-->
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് വിളിച്ച മുഖ്യമന്ത്രിയ്ക്ക് സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെ വെച്ച് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും കെപിസിസി പ്രസിഡന്റ് പരാതി കിട്ടിയപ്പോള്‍ തന്നെ പോലീസിന് കൈമാറിയതും ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്താന്‍ വന്ന മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ കോണ്‍ഗ്രസുകാരെ ആക്ഷേപിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നടത്തിയ പ്രതികരണത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. രാഹുലിനെതിരായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പൊലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസിലെ 'സ്ത്രീലമ്പടന്മാര്‍' എന്നാണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരയായവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ നോക്കിയാല്‍ മനസിലാകും. എന്തുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ടുവരാത്തത്? അക്കാര്യം ഗൗരവമായി പരിശോധിക്കണം. നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി. നിസഹായവരായവര്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുകയാണ്. വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങളും ചിലപ്പോള്‍ പുറത്തുവന്നേക്കാം. യഥാര്‍ത്ഥ ലൈംഗിക വൈകൃത കുറ്റവാളികള്‍ നാടിന് മുന്നില്‍ വന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്നും വീമ്പു പറയുന്നതിന് പരിധിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീ ലമ്പടന്മാര്‍ക്ക് ഉന്നത പദവി നല്‍കുന്നതാണ് സിപിഎം ശീലമെന്നും തുറന്നടിച്ചു. രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോ എന്നു കോടതി പരിശോധിക്കട്ടെ.
മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ചാണോ? ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുത്. പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ പിണറായി ചെയ്തതടക്കം എന്താണെന്ന് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ റെയില്‍ നടക്കില്ലെന്നു മുഖ്യമന്ത്രിക്ക് സ്വയം ബോധ്യപ്പെട്ടു. ആ മഞ്ഞക്കുറ്റി ഇനിയെങ്കിലും പിഴുതുകളയണം. 'എന്‍ പിള്ള' നയം എടുക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരാണെങ്കില്‍ പരാതി അലമാരയില്‍ വെച്ച് പൂട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ശീലമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.