-->
മലപ്പുറം: കടുത്ത വിഭാഗീയതയും വിമതശല്യവും ഉയര്‍ന്നപ്പോള്‍ കഴിഞ്ഞതവണ യുഡിഎഫിന് വന്‍ വിജയം സമ്മാനിച്ച വാര്‍ഡില്‍ അതേ മുന്നണിക്ക് വേണ്ടി മത്സര രംഗത്തുള്ളത് ഒമ്പത് പേര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പള്ളിക്കല്‍ ബസാര്‍ പഞ്ചായത്തിലെ കൂട്ടാലുങ്ങല്‍ വാര്‍ഡിലാണ് സംഭവം. കോണ്‍ഗ്രസില്‍നിന്ന് ഏഴ് പേരും ലീഗില്‍നിന്ന് രണ്ട് പേരുമാണ് പത്രിക സമര്‍പ്പിച്ചത്.
പത്രിക പിന്‍വലിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഔദ്യോഗിക സ്ഥാനാര്‍ഥി ആരെന്നതില്‍ ഇനിയും തീരുമാനമായില്ല. വിഭാഗീയത അവസാനിപ്പിക്കാന്‍ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികള്‍ കൂട്ടമായി പത്രിക നല്‍കിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ യുഡിഎഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച വാര്‍ഡുകളില്‍ ഒന്നാണിത്. ഇവിടെ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, കെഎസ് യു, മുസ്‌ളീംലീഗ്, യൂത്ത് ലീഗ് എന്നിവയില്‍ നിന്നുള്ളവരാണ് പത്രിക സമര്‍പ്പിച്ചത്.
ലത്തീഫ് കൂട്ടാലുങ്ങല്‍, കെ പി സക്കീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ അബ്ദുറഹ്മാന്‍, കെഎസ്യു പ്രവര്‍ത്തകന്‍ നാസിം സിദാന്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി ഹമീദ് പാറശ്ശേരി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ കെ ഇസ്മായീല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബ്ദുറഷീദ്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കെ വൈ റഹീം, ലീഗ് പ്രവര്‍ത്തകന്‍ ചിങ്ങന്‍ മുസ്തഫ എന്നിവരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.