-->
ഇന്ത്യന്‍ തൊഴില്‍ മേഖലകളില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക വെല്ലുവിളികള്‍ പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാറുള്ള കാര്യമാണ്. കുറഞ്ഞ ശമ്പളവും, അധിക സമയ ജോലിയും, അവധികള്‍ നിഷേധിക്കപ്പെടുന്നതും പലരെയും തളര്‍ത്താറുണ്ട്. ഇത്തരത്തില്‍ 'ഞാന്‍ ഇന്നു ലീവാണെന്നാണ് പറഞ്ഞത്. ഞാന്‍ ഇന്ന് ലീവ് എടുത്തോട്ടെ എന്നു ചോദിച്ചില്ല' എന്ന മുടന്തന്‍ ന്യായം പറഞ്ഞ് കീഴ്ജീവനക്കാര്‍ക്ക് അവധി നിഷേധിക്കുന്ന മേലുദ്യോഗസ്ഥര്‍ തീര്‍ച്ചയായും ഈ വിഡിയോ കാണണം. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന അമന്‍ എന്ന ഇന്ത്യന്‍ യുവാവാണ് ഇരു രാജ്യങ്ങളിലെയും തൊഴില്‍ സംസ്‌ക്കാരങ്ങളെ താരതമ്യം ചെയ്തുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അവധി ഏതൊരു ജീവനക്കാരന്റെയും അവകാശമാണെന്നിരിക്കെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍പ്പോലും ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരോട് അവധിക്കു വേണ്ടി യാചിക്കേണ്ട അവസ്ഥ ഇന്ത്യയിലുണ്ടെന്നും എന്തിനാണ് അവധിയെടുക്കുന്നതെന്ന കൃത്യമായ കാരണം പലപ്പോഴും മേലുദ്യേഗസ്ഥര്‍ക്കു മുന്നില്‍ ബോധിപ്പിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇത്തരം നാടകങ്ങളൊന്നുമില്ലെന്നും അവധിയാണെന്ന വിവരം മാത്രം അറിയിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂരില്‍ തൊഴില്‍ ഉടമയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും വൈകിട്ട് ആറു മണിക്ക് ശേഷം ജോലി സംബന്ധിച്ച ഫോണ്‍വിളികളോ, ബഹളങ്ങളോ ഒന്നുമില്ല.
ഇന്ത്യയില്‍ രാത്രി എട്ടുമണിക്കു ശേഷവും ഓഫിസിലിരിക്കുന്നത് കഠിനാധ്വാനമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പക്ഷേ, സിംഗപ്പൂരില്‍ അതിനെ ചൂഷണമെന്നാണ് വിളിക്കുന്നതെന്നും അമന്‍ പറയുന്നു. ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം പിന്തുടരുന്ന ഇടങ്ങളില്‍ ഒരു ജീവനക്കാരും അവരുടെ അവധിയില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ലെന്നും അമന്‍ വിശദീകരിച്ചു. സിംഗപ്പുരിലേക്ക് താമസം മാറിയതിനു ശേഷം മാനസിക സന്തോഷം നന്നായി മെച്ചപ്പെട്ടു. ടോക്‌സിക് അന്തരീക്ഷത്തില്‍ ജോലി ചെയ്യാത്തതു കൊണ്ടു തന്നെ അവധിക്കു വേണ്ടി അനാവശ്യമായ വിശദീകരണങ്ങള്‍ നല്‍കേണ്ടാത്തതിന്റെ സമാധാനമുണ്ട്. മികച്ച തൊഴില്‍ സംസ്‌കാരമുള്ള ഇടങ്ങളില്‍ അര്‍ഹതയുള്ള അവധിക്കു വേണ്ടി വെറുതെ യാചിക്കേണ്ടി വരില്ല. അവധിയാണെന്ന് അറിയിക്കേണ്ട ഉത്തരവാദിത്തം മാത്രമേയുള്ളൂ എന്നും അമന്‍ വ്യക്തമാക്കി.