താകൂട്ടായ്‌മയ്‌ക്ക് തുടക്കം കുറിച്ചത് പണ്ഡിതശ്രേഷ്‌ഠനായിരുന്ന കെ.പി. നാരായണപിഷാരടി. ഡോ. കെ.കെ. രാഹുലന്‍ അതിനെ പോഷിപ്പിച്ചു. ജഡ്‌ജി പി.എന്‍. വിജയകുമാറും ബേബി മൂക്കനുമാണ് ഇപ്പോഴത്തെ സാരഥികള്‍. രണ്ടുദിവസം നീണ്ടുനിന്ന വാര്‍ഷികാഘോഷത്തിന് ഡോ. കെ. ശ്രീകുമാര്‍, പി.ബി. ഋഷികേശന്‍, പായിപ്ര രാധാകൃഷ്‌ണന്‍, സദനം ഹരികുമാര്‍, കെ.കെ. യതീന്ദ്രന്‍, ഡോ. എം.ആര്‍. ഗോവിന്ദന്‍ തുടങ്ങിയവര്‍ പുരസ്‌കൃതരായി. എനിക്ക് ലഭിച്ച രാഹുലം അവാര്‍ഡ് മുമ്പ് ലഭിച്ചവരില്‍ വി.എം. സുധീരന്‍, എം.പി. വീരേന്ദ്രകുമാര്‍, ഡോ. സിറിയക് തോമസ്, ഒ. രാജഗോപാല്‍, ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഡോ. വി.പി. ഗംഗാധരന്‍, ജസ്‌റ്റിസ് കുര്യന്‍ ജോസഫ്, അബ്‌ദുള്‍ സമദ് സമദാനി തുടങ്ങിയവര്‍ക്കാണെന്നത് ആഹ്‌ളാദകരംതന്നെ.
വിപ്ലവം വരും; പോകും
വിപ്ലവം വരും; പോകും. പക്ഷേ ഇടുങ്ങിയ മനസ് കാലങ്ങളോളം തുടരും. നമ്മുടെ ജനാധിപത്യവും ആ വഴിക്കാണ് പോകുന്നതെന്ന് ആനന്ദ്. ഗോവര്‍ദ്ധന്റെ യാത്രയിലെന്നപോലെ നിരപരാധികളായ ഗോവര്‍ദ്ധന്മാര്‍ ഇന്നും രക്ഷപ്പെടുന്നു. (മനോ. നവം. 30).
ഇഴയഴിഞ്ഞുപോയ
ഇന്നലെകള്‍
അരനൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് നേതൃനിരയിലുള്ള ബെന്നി ബഹനാനെ വിദ്യാര്‍ഥിക്കാലം മുതലേ അറിയാം. കേരളത്തെ വികസന വിരുദ്ധമായ തൊഴില്‍ സമരങ്ങളുടെ കെടുതികളിലേക്ക് തള്ളിവിട്ട ഇടതുപക്ഷ പാളിച്ചകളോട് നിരന്തരം ഏറ്റുമുട്ടിയാണ് ബെന്നി ബഹനാന്റെ രാഷ്‌ട്രീയ ജീവിതം കരുത്താര്‍ജിച്ചത്. ട്രാക്‌ടര്‍-കമ്പ്യൂട്ടര്‍-പ്ലസ് ടു വിരുദ്ധ സമരങ്ങളെ കേരളം മറന്നിട്ടില്ല. ഭരണത്തിലേറുമ്പോള്‍ ഈ വിപ്ലവ വീര്യം ആവിയായിപ്പോവുകയും കോര്‍പ്പറേറ്റ് അജന്‍ഡകള്‍ക്ക് ദാസ്യം ചമയ്‌ക്കുന്നതും നാം കണ്ടു. മുഖ്യധാരാ ഇടതുപക്ഷം സമരസമൃദ്ധവും വികസനവിരുദ്ധവുമായിരുന്നുവെന്ന് ഈ പുസ്‌തകം വസ്‌തുനിഷ്‌ഠമായി നിരീക്ഷിക്കുന്നു. കേരളത്തിന്റെ രാഷ്‌ട്രീയ നാള്‍വഴികളിലേക്ക് പ്രകാശം പരത്തുന്ന ഈ കൃതി രാഷ്‌ട്രീയ വിദ്യാര്‍ഥികള്‍ക്ക് ദിശാനിര്‍ദേശം നല്‍കുന്നു. (കറന്റ്. 299 രൂപ).
ആന
കെ.ആര്‍. ടോണി ആനയാകുന്നതാണോ കവിയായ പടംപൊഴിക്കുന്നതാണോ എന്നതാണ് ആനയെന്ന കവിത ഉണര്‍ത്തിയ കുസൃതി. തൃശൂര്‍ക്കവിയാകുമ്പോള്‍ പൂരക്കമ്പം ഉണ്ടാവാം. എന്നാല്‍ കൂച്ചുചങ്ങലയില്ല. കൂടവേ പാപ്പാന്മാരും കൂടുതല്‍ സ്വാതന്ത്ര്യത്താല്‍ ശാപഗ്രസിതനായി....ഭക്‌തിയും വിഭക്‌തിയുമൊരുപോല്‍ ചതിക്കുമെന്നാരെയും ഗൗനിക്കാത്തൊരാനയായ് ജീവിക്കാവൂ! നിരന്തരം നേരിടേണ്ടിവരുന്ന വിദ്വാന്മാരുടെ കാവ്യവിരസതകള്‍ക്കിടയില്‍ കൗതുകത്തിന്റെ ഒരു ചങ്ങലക്കിലുക്കം. (മാതൃ. ആഴ്‌ച. ഡിസം. 7).
ഇന്ന് പ്രണയം, മാംസഭുക്ക്
പ്രണയം മുമ്പ് ആരാധനയായിരുന്നു. ഇപ്പോള്‍ മാംസഭുക്ക് ആണെന്ന് എം. മുകുന്ദന്‍. പാശ്‌ചാത്യപ്രണയത്തില്‍ രമണനോ ചന്ദ്രികയോ ഉണ്ടാവില്ല. ഇത് ഉപഭോഗകാലമാണ്. എല്ലാറ്റിനേയും തിന്നുതീര്‍ക്കുന്ന കാലം. വലിയ വീടും വലിയ കാറും വേണം. പ്രണയവും ഇത്തരം ആധിക്യങ്ങളിലും ആസക്‌തികളിലുമാണ്. (മനോ. നവം. 30).
അമര്‍ത്യയുടെ സൈക്കിള്‍
സ്വീഡനിലെ സ്‌റ്റോക്ക് ഹോം നോബല്‍ മ്യൂസിയത്തിന്റെ കൗതുകങ്ങള്‍ എഴുതുന്നു യാത്രിക മിത്ര സതീഷ്.സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെക്കുറിച്ചും കുട്ടികളെക്കുറിച്ചും പഠിക്കുന്ന അമര്‍ത്യാസെന്‍ സൈക്കിളില്‍ ഒറ്റയ്‌ക്കായിരുന്നു ഗ്രാമയാത്രകള്‍ നടത്തിയിരുന്നത്. സാമ്പത്തിക ശാസ്‌ത്ര നോബല്‍ നേടിയ ഗൈഡോ ഇമ്പന്‍സിന്റെ അലക്കാനുപയോഗിച്ച ഡിറ്റര്‍ജന്റ് കന്നാസ്, മാര്‍ക്കോസിനെ കണ്ണട, നെത്രദയുടെ പൈപ്പ്, ഗ്ലെര്‍ട്ട് ബ്രൗട്ട് സൗഹൃദത്തിന്റെ ബിയര്‍കുപ്പികള്‍ എന്നിങ്ങനെ പോകുന്നു മ്യൂസിയത്തിലെ കൗതുകക്കാഴ്‌ചകള്‍. നോബല്‍ സമ്മാനം നേടുന്നവര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു വസ്‌തു മ്യൂസിയത്തിന് നല്‍കണമെന്നാണ് നിബന്ധന. നോബലിന്റെ സ്വകാര്യശേഖരവും വില്‍പത്രവും മ്യൂസിയത്തിലുണ്ട്. (മാതൃ. വാരാന്ത്യം നവം. 30).
രതിയെഴുത്ത് വെല്ലുവിളി
രതിയെഴുത്ത് കേവലം രതിക്രിയ എഴുത്തല്ലെന്ന് സി.വി. ബാലകൃഷ്‌ണന്‍. രതിവായ്‌പിലേക്ക് വായനക്കാരനെ എങ്ങനെ കൊണ്ടുപോകാം എന്നതാണ് വെല്ലുവിളി. മറിച്ചായാല്‍ പോണോഗ്രഫിയാകും. ഇമേജിനെക്കുറിച്ചുള്ള ഈ പേടിയാകാം രതി എഴുത്തില്‍നിന്നും എഴുത്തുകാരെ പിന്തിരിപ്പിക്കുന്നത്. ഒരു പാളത്തിലല്ല, അനേകം പാളങ്ങളില്‍ ബഹുരൂപകളായി യാത്ര ചെയ്യാനുള്ള വഴക്കം എഴുത്തുകാരനുണ്ടാകണമെന്നും സി.വി. ബാലകൃഷ്‌ണന്‍. (മനോ. നവം. 30).
മമ്മൂട്ടി രാജ്യത്തിന് പുറത്തും സ്വീകാര്യന്‍
മമ്മൂട്ടിക്ക് യോജിച്ച വേഷങ്ങള്‍ വരുമ്പോഴാണ് താന്‍ അദ്ദേഹത്തെ സമീപിക്കാറെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍. മമ്മൂട്ടിക്ക് വ്യത്യസ്‌തമായ റോളുകള്‍ ചെയ്യാന്‍ കഴിയും. അര്‍പ്പണബോധവുമുണ്ട്. രാജ്യത്തിനു പുറത്തും അദ്ദേഹം സ്വീകാര്യനാണ്. വലിയൊരു നടനായിട്ടാണ് മമ്മൂട്ടിയെ ലോകം കാണുന്നത്. വായനയും നിരീക്ഷണവും വഴിയുള്ള സംസ്‌കാരമാണ് മമ്മൂട്ടിയുടെ മികവ്. തന്റെ പുതിയ ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയായിരിക്കുമെന്നും അടൂര്‍. (മനോ. നവം. 30).
പായിപ്ര രാധാകൃഷ്‌ണന്‍