-->
ടെല്‍ അവീവ്: രണ്ടാം ഘട്ടത്തിലേക്കു കടക്കാനാകാതെ ഗാസ സമാധാനക്കരാര്‍. ഗാസയുടെ പുനര്‍നിര്‍മാണവും പുതിയ ഭരണകൂടവും യാഥാര്‍ഥ്യമാകേണ്ടത് രണ്ടാം ഘട്ടത്തിലാണ്. സമാധാനക്കരാര്‍ നിലവില്‍ വന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും രണ്ടാംഘട്ടത്തിനുള്ള നടപടി ഒന്നുമായിട്ടില്ല.
ദിവസങ്ങള്‍ പിന്നിടുംതോറും ഗാസയിലെ ജനതയുടെ ദുരിതം കൂടിവരികയാണ്. ഇടവിട്ടുള്ള ഇസ്രയേല്‍ ആക്രമണവും സുരക്ഷിതമല്ലാത്ത പാര്‍പ്പിടങ്ങളും അവര്‍ക്കു തിരിച്ചടിയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയില്‍ കനത്ത മഴയായിരുന്നു. അതോടെ അഭയാര്‍ഥി ക്യാമ്പുകളില്‍ വെള്ളം നിറഞ്ഞു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇടയ്‌ക്കിടെ ശീതക്കൊടുങ്കാറ്റും. എട്ടു ലക്ഷത്തോളം ജനം ജീവന്‍ നിലനിര്‍ത്താനുള്ള നൊട്ടോട്ടത്തിലാണ്.
ഒന്നാംഘട്ട കരാര്‍ പ്രകാരം റാന്‍ ഗ്വിലി എന്ന പോലീസ് ഉദ്യോഗസ്‌ഥനെക്കൂടി ഹമാസ് ഇസ്രയേലിനു കൈമാറേണ്ടതുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രേലി ബന്ദികളെയും ഹമാസ് തിരിച്ചേല്‍പ്പിക്കാതെ കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിര്‍ബന്ധം പിടിക്കുകയാണ്.
എന്നാല്‍, പല തെരച്ചിലുകളിലും അദ്ദേഹത്തിന്റെ സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു ഹമാസ് പറയുന്നത്. ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ റാന്‍ ഗ്വിലി പിടികൂടപ്പെട്ടു. കഴിഞ്ഞ വര്‍ഷം അദ്ദേഹം മരിച്ചെന്നു ഹമാസ് അറിയിച്ചിരുന്നു. പക്ഷേ, മൃതദേഹം കൈമാറാന്‍ കഴിഞ്ഞില്ല. യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ മൃതദേഹം ഉണ്ടാകാമെന്ന് അവര്‍ പറയുന്നു.
കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ഇസ്രയേലിനും ഹമാസിനും വിട്ടുവീഴ്‌ച ചെയ്യേണ്ടി വരും. ഹമാസിന് ആയുധങ്ങളും അധികാരവും കൈമാറേണ്ടി വരും. ഇസ്രയേലിന് ഗാസയുടെ സുരക്ഷ രാജ്യാന്തര സേനക്ക് കൈമാറേണ്ടി വരും.
ഈ സാഹചര്യത്തിലാണ് ഇരുപക്ഷവും മെല്ലെപ്പോക്ക് നടത്തുന്നത്. ഹമാസിന് നിയന്ത്രണം നഷ്‌ടപ്പെടുന്നതിനോട് താല്‍പര്യമില്ല. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഇസ്രയേലിനും ഗാസയില്‍ തുടരാന്‍ താല്‌പര്യമുണ്ട്.
ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ ഇനി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു മാത്രമേ കഴിയൂ.
ഇരുപക്ഷത്തിനും സ്വീകാര്യമായ രീതിയില്‍ ഹമാസിനെ നിരായുധരാക്കുന്നതാണു ട്രംപ് നേരിടുന്ന പ്രധാന വെല്ലുവിളി.
അത് നടക്കാത്ത പക്ഷം, വിദേശ രാജ്യങ്ങള്‍ ഗാസയുടെ സുരക്ഷയ്‌ക്ക് സൈനികരെ അയയ്‌ക്കാന്‍ സാധ്യതയില്ല, ഹമാസ് നിയന്ത്രിത പ്രദേശങ്ങളില്‍ പുനര്‍നിര്‍മാണം ആരംഭിക്കാനും പറ്റില്ല.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രയേലി സൈനിക ശക്‌തിയുടെ പരിധി അടയാളപ്പെടുത്തുന്ന 'മഞ്ഞ രേഖ' യഥാര്‍ത്ഥത്തില്‍ ഗാസയെ രണ്ടായി വിഭജിക്കുന്നു. ഇസ്രയേലിന്റെ സൈനിക മേധാവി അടുത്തിടെ ഇതിനെ 'പുതിയ അതിര്‍ത്തി രേഖ' എന്ന് വിശേഷിപ്പിച്ചത്, ഇസ്രയേല്‍ അവിടെ ദീര്‍ഘകാലം തുടരാന്‍ ഉദ്ദേശിക്കുന്നു എന്നതിനു സൂചനയണ്. ഹമാസിനെ എങ്ങനെ നിരായുധരാക്കാം എന്നതുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ഈ മാസം ഫേ്ലാറിഡയില്‍ നെതന്യാഹുവും ട്രംപും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്യും. സമാധാന പ്രക്രിയ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
അടുത്ത വര്‍ഷം തുടക്കത്തില്‍ ഗാസയ്‌ക്കായി പുതിയതായി സൃഷ്‌ടിച്ച സമാധാന ബോര്‍ഡിന്റെ അംഗങ്ങളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ട്രംപിന്റെ സമ്മര്‍ദം കാരണം, ഗാസ മുനമ്പിലെ തെക്ക് ഭാഗത്തുള്ള റാഫയില്‍ പുതിയ താല്‍ക്കാലിക ഭവന പദ്ധതിയുടെ തയാറെടുപ്പ് ഇസ്രയേല്‍ തുടങ്ങിയിട്ടുണ്ട്.
ഗാസയില്‍നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളെ അവിടെ താസമിപ്പിക്കാനാണു നീക്കം. പക്ഷേ, ഹമാസുമായി ബന്ധമുള്ളവരെ അവിടെ താമസിപ്പിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്.
ഇതിനകം ഏതാനും കുടുംബങ്ങള്‍ ഇസ്രയേല്‍ പിന്തുണയ്‌ക്കുന്ന സായുധ ഗ്രൂപ്പുകള്‍ സ്‌ഥാപിച്ച ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്. പക്ഷേ, പല ഗാസക്കാരും ഇസ്രയേല്‍ ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ വിസമ്മതിക്കുന്നു.