-->
സ്ത്രീധനം നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണെങ്കിലും ഇന്ത്യയുടെ പല ഭാഗത്തും ഇന്ന് ഈ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിനിടയിലാണ് ഹൃദയത്തില്‍ ഇടം നേടിയ സ്ത്രീധനത്തിനെതിരായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഈ സംഭവം നടന്നത്. 26കാരനായ അവധേഷ് റാണയാണ് വധു അദിതി സിങ്ങിന്റെ കുടുംബം നല്‍കിയ 31 ലക്ഷം രൂപ നിരസിച്ചത്. പകരം 'ഗോരാ തിലക്' ചടങ്ങിന്റെ ഭാഗമായി ഒരു രൂപ മാത്രം അദ്ദേഹം സ്വീകരിച്ചു.
യുവതിയുടെ ബന്ധുക്കള്‍ ഒരു തളികയിലാണ് പണം വെച്ചിരുന്നത്. എന്നാല്‍ അവധേഷ് തളികയ്ക്ക് മുന്നില്‍ നമസ്‌കരിച്ചശേഷം അത് തിരിച്ചുനല്‍കുകയായിരുന്നു. 'ഈ പണം സ്വീകരിക്കാന്‍ എനിക്ക് ഒരു അവകാശവുമില്ല. ഇത് എന്റെ ഭാര്യയുടെ പിതാവ് കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. എനിക്കിത് സ്വീകരിക്കാനാവില്ല'അവധേഷ് വ്യക്തമാക്കി. വിവാഹത്തിനെത്തിയ അതിഥികള്‍ കൈയടിയോടെയാണ് ഈ തീരുമാനത്തെ വരവേറ്റത്. അവധേഷിന്റെ മാതാപിതാക്കളും പിന്തുണ നല്‍കി.
നാഗ്വയില്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ബിസിനസ് നടത്തുകയാണ് അവധേഷ്. വധു അദിതി സിങ്ങിന്റെ പിതാവ് സുനില്‍ സിങ്ങ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനുശേഷം അദിതിയും അമ്മയും സഹോദരനും മുത്തച്ഛന്‍ സുഖ്പാല്‍ സിങ്ങിനൊപ്പമായിരുന്നു താമസം.