-->
അവിശ്വസനീയമമെന്ന് തോന്നിക്കുന്ന ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഡാര്‍ലിങ്ടണില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. മരിച്ചതായി പ്രഖ്യാപിച്ച സ്ത്രീ മോര്‍ച്ചറിയില്‍ വച്ച് ഉണര്‍ന്നത്രേ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചതാകാമെന്നാണ് നിഗമനം. ഒലിവ് മാര്‍ട്ടിന്‍ (54) വീട്ടില്‍ വെച്ച് മരിച്ചതായി തെറ്റായി വിലയിരുത്തിയ പാരാമെഡിക്കുകള്‍ പരിചരണത്തിന് അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിനു പകരം ഡാര്‍ലിങ്ടന്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, അവിടെയെത്തിയപ്പോഴാണ് ഒലിവിന് ജീവനുണ്ടെന്ന് ജീവനക്കാര്‍ കണ്ടെത്തിയത്. പക്ഷേ അല്‍പസമയത്തിനകം ഒലിവ് മരണത്തിന് കീഴടങ്ങി.
2023 ഒക്ടോബര്‍ 13നാണ് സംഭവം നടന്നത്. സംഭവത്തില്‍ മസ്തിഷ്‌ക ക്ഷതമാണ് മരണകാരണമെന്ന് കൊറോണര്‍ ജെറമി ചിപ്പര്‍ഫീല്‍ഡ് കോടതിയില്‍ വ്യക്തമാക്കി. മരിച്ചതായി വിലയിരുത്തിയതിനാല്‍ ഒലിവിനെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയില്ല. അതുകാരണം രണ്ട് മണിക്കൂര്‍ സമയത്തേക്ക് ചികിത്സ ലഭിച്ചില്ലെന്ന് കുടുംബത്തെ പ്രതിനിധീകരിച്ച് ഹാജരായ ടോം ബാര്‍ക്ലേ സെംപിള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനു പകരം നേരിട്ട് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കില്‍ ഫലം വ്യത്യസ്തമാകുമായിരുന്നോ എന്ന ചോദ്യവും അദ്ദേഹം കോടതിയില്‍ ഉന്നയിച്ചു. 2023 ഒക്ടോബര്‍ 13നാണ് ബോധരഹിതയായ നിലയില്‍ ഒലിവിനെ വീട്ടില്‍ കണ്ടെത്തുന്നത്. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ ലഭിക്കുന്നതില്‍ ക്ഷാമം അനുഭവപ്പെട്ടതായിരുന്നു ബോധക്ഷയത്തിന് കാരണം. ഇത് സംഭവിച്ചിട്ട് എത്ര നേരമായി എന്ന് വിലയിരുത്തുന്നതില്‍ വീഴ്ച വന്നുവെന്നും ടോം ബാര്‍ക്ലേ സെംപിള്‍ കോടതിയില്‍ പറഞ്ഞു.
മോര്‍ച്ചറിയില്‍ വെച്ച് ജീവന്റെ ലക്ഷണങ്ങള്‍ ഒലിവ് പ്രകടിപ്പിച്ചതായി നോര്‍ത്ത് ഈസ്റ്റ് ആംബുലന്‍സ് സര്‍വീസിനെ പ്രതിനിധീകരിച്ച് ഹാജരായ ജെയിംസ് ഡൊണെല്ലി സമ്മതിച്ചു. 'സംഭവം അറിഞ്ഞയുടന്‍ അന്വേഷണം ആരംഭിച്ചു. വീഴ്ച സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. രോഗിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായ അവലോകനം നടക്കുകയാണ്. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയില്ല' നോര്‍ത്ത് ഈസ്റ്റ് ആംബുലന്‍സ് സര്‍വീസിലെ പാരാമെഡിസിന്‍ ഡയറക്ടര്‍ ആന്‍ഡ്രൂ വ്യക്തമാക്കി. ഡര്‍ഹാം കോണ്‍സ്റ്റാബുലറി മരണത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.