-->
കറാച്ചി: മണിക്കൂറുകളോളം നീണ്ടു നിന്ന പ്രതിഷേധത്തിനും സംഘര്‍ഷത്തിനും പിന്നാലെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങള്‍ പരന്ന സാഹചര്യത്തിലായിരുന്നു അഡിയാല ജയിലിന് സമീപം ബന്ധുക്കള്‍ ധര്‍ണ്ണ നടത്തിയത്.
ഇന്നും ചൊവ്വാഴ്ചയും ഇമ്രാനെ സന്ദര്‍ശിക്കാനാണ് കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ സഹോദരി അലീമ ഖാനും പിടിഐ അനുയായികളും അഡിയാല ജയിലിന് സമീപം നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു. ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ആയിരക്കണക്കിന് തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി അണികളാണ് റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് ഇടിച്ചുകയറിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നതെങ്കിലും ജയില്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ഇമ്രാന്‍ ഖാന്‍ ജയിലില്‍ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നതായി അദ്ദേഹത്തിന്റെ സഹോദരിമാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സഹോദരനെ കാണണമെന്ന ഇവരുടെ ആവശ്യം അധികൃതര്‍ തള്ളിയതോടെയാണ് കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ജയില്‍ അധികൃതരുടെ മോശം പെരുമാറ്റവും പീഡനവും ഉയര്‍ത്തിക്കാണിച്ച് അദ്ദേഹം പലപ്പോഴും പരാതികള്‍ ഉന്നയിച്ചിരുന്നു.