-->
തിരുവല്ല: തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതിനെതിരേ രൂക്ഷമായ പ്രതികരണവുമായി തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി. തെരഞ്ഞെടുപ്പ് ആശയങ്ങളുടെ പോരാട്ടമല്ലെന്നും വ്യക്തിപരമല്ലെന്നും വ്യക്തിഹത്യയ്‌ക്കോ പകപോക്കലിനോ ഉള്ള വേദിയാക്കി തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ മാറ്റരുതെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.
ഫേസ്ബുക്ക് വീഡിയോ വഴിയാണ് അനൂപ് ആന്റണി വിഷയം ശ്രദ്ധയില്‍ പെടുത്തിയത്. തിരുവല്ലയിലെ നിരണം വടക്കുംഭാഗത്താണ് റോഡരികില്‍ പതിച്ചിരുന്ന അനൂപ് ആന്റണിയുടെ പോസ്റ്ററുകള്‍ കീറിയിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. കീറിയിട്ടിരിക്കുന്ന പോസ്റ്ററിന്റെ വീഡിയോ സഹിതമാണ് പ്രതികരണം. ബിജെപി പ്രവര്‍ത്തകര്‍ മുമ്പില്ലാത്തവിധം ഏറെ ആവേശത്തോടെയും ഊര്‍ജ്ജത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ രാപകലില്ലാത്ത കഠിനാദ്ധ്വാനമാണ് തെരഞ്ഞെടുപ്പ് പോസ്റ്ററുകളെന്നും അതിന് മേല്‍ ജനാധിപത്യമല്ലാത്ത നിലയിലുള്ള പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പില്‍ താന്‍ മുമ്പോട്ട് വെയ്ക്കുന്ന ആശയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ആശയപരമായിട്ടാണെന്നും പോസ്റ്ററുകള്‍ നശിപ്പിച്ചുകൊണ്ടല്ലെന്നും പറഞ്ഞു.
നാടിന് മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ഇവിടുത്തെ ജനങ്ങള്‍ക്ക് നല്ലത് ചെയ്യുവാനുമാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിനായി പ്രവര്‍ത്തകര്‍ അദ്ധ്വാനിക്കുകയും ചെയ്യുകയാണ്. അതിനെ ജനാധിപത്യ മര്യാദ അല്ലാത്ത രീതിയില്‍ പെരുമാറുന്നത് അംഗീകരിക്കാനാകില്ല. ഇത് നിങ്ങളുടെ രാഷ്ട്രീയവും മനുഷ്യത്വവുമൊക്കെ എവിടെ നില്‍ക്കുന്നു എന്നതാണ് കാണിക്കുന്നതെന്നും അനൂപ് പറയുന്നു. ഇത്തരം രാഷ്ട്രീയം കേരളത്തില്‍ നിന്നും പോകണമെന്നും നാടിന് ഗുണം കിട്ടുന്നരീതിയില്‍ നല്ല മത്സരമാക്കി മാറ്റുന്നതിന് പകരം വ്യക്തിഹത്യ ചെയ്യുന്നതും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും തനിക്കെതിരേ മത്സരിക്കുന്ന രണ്ടു പാര്‍ട്ടികള്‍ക്കും ശോഭ നല്‍കുന്നതല്ലെന്നും അനൂപ് ആന്റണി പറയുന്നു.