-->
ഗൗരവത്തോടെ ക്ലാസെടുക്കുന്ന, അപൂര്‍വ്വമായി മാത്രം ചിരിക്കുന്ന, കുട്ടികളെ അകറ്റിമാറ്റിനിര്‍ത്തുന്ന അദ്ധ്യാപകരാണ് പണ്ടുണ്ടായിരുന്നതില്‍ അധികവും. എന്നാല്‍ ഇപ്പോഴങ്ങനെയല്ല. തന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സു കളിക്കുകയും പാട്ട് പാടുകയും റീല്‍സുകള്‍ ചെയ്യുകയും കൗണ്ടറുകളും തഗ്ഗുകളുമടിക്കുകയും ചെയ്യുന്ന ന്യൂ ജെന്‍ അദ്ധ്യാപകരാണ് ഇപ്പോഴുള്ളത്. പ്രത്യേകിച്ച് കോളജിലെ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും തമ്മില്‍ പ്രകടമാകുന്ന അടുപ്പവും സ്നേഹവുമൊക്കെയുണ്ട്.
ഓരോ സെമസ്റ്ററും കഴിഞ്ഞു കിട്ടുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഏറെ സന്തോഷമുള്ള കാര്യമാണ്. വരാനിരിക്കുന്ന അവധി ദിനങ്ങളും, കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന അധിക സമയവും, യാത്രകളുമടക്കം അദ്ധ്യാപകരും ഏറെ പ്രതീക്ഷിക്കുന്ന ഒന്നാണ് സെമസ്റ്റര്‍ ലാസ്റ്റ് ഡേ.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു സെമസ്റ്ററിന്റെ അവസാന ദിവസം തന്റെ വിദ്യാർത്ഥികള്‍ക്ക് മുന്നില്‍ ഒരു ബോളിവുഡ് ഗാനത്തിന് ചുവടുവച്ച ഒരു അമേരിക്കൻ പ്രൊഫസറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അമേരിക്കയിലെ പ്രശസ്തമായ ബിസിനസ് സ്കൂളായ ദി വാർട്ടണ്‍ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കിട്ടതാണ് ഈ വീഡിയോ. സെമസ്റ്ററിന്റെ അവസാന ദിവസം സന്തോഷം പങ്കുവെച്ച് യൂണിവേഴ്സിറ്റി പ്രൊഫസർ, ക്ലാസില്‍ വിദ്യാർഥികള്‍ക്ക് മുന്നില്‍ പ്രശസ്ത ബോളിവുഡ് ഗാനത്തിന് ആവേശത്തോടെ നൃത്തം ചെയ്യുന്നതും, വിദ്യാർഥികള്‍ ആർത്തുല്ലസിക്കുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുന്നതും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ‘‘സെമസ്റ്റർ അവസാനിപ്പിക്കാൻ ഇതിലും നല്ല ഒരു മാർഗം പറയൂ, നമുക്ക് കാത്തിരിക്കാം... പ്രൊഫ. കാർത്തിക് ഹൊസനഗർ തന്റെ ദി വാർട്ടണ്‍ എംബിഎ വിദ്യാർത്ഥികളുമൊത്തുള്ള സെമസ്റ്റർ അവസാനത്തെ നൃത്ത പാരമ്പര്യമായി മാറിക്കൊണ്ടിരിക്കുന്ന സമയത്ത് തന്റെ ചുവടുകള്‍ കാണിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജില്‍ ദി വാർട്ടണ്‍ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഒരു സ്വെറ്ററും ജീൻസും ധരിച്ച് നൃത്തം ചെയ്യുന്ന പ്രൊഫസര്‍ ഊർജ്ജസ്വലമായി ചുവടു വയ്ക്കുകയും കറങ്ങിയുള്ള ചുവടുള്‍ ആയാസമായി ചെയ്യുകയും ചെയ്യുന്നത് കാണാം. വിവിധ ഗാനങ്ങള്‍ക്കാണ് പ്രൊഫസര്‍ ചുവടുവയ്ക്കുന്നത്. ‘യേ ജവാനി ഹേ ദീവാനി’ എന്ന ബോളിവുഡ് സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘ബദ്തമീസ് ദില്‍’ എന്ന ഗാനത്തിന് വേണ്ടി തന്റെ ക്ലാസ്റൂമിനെ താത്കാലിക ഡാൻസ് ഫ്ലോറാക്കി മാറ്റുന്നത്.
നിരവധി പേര്‍ വൈറലായ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുറിക്കുന്നുണ്ട്. പ്രൊഫസറുടെ നൃത്തചുവടുകളെയും ഊർജ്ജസ്വലതയെയും അഭിനന്ദിച്ചാണ് ഭൂരിഭാഗം പേരും കമന്റിട്ടത്. ‘ഞങ്ങളുടെ കോളേജിലും ഇങ്ങനെ ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹിക്കുന്നു, ഇത്തരത്തിലാണ് ക്ലാസുകള്‍ അവസാനിക്കുന്നതെങ്കില്‍ വിദ്യാർഥികള്‍ക്ക് ഒരു മാനസിക സംഘർഷവും ഉണ്ടാവില്ല, അവർ പഠിക്കാൻ കൂടുതല്‍ ഉത്സാഹഭരിതരാകും, ഇതാണ് എഐയ്ക്ക് ചെയ്യാന്‍ കഴിയാത്തത്...’ എന്നതടക്കമാണ് കമന്റുകള്‍.