Wednesday, March 11, 2026 Last Updated 36 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.29 AM

യൂറോപ്പിനെ മറികടക്കാന്‍ ട്രംപിന്റെ കോര്‍-5

uploads/news/2025/12/815710/3.jpg

വാഷിങ്‌ടണ്‍: അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാന്‍ എന്നീ ലോകശക്‌തികളെ ഉള്‍ക്കൊള്ളുന്ന പുതിയ 'സി5' അഥവാ 'കോര്‍ ഫൈവ്‌' എന്ന കൂട്ടായ്‌മ രൂപീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. നിലവിലുള്ള യൂറോപ്പ്‌ കേന്ദ്രീകൃതമായ ജി7, മറ്റ്‌ പരമ്പരാഗത ജനാധിപത്യ, സമ്പത്ത്‌ അടിസ്‌ഥാനമാക്കിയുള്ള കൂട്ടായ്‌മകളെ മറികടക്കാനാണ്‌ അദ്ദേഹം പുതിയ ഗ്രൂപ്പിലൂടെ ലക്ഷ്യമിടുന്നത്‌.
കഴിഞ്ഞ ആഴ്‌ച വൈറ്റ്‌ ഹൗസ്‌ പ്രസിദ്ധീകരിച്ച നാഷണല്‍ സെക്യൂരിറ്റി സ്‌ട്രാറ്റജിയുടെ പൂര്‍ണമല്ലാത്ത പതിപ്പിലാണു പുതിയ ഹാര്‍ഡ്‌പവര്‍ ഗ്രൂപ്പിനെക്കുറിച്ചുള്ള ആശയം ഉയര്‍ന്നുവന്നതെന്ന്‌ അമേരിക്കന്‍ പ്രസിദ്ധീകരണമായ പൊളിറ്റിക്കോ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ വാര്‍ത്തയോട്‌ വൈറ്റ്‌ ഹൗസ്‌ പ്രതികരിച്ചിട്ടില്ല.
ജി7 ന്റെ പരിമിതികള്‍ ഇല്ലാത്ത ഒരു പുതിയ കൂട്ടായ്‌മ രൂപീകരിക്കാനാണ്‌ അമേരിക്ക ലക്ഷ്യമിടുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.
ഗ്രൂപ്പിലെ രാജ്യങ്ങള്‍ക്കെല്ലാം 10 കോടിയിലധികം ജനസംഖ്യയുണ്ട്‌. ജി7 മാതൃകയില്‍ സി5 ഉച്ചകോടികളും കൃത്യമായ ഇടവേളകളില്‍ നടത്തും.
ദേശീയ സുരക്ഷാ വിദഗ്‌ധര്‍ ഈ ആശയത്തിന്‌ ട്രംപിന്റെ പിന്തുണയുണ്ടെന്നു വിശ്വസിക്കുന്നു.
'സി-5 ആശയം പ്രസിഡന്റ്‌ ട്രംപ്‌ ലോകത്തെ കാണുന്ന രീതിക്ക്‌ അനുസൃതമാണ്‌. അത്‌ പ്രത്യയശാസ്‌ത്രരഹിതവും, തങ്ങളുടെ മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന മറ്റ്‌ വലിയ ശക്‌തികളുമായി സഹകരിക്കാനുള്ള പ്രവണതയും ഉള്‍ക്കൊള്ളുന്നു'- അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത്‌ യൂറോപ്യന്‍ കാര്യങ്ങളുടെ ഡയറക്‌ടറായി സേവനമനുഷ്‌ഠിച്ച ടോറി ടോസ്സെഗ്‌ പറഞ്ഞു.
'യൂറോപ്പ്‌ സി5 ല്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌, ഇത്‌ ഈ ഭരണകൂടം റഷ്യയെ യൂറോപ്പില്‍ അവരുടെ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു പ്രമുഖ ശക്‌തിയായി കാണുന്നു എന്ന്‌ യൂറോപ്യന്മാര്‍ വിശ്വസിക്കാന്‍ ഇടയാക്കിയേക്കാം'- അവര്‍ കൂട്ടിച്ചേര്‍ത്തു.
വലിയ ജനസംഖ്യയും സൈനികസാമ്പത്തിക ശക്‌തികളുമുള്ള രാജ്യങ്ങള്‍ക്കിടയില്‍ കരാറുകള്‍ക്ക്‌ ട്രംപ്‌ മുന്‍ഗണന നല്‍കുന്നുവെന്നാണു മറ്റൊരു നിരീക്ഷണം. ഈ നീക്കം റഷ്യയെ യൂറോപ്പിന്‌ മുകളില്‍ ഉയര്‍ത്തിക്കൊണ്ട്‌ 'ശക്‌തന്മാരെ' നിയമവിധേയമാക്കുന്നതായും, പാശ്‌ചാത്യ ഐക്യത്തെയും നാറ്റോയുടെ കൂട്ടായ്‌മയെയും ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കയുടെ മിത്രരാജ്യങ്ങള്‍ ഭയക്കുന്നു.

Ads by Google
Saturday 13 Dec 2025 09.29 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW