-->
തിരുവന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂര്‍ത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും.
ബലാത്സംഗം നടന്നതായി യുവതി മൊഴി നല്‍കിയ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലെത്തി പോലീസ് പരിശോധന നടത്തി. ഫ്‌ളാറ്റിലെത്തി മഹസര്‍ തയ്യാറാക്കി. യുവതിയെയും കൊണ്ടാണ് പോലീസ് ഫ്‌ളാറ്റിലെത്തിയത്. ഫ്‌ളാറ്റില്‍ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പാലക്കാട്ടെ രാഹുലിന്റെ ഫ്‌ളാറ്റിലെത്തിയും പോലീസ് പരിശോധന നടത്തി മഹസര്‍ തയ്യാറാക്കുമെന്നാണ് വിവരം.
അതേസമയം, യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പാലക്കാട് വ്യാപക തിരച്ചിലാണ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തന്നെ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വിവിധ ഇടങ്ങളില്‍ പരിശോധന നടന്നു. മംഗലംഡാം, കുഞ്ചിയാര്‍പതി, പപ്പടപ്പാറയിലെ റിസോര്‍ട്ട് അടക്കമാണ് പോലീസ് പരിശോധന നടത്തി. രാഹുല്‍ സ്ഥലത്തുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.