-->
മുന്‍ലോകസുന്ദരിയും ബോളിവുഡിന്റെ ക്വീനുമായ ഐശ്വര്യറായ് ബച്ചന്‍ എന്നും ആരാധകരുടെ സ്വപ്നസുന്ദരിയാണ്. ഐശ്വര്യയോളം സൗന്ദര്യമുള്ള സ്ത്രീകളെ കണ്ടിട്ടില്ലെന്ന് ആരാധകര്‍ ഒരേ മനസ്സോടെ പറയാറുണ്ട്. റാമ്പില്‍ മാത്രമല്ല ബിഗ്സ്ക്രീനിലും ഐശ്വര്യയുടെ സൗന്ദര്യം ആവോളം പ്രശംസ നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപൂർവ്വമായി മാത്രമാണ് താരം പോസ്റ്റുകള്‍ പങ്കിടാറുള്ളത്.
ഇപ്പോഴിതാ ഒരു മിനുസമാർന്ന കറുത്ത ഗൗണിൽ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
ഏകദേശം അഞ്ച് ലക്ഷത്തിന് മേല്‍ വിലയുള്ള ഡോൾസ് & ഗബ്ബാന ഡിസൈനേഴ്സിന്റെ ലോംഗ് സില്‍ക്ക് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. പഴയ ഹോളിവുഡ് ചാരുത നല്‍കുന്ന ഗൗണിനൊപ്പം എമറാള്‍ഡ് ഗ്രീന്‍ പെന്‍ഡന്റും താരം ധരിച്ചിട്ടുണ്ട്. ഹൈ ഫാഷന്‍ ഫാന്റസിയില്‍ നിന്ന് രാജകീയമായ ലുക്കിലേക്ക് മാറ്റുന്നത് ആ പെന്‍ഡന്റാണ്. ലളിതമായ ഒരു ചുവന്ന ഹൃദയ ഇമോജി മാത്രം ക്യാപ്ഷനായി നല്‍കിയാണ് ഐശ്വര്യ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. താരം പങ്കിട്ട രണ്ടാമത്തെ ചിത്രം, ക്ലോസ്അപ്പ് ലുക്കിലുള്ളതാണ്, അത് ഇന്‍ഡസ്ട്രിയിലെ താരത്തിന്റെ ആദ്യകാലങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. കാലാതീതമായ സൗന്ദര്യം, ചാരുത, സിഗ്നേച്ചർ ലുക്ക് എന്നിവ പകര്‍ത്തുന്നതാണ് രണ്ട് ചിത്രങ്ങളും.
താരം പങ്കുവച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തരംഗമായി. സോഷ്യൽ മീഡിയയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് ആഘോഷിച്ചുകൊണ്ട് ആരാധകർ കമന്റ് നല്‍കി പ്രശംസിച്ചു. ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ, സമയം പിന്നോട്ട് തിരിയുന്നു, കാലാതീതമായ ആകർഷണീയതയെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല, വളരെ വളരെ സുന്ദരിയായിരിക്കുന്നു, നിങ്ങളെ പകര്‍ത്തുന്ന എല്ലാ ക്യാമറകളും ലക്കിയാണ്...’ എന്നതടക്കമാണ് കമന്റുകള്‍.