-->
കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ നല്ലരീതിയില്‍ കാര്യങ്ങള്‍ കൈാര്യം ചെയ്‌തെന്ന് തന്നെയാണ് സര്‍ക്കാര്‍ കരുതുന്നതെന്നും എല്ലാ ഘട്ടത്തിലും പൊതുസമൂഹവും നിയമവ്യവസ്ഥയും നല്ല അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് തന്നെ സ്വീകരിക്കാന്‍ തയ്യാറാകുമെന്ന സന്ദേശമാണ് കേസിന്റെ കാര്യത്തില്‍ കണ്ടത്. അതിജീവിതയ്ക്ക് കേസിന്റെ എല്ലാ ഘട്ടത്തിലും ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇനിയും അത് തന്നെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരേ പോലീസ് ഉന്നതരുടെ ഗൂഡാലോചന എന്നത് ദിലീപ് സ്വന്തം തോന്നലുകള്‍ പറയുന്നതാണ്. പോലീസ് അവര്‍ക്ക് മുന്നില്‍ വന്ന തെളിവളുടെ അടിസ്ഥാനത്തിലുള്ള നടപടിയാണ് എടുത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ദിലീപ് നടത്തിയ പ്രസ്താവന എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിലപാടില്‍ അല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ നീങ്ങുകയെന്നും ഇതുവരെ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമുണ്ടായിരുന്നെന്നും ഇനിയും ഉണ്ടാകുമെന്നും പറഞ്ഞു.
കേരളത്തിലെ പൊതുജനങ്ങള്‍ യുഡിഎഫിനെ വലിയതോതില്‍ അംഗീകരിക്കുന്നില്ല. യുഡിഎഫ് കണ്‍വീനറുടെ പ്രസ്താവന യുഡിഎഫ് രാഷ്ട്രീയം വെച്ചു പറയുന്നതാണ്. പൊതുസമുഹം എല്ലാകാലത്തും അതിജീവിതയ്‌ക്കൊപ്പമാണ് നിന്നത്. സര്‍ക്കാരിനും അതേ നിലപാട് തന്നെയാണൈന്നും പറഞ്ഞു. ഇതിന് വിരുദ്ധമായ വിചിത്രമായ വാദഗതിയാണ് യുഡിഎഫ് കണ്‍വീനറുടേത്. സര്‍ക്കാരിന് വേറെ പണിയൊന്നുമില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്ന പ്രസ്താവന നാടിന്റെ പൊതുവായ വികാരത്തിനെതിരേയുള്ള പറച്ചിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.