-->
കണ്ണൂര്‍: ദിവസങ്ങള്‍ നീണ്ടുനിന്ന പ്രതിസന്ധിക്ക് ശേഷം കണ്ണൂരിലെ നേതാവ് കെ.സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് ഹൈമാന്റ് വഴങ്ങുന്നു. കെ.സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിക്കൊണ്ട് സമവായം ഉണ്ടാക്കാനാണ് ശ്രമം. ഇതോടെ കണ്ണൂരില്‍ സുധാകരന്‍ മത്സരിക്കുമെന്ന കാര്യവും ഉറപ്പായി. അടൂര്‍ പ്രകാശിനും മത്സരിക്കാന്‍ അവസരം നല്‍കുന്നുണ്ടെന്നും ഇരുവരും പത്രിക സമര്‍പ്പിക്കാന്‍ ഒരുക്കം തുടങ്ങിയതായിട്ടുമാണ് റിപ്പോര്‍ട്ട്. കണ്ണൂരും കോന്നിയും ഒഴിച്ചിട്ട് രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഇറക്കിയേക്കും എന്നാണ് വിവരം.
ഹൈക്കമാന്റ് അംഗീകരിച്ചില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ കെ.സുധാകരന്‍ തീരുമാനം എടുത്തിരുന്നു. ഇതിനായി മത്സരിക്കുന്നതിന് ആവശ്യമായ കേരള ഹൗസില്‍ നിന്നുള്ള ബാധ്യത രഹിത സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യ തീരുമാനം. എന്നാല്‍ സുധാകരന്‍ യാതൊരു സമവായം ഉണ്ടാക്കാന്‍ സഹകരിക്കാതെ ഇരിക്കുകയും തര്‍ക്കം തുടരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേയ്ക്ക് നീട്ടി.
ഇന്ന് സുധാകരന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനവും ഹൈക്കമാന്റ് നിര്‍ദേശത്തെ തുടര്‍ന്ന് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അതേസമയം തര്‍ക്കം തുടര്‍ന്ന സാഹചര്യത്തില്‍ കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്. ബാക്കിയുള്ള നാല്‍പത് സീറ്റിലും ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. വൈകിട്ടത്തെ തിരഞ്ഞെടുപ്പ് സമിതിയോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു സണ്ണിജോസഫും പ്രതികരിച്ചത്.