-->
തിരുവനന്തപുരം: കെ. സ്മാര്‍ട്ടിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം പുറത്തുവന്നതിന് പിന്നാലെ പൊതുജനങ്ങളുടെ വിവരവും ചോര്‍ത്തിയോ എന്ന് സംശയം. മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയത് ഒരുകോടിയിലധികം പേരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട കെ.സ്മാര്‍ട്ടിലെ ഡാറ്റയാണെന്നും വിവരങ്ങള്‍ ചോര്‍ന്നോയെന്നുമുള്ള ആശങ്കകളാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്.
കെ. സ്മാര്‍ട്ടിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയതിന്റെ വിവരങ്ങള്‍ ഇന്ന് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി കിട്ടുന്ന 950 ലധികം സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് കെ.സ്മാര്‍ട്ട്. ഇതില്‍ ഒരുകോടിയോളം ആളുകളുടെ വിവരങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറില്‍ നിന്നുള്ള കത്തിലാണ് കെ.സ്മാര്‍ട്ടില്‍ നിന്നുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സെന്‍ട്രലൈസ്ഡ് നോട്ടിഫിക്കേഷന്‍ ഹബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വിവരകൈമാറ്റമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു ഡേറ്റാലേക്ക് നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്ന തെന്നാണ് വാദം.
ഈ ആവശ്യത്തിന് കെ.സ്മാര്‍ട്ടില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കളുടെ പേര്, ഫോണ്‍നമ്പര്‍, വയസ്, ജില്ല, താലൂക്ക്, പഞ്ചായത്ത്, വാര്‍ഡ് തുടങ്ങിയ വ്യക്തിവിവരങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 2026 ഫെബ്രുവരി 12 നകം വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദേശം. ഐടി മിഷനിലെ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്ററുടെ ഇ മെയില്‍ വിലാസത്തിലേക്കാണ് വിവരങ്ങള്‍ അയയ്‌ക്കേണ്ടത്.
എസ്എംഎസ്, ഇമെയില്‍, വാട്സാപ്പ്, വോയിസ് എന്നിവ വഴി തത്സമയ അറിയിപ്പുകള്‍ നല്‍കുന്നതിനും 'ഗവണ്‍മെന്റ് ഓഫ് കേരള' എന്ന പേരില്‍ ഏകീകൃത സന്ദേശങ്ങള്‍ അയക്കുന്നതിനുമാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുകയെന്നാണ് ഔദ്യോഗിക വിശദീകരണം.