Friday, March 13, 2026 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 04.46 PM

‘കരിയർ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, അത് നിലനിൽക്കും; പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്റെ ഭര്‍ത്താവ്, റാം ആണ്...’ മാധുരി ദീക്ഷിത്

ബോളിവുഡിന്റെ താരറാണിയായിരുന്ന മാധുരി ദീക്ഷിത് ഇപ്പോഴിതാ തന്റെ കരിയറിനേക്കാൾ വലിയ അനുഗ്രഹം ഭര്‍ത്താവ് ഡോ നെനെയാണെന്ന് പറയുകയാണ്. പ്രശസ്തി മങ്ങിപ്പോകും, പക്ഷേ ഒരു ജീവിത പങ്കാളി സ്ഥിരമായി തുടരുമെന്നാണ് മാധുരി പറയുന്നത്.
Madhuri Dixit, Dr. Shriram Nene
Madhuri Dixit about her husband Dr Nene (Image Source: Instagram)

ബോളിവുഡിന്റെ ‘ധക് ധക്’ ഗേള്‍, തൊണ്ണൂറുകളിൽ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ സുന്ദരി, ആരും കൊതിക്കുന്ന സൂപ്പർ നായിക... ഈ വിശേഷണങ്ങളെല്ലാം സ്വന്തമാക്കിയ അഭിനേത്രിയാണ് മാധുരി ദീക്ഷിത്. തന്റെ തിളക്കമുള്ള പുഞ്ചിരിയും പ്രകടമായ കണ്ണുകളും കൊണ്ട്, മാധുരി ദീക്ഷിത് പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി. ദിൽ, തേസാബ്, ഹം ആപ്കെ ഹേ കോൻ, ദിൽ തോ പാഗൽ ഹേ, ഖൽനായക്, പുകാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഹൃദയമിടിപ്പായി താരം മാറി. തന്റെ അഭിനയമികവു കൊണ്ടും അസാധ്യമായ നൃത്തപാടവം കൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടുമാണ് ബോളിവുഡിന്റെ താരറാണിയായത്.
തൊണ്ണൂറുകളിൽ കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് മാധുരി ദീക്ഷിത് വിവാഹിതയാകുന്നത്. ഡോ. ശ്രീറാം നെനെയെ വിവാഹം ചെയ്ത മാധുരി യുഎസ്സിലേക്ക് ജീവിതം പറിച്ചു നട്ടു. കുറച്ച് വർഷങ്ങൾക്ക് ശേഷം, മാധുരിയും ഭർത്താവും അവരുടെ മക്കളും ഇന്ത്യയിലേക്ക് മടങ്ങി. ചില സിനിമകളും ചെയ്തു. അഭിനയ ജീവിതത്തിൽ നിന്ന് ദീർഘമായ ഇടവേളയെടുത്തിട്ടും ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ് മാധുരി.
ഇപ്പോഴിതാ തന്റെ കരിയറിനേക്കാൾ വലിയ അനുഗ്രഹമാണ് ഭർത്താവ് എന്ന് പറയുകയാണ് മാധുരി ദീക്ഷിത്. വീട്ടിൽ സന്തോഷമോ അത് പങ്കിടാൻ ഒരാളോ ഇല്ലാതെ പ്രൊഫഷണൽ വിജയം എന്തിനാണെന്നും താരം പറഞ്ഞു. പ്രശസ്തി ഒടുവിൽ മങ്ങുന്നു, പക്ഷേ ഒരു ജീവിത പങ്കാളി സ്ഥിരമായി തുടരുന്നു, അതുകൊണ്ടാണ് തന്റെ ഭർത്താവിന് ജീവിതത്തിൽ ഒരു വലിയ സ്ഥാനമുള്ളതെന്നും മാധുരി പറയുന്നു. ഭർത്താവ് തന്റെ കരിയറിനേക്കാൾ വലിയ അനുഗ്രഹമാണോ എന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി.
‘‘കരിയർ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, അത് നിലനിൽക്കും, പക്ഷേ ഏറ്റവും വലിയ അനുഗ്രഹം എന്റെ ഭർത്താവാണെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ട്? കാരണം നിങ്ങളുടെ യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ, നിങ്ങൾ എന്ത് നേടിയാലും, നിങ്ങൾക്ക് അതിൽ നിന്ന് സന്തോഷം ലഭിക്കില്ല. കാരണം നിങ്ങൾക്ക് അത് പങ്കിടാൻ ആരുമില്ല. ഒരു ദിവസം, ആളുകൾ നിങ്ങളെ മറക്കും, അന്ന് ആരായിരിക്കും നിങ്ങളോടൊപ്പം ഉണ്ടാകുക? നിങ്ങളുടെ ജീവിതപങ്കാളി, അതുകൊണ്ടാണ് അദ്ദേഹം കൂടുതൽ വലിയ സ്ഥാനം ഏറ്റെടുക്കുന്നത്.
എന്റെ ഭർത്താവ് എന്റെ കരിയറിനേക്കാൾ വലിയ അനുഗ്രഹമാണെന്ന് പറഞ്ഞു. വീട്ടിൽ സന്തോഷമോ അത് പങ്കിടാൻ ആരെങ്കിലുമോ ഇല്ലെങ്കില്‍ പ്രൊഫഷണൽ വിജയം വളരെ ചെറുതാണ്, അതിന് അർത്ഥമുണ്ടാകില്ല. പ്രശസ്തി ഒടുവിൽ മങ്ങുന്നു, പക്ഷേ ഒരു ജീവിത പങ്കാളി സ്ഥിരമായി തുടരുന്നു, അതുകൊണ്ടാണ് ഭർത്താവിന് എന്റെ ജീവിതത്തിൽ വലിയ സ്ഥാനം ലഭിക്കുന്നത്...’’ മാധുരി പറഞ്ഞു. രൺവീർ അലഹബാദിയയുമായുള്ള ഒരു അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

90-കളിൽ വിവാഹിതയാകുന്നതിന് തനിക്ക് മടിയുണ്ടായിരുന്നെന്നും താരം പറയുന്നു. ആ സമയത്ത് ഏറ്റവും മികച്ച ജീവിതം നയിക്കുന്നുണ്ടെന്ന് വിശ്വസിച്ചിരുന്നതായും, ഒരു മോശം പങ്കാളി ഇതെല്ലാം നശിപ്പിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നതായും മാധുരി പറയുന്നു.
‘‘എന്റെ സഹോദരങ്ങൾ അക്കാലത്ത് ആരെങ്കിലുമായി എന്റെ വിവാഹം ഉറപ്പിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. നിങ്ങളതിന് ധൈര്യപ്പെടരുത് എന്നാണ് ഞാനവരോട് അന്ന് പറഞ്ഞത്. ഞാന്‍ ചെയ്തിരുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു, എന്റെ കരിയർ രസകരമായിരുന്നു. എനിക്ക് അനുയോജ്യമല്ലാത്ത ഒരാളുടെ കൂടെയാണെങ്കിൽ, ആ രസം ഇല്ലാതാകുമെന്ന് ഞാൻ കരുതിയിരുന്നു. ഏറെ ഇഷ്ടപ്പെട്ട കരിയറായിരുന്നതിനാല്‍ വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു.
എന്റെ കരിയറിനും തന്നെ നന്നാക്കാൻ ശ്രമിക്കുന്ന സഹോദരങ്ങൾക്കും ഇടയിൽ ഞാന്‍ ഡോക്ടർ ശ്രീറാം നെനെയെ കണ്ടുമുട്ടി. ഒരു നടി എന്ന നിലയിൽ എന്റെ വിജയത്തെക്കുറിച്ച് ഭാവി ഭർത്താവിന് ഒരു ധാരണയുമില്ലായിരുന്നു. ആറ് മാസത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഞങ്ങള്‍ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
കലയുടെയും ശാസ്ത്രത്തിന്റെയും മഹത്തായ സംയോജനമാണ് ഞങ്ങളുടെ ദാമ്പത്യം. ഞങ്ങൾക്ക് പരസ്പര ബഹുമാനം, സ്നേഹം, ആരാധന എന്നിവയുണ്ട്. പരസ്പരം കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പോസിറ്റീവാണ്, അത് എല്ലായ്പ്പോഴും സഹായിക്കുന്നു.
ഞങ്ങളുടേത് ശരിക്കും അറേഞ്ച് മാര്യേജ് എന്ന് പറയാനാവില്ല. ഞങ്ങളെ പരിചയപ്പെടുത്തിയത് എന്റെ സഹോദരനാണ്, പക്ഷേ ഞങ്ങൾ പരസ്പരം അനുയോജ്യരാണെന്നും വിവാഹം കഴിക്കണമെന്നും തീരുമാനിക്കുന്നതിന് മുമ്പ് ആറ് മാസം ഡേറ്റ് ചെയ്തു. ഒരു ഡോക്ടർ എന്ന നിലയിൽ ഡോ. നെനെയുടെ സമർപ്പണം തന്നെ ആകർഷിച്ചു. അദ്ദേഹത്തിന് മികച്ച ഒരു മര്യാദയുണ്ട്; അദ്ദേഹം തന്റെ രോഗികളെ ശരിക്കും ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന് താൽപ്പര്യമുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ആഴത്തിലുള്ള ഒരു ഉൾക്കാഴ്ച ലഭിക്കാനുള്ള കഴിവും ജിജ്ഞാസയും അദ്ദേഹത്തിനുണ്ട്.
ഞങ്ങൾ പരസ്പരം ജീവിതത്തിലെ ഒരു അനുഗ്രഹമാണെന്ന് ഞാൻ കരുതുന്നു. എന്റെ കുട്ടികളാണ് ഏറ്റവും വലിയ അനുഗ്രഹങ്ങൾ...’’ മാധുരി പറഞ്ഞു.
‘മിസ്സിസ് ദേശ്പാണ്ഡെ‘ എന്ന പരമ്പരയിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ഷോയിൽ, താരം ഒരു സീരിയൽ കില്ലറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഡിസംബർ 19 ന് ഒരു OTT പ്ലാറ്റ്‌ഫോമിൽ ഇത് പ്രദർശിപ്പിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW