-->
ഇസ്ലാമാബാദ്: പാക് രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐയുടെ മുന്‍ മേധാവി ഫായിസ് ഹമീദിനു സൈനിക കോടതി 14 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു, രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്നിവ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. ഐ.എസ്.ഐയുടെ ഒരു മുന്‍ മേധാവി ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമായാണ്.
2024 ഓഗസ്‌റ്റ് 12നാണു പാക് സൈനിക നിയമത്തിലെ വ്യവസ്‌ഥകള്‍പ്രകാരം ഫായിസ് ഹമീദിനെതിരേ സൈനിക കോടതി നടപടി ആരംഭിച്ചത്. ഹൗസിങ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 2024 ഓഗസ്‌റ്റില്‍ ഫായിസ് ഹമീദിനെ അറസ്‌റ്റ് ചെയ്‌തിരുന്നു.
2019 മുതല്‍ 2021 വരെ ഫായിസ് ഹമീദ് ഐ.എസ്.ഐ. മേധാവിയായിരുന്നു.
പാകിസ്‌താന്റെ നിലവിലെ സംയുക്‌ത പ്രതിരോധ സേന മേധാവി (സി.ഡി.എഫ്) ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഐ.എസ്.ഐ. മേധാവിയായിരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പേ അദ്ദേഹത്തെ മാറ്റിയാണു ഫായിസ് ഹമീദിനെ നിയമിച്ചത്.
അന്നു പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന് അസിം മുനീറിനോടുള്ള അപ്രീതിയെത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയതെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.
പിന്നീട് സൈന്യം നേരിട്ടിടപെട്ട് ഹമീദിനെ ഐ.എസ്.ഐ. നേതൃസ്‌ഥാനത്തുനിന്നു മാറ്റിയതോടെയാണു പാകിസ്‌താനില്‍ ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ ഭിന്നത ശക്‌തമാകുകയും അത് ഇമ്രാന്റെ പുറത്താകലില്‍ കലാശിച്ചതും. ഇമ്രാന്‍ ഖാനിപ്പോള്‍ പാകിസ്‌താനിലെ ജയിലിലാണ്.