-->
ദോഹ: ഇന്ത്യയുടെ ആധുനികകലയെ ലോകത്തിനു മുന്നിലെത്തിച്ച എം. എഫ്. ഹുസൈന് ഖത്തറിൽ സ്മാരകമ്യൂസിയം. ആധുനിക ഇന്ത്യൻ കലയുടെ നിർണായക ശില്പികളിൽ ഒരാളായ മഖ്ബൂൾ ഫിദാ ഹുസൈന്റെ (എം.എഫ്. ഹുസൈൻ)ചിത്രകലാ പൈതൃകത്തിന് സമർപ്പണമായി ഖത്തർ ഫൗണ്ടേഷൻ പണി കഴിപ്പിച്ച പുതിയ മ്യൂസിയം പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തു.ഖത്തർഫൗണ്ടേഷൻ ചെയർപേഴ്സൺ ഷെയ്ഖ മോസ ബിൻത്
നാസർ എം.എഫ്. ഹുസൈൻ മ്യൂസിയം ‘ലൗഹ് വ ഖലം’ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസം, ശാസ്ത്രം, സാമൂഹിക വികസനം എന്നിവക്ക് നേതൃത്വം നൽകുന്ന ഖത്തർ ഫൗണ്ടേഷൻ (QF) 'ലൗഹ് വ ഖലം: ദ മഖ്ബൂൽ ഫിദാ ഹുസൈൻ മ്യൂസിയം' ഉദ്ഘാടനം ചെയ്യുന്നതിലൂടെ ദോഹയിലെ കലാലോകത്തിന് പുതിയ വെളിച്ചമാകും.
ആധുനിക കലയുടെ മഹാനായ ഇന്ത്യൻ കലാകാരൻ എം.എഫ്. ഹുസൈന്റെ പൈതൃകത്തെ ആഘോഷിക്കാൻ രൂപകൽപന ചെയ്ത ഖത്തറിലെ പുതിയ സാംസ്കാരിക മൈൽസ്റ്റോൺ കിഴക്കിനും അറേബ്യയ്ക്കുമിടയിലെ സാംസ്കാരിക പാലമാകും.ഖത്തറിന്റെ വിദ്യാഭ്യാസ നഗരിയിലെ 100-ലധികം പൊതുകലാസൃഷ്ടികളും മത്താഫ് മ്യൂസിയവും പോലെ ഖത്തർ ഫൗണ്ടേഷന്റെ കലാസാംസ്കാരിക പ്രതിബദ്ധതയുടെ ഭാഗമാണ് മഖ്ബൂൽ ഫിദാ ഹുസൈൻ മ്യൂസിയമെന്ന് QF കമ്മ്യൂണിറ്റി എൻഗേജ്മെന്റ് & പ്രോഗ്രാംസ് എക്സിക്യുട്ടീവ് ഡയറക്ടർഖൊലൂദ് അൽ അലിപറഞ്ഞു.മ്യൂസിയം എം.എഫ്. ഹുസൈന്റെ അതുല്യമായ കലാജീവിതത്തെക്കുറിച്ചുള്ള കഥയാണ് അവതരിപ്പിക്കുന്നതെന്നും അത് വിദ്യാഭ്യാസ നഗരിയുടെ സൃഷ്ടിപരമായ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതുമാണെന്നും പ്രൊജക്ട് ഡയറക്ടർ നൗഫ് മുഹമ്മദ്പറഞ്ഞു.
ഹുസൈന്റെ അവസാന മാസ്റ്റർപീസായ'സീറൂ ഫി അൽ അർദ്'ആണ് മ്യൂസിയത്തിലെ പ്രധാന ആകർഷണം.മനുഷ്യ പുരോഗതിയെ ആഘോഷിക്കുന്ന ഈ സൃഷ്ടി സജീവവും ആവേശജനകവുമായ അനുഭവത്തിന്റെ സ്വതന്ത്ര ഇൻസ്റ്റലേഷൻ ആയാണ് വിദ്യാഭ്യാസ നഗരിയിലെ എം എഫ് ഹുസൈൻമ്യുസിയത്തിൽ ഒരുക്കിയിരിക്കുന്നത്. 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മ്യൂസിയത്തിന്റെ രൂപകല്പന ഹുസൈൻ വരച്ച ഒരു യഥാർത്ഥ സ്കെച്ചിൽ നിന്നാണ് രൂപം കൊണ്ടതെന്ന്ആർക്കിടെക്ട് മാർത്തണ്ട് ഖോസ്ല പറഞ്ഞു.നീല കെട്ടിടം, വെളുത്ത സിലിണ്ടർ ടവർ, മഴുവെളിച്ചം പോലെ തിളങ്ങുന്ന മഞ്ഞ പാത, കൂടാരമേഖല എന്നിവ ചേർന്നതാണ് ആർക്കിടെക്ചറൽ ആശയം. ടവറിനുള്ളിലെ 360-ഡിഗ്രി സിനിമാറ്റിക് അനുഭവം സന്ദർശകരെ ഹുസൈന്റെ കലയിലേക്ക് ആഴത്തിലേക്ക് കൊണ്ടുപോകുന്നു. സാംസ്കാരികബന്ധങ്ങളുടെ സ്വാഭാവിക തുടർച്ചയാണ് ദോഹയിൽ ഒരു ഇന്ത്യൻ കലാമഹാരഥന്റെ മ്യൂസിയം സ്ഥാപിതമാകുന്നതെന്ന് ഖത്തരി കലാകാരൻ കലാകാരൻ യൂസഫ് അഹമ്മദ്പറഞ്ഞു. ഹുസൈന്റെ നൂറ്റാണ്ടിനിടയിലൂടെ വ്യാപിച്ച സൃഷ്ടിപരമായ യാത്രയെ മനോഹരമായി അവതരിപ്പിക്കുന്ന refined space ആണിതെന്ന് അദ്ദേഹം പറഞ്ഞു.
മ്യൂസിയത്തിൽ ഹുസൈന്റെ ജീവിതവും കരിയറും 1950-കളിൽ നിന്ന് ദോഹയിലെ അവസാന നാളുകൾ വരെയുള്ള സൃഷ്ടിപരമായ കാലഘട്ടങ്ങളും രേഖപ്പെടുത്തുന്ന ആർക്കൈവ് സാധനങ്ങൾ, ചിത്രങ്ങൾ, സ്കെചുകൾ, വ്യക്തിപരമായ കലാസാമഗ്രികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മ്യൂസിയത്തിൽ ചിത്രങ്ങൾ, സിനിമകൾ, വസ്ത്രകല, ഫോട്ടോഗ്രാഫി, കവിത എന്നിവ ഉൾപ്പെടുന്ന മുന്ന് ഗാലറികളിലായി 140-ലധികം ഒറിജിനൽ കൃതികളും വ്യക്തിപരമായ സാമഗ്രികളും പ്രദർശിപ്പിക്കുന്നു. സ്വയം “ഗ്ലോബൽ നോമാഡ്” എന്നു വിളിച്ചിരുന്ന ഹുസൈൻ തന്റെ ജീവിതത്തിന്റെ അവസാനം ഖത്തറിലേക്കാണ് താമസം മാറിയത്. ഖത്തർ അദ്ദേഹത്തിന് രണ്ടാം ഭവനമായി മാറുകയും, ജീവിതത്തിന്റെ അന്തിമഘട്ടങ്ങളിൽ അദ്ദേഹം ഏറ്റവും വലിയ പ്രോജക്ടുകളും മാസ്റ്റർപീസുകളും ഇവിടെ പൂർത്തിയാക്കുകയും ചെയ്തു. എണ്ണച്ചായം, വാട്ടർകളർ, ലിതോഗ്രാഫി, സിരിഗ്രാഫി, ശില്പകല, ആർക്കിടെക്ചർ, ഇൻസ്റ്റലേഷൻ ആർട്ട് തുടങ്ങി അനവധി മാധ്യമങ്ങളിലൂടെയാണ് ഹുസൈന്റെ സൃഷ്ടികൾ സ്വരൂപിച്ചത്. സംവിധായകനും, കവിയും ആത്മകഥാകൃത്തും ആയിരുന്ന അദ്ദേഹം ഉറുദു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ രചനകൾ നടത്തി. അക്കാദമിക് ചിത്രകലയുടെ പരിധികളും സൂക്ഷ്മചിത്രകലയുടെ പരമ്പരാഗത വലയങ്ങളും മറികടന്നാണ് ഹുസൈൻ ഇന്ത്യൻ ആധുനികകലയുടെ ദിശ മാറ്റി പിടിച്ചത്.ഹുസൈന്റെ കലാപ്രപഞ്ചത്തിലേക്ക് പുതിയ വാതിൽപ്പടിയാകും ദോഹയിലെ മ്യുസിയം
ഷഫീക്ക് അറക്കൽ