-->
ദൃബായ് ഉള്‍പ്പെടെയുള്ള യുഎഇയുടെ പലഭാഗത്തും ഇപ്പോള്‍ കടുത്ത ശൈത്യം അനുഭവപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ചുവപ്പും മഞ്ഞയും അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ദുബായില്‍ നിന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ പങ്കുവച്ച ഇന്ത്യക്കാരടക്കമുള്ളവര്‍ കാലാവസ്ഥയിലെ അസാധാരണ മാറ്റത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പങ്കുവെച്ചു. പിന്നാലെ 'ബുര്‍ജ് ഖലീഫ കാണുന്നില്ലെന്ന്' കുറിപ്പുകളുടെ പ്രളയമായിരുന്നു.
അതേസമയം 'ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ ദൃശ്യപരത ഏതാണ്ട് പൂജ്യമാണ്. പക്ഷേ, രാവിലെ തണുപ്പും സുഖവും തോന്നുന്നു,' ദുബായില്‍ ഒരു ട്രാവല്‍ ബ്ലോഗ് നടത്തുന്ന ദമ്പതികളുടെ ഇന്‍സ്റ്റാഗ്രാം പേജിലെ ഒരു കുറിപ്പ് ഇങ്ങനെയാണ്. മറ്റൊരു വീഡിയോയില്‍, ദുബായില്‍ താമസിക്കുന്ന ഒരു സ്ത്രീ തമാശയായി പറഞ്ഞത്, 'ബുര്‍ജ് ഖലീഫ കാണുന്നില്ല' എന്നായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുര്‍ജ് ഖലീഫ. ഇതിനെ പോലും മൂടന്ന തരത്തില്‍ അതിശക്തമായ മൂടല്‍ മഞ്ഞായിരുന്നു അനുഭവപ്പെട്ടത്. മറ്റൊരാള്‍ 'ബുര്‍ജ് ഖലീഫ പോലും ഉറങ്ങുകയാണ്.' എന്ന് മാറ്റിയെഴുതി.
മൂടല്‍മഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നിരവധി പേരാണ് പിന്നാലെ എത്തിയത്. 'ഗതാഗതം മന്ദഗതിയിലാണ്, പക്ഷേ, കാഴ്ച വളരെ മികച്ചതാണ്' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. മറ്റ് ചിലര്‍ മൂടല്‍ മഞ്ഞില്‍ അമിത വേഗം പാടില്ലെന്നും വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ദൃശ്യപരത കുറയുന്നത് വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഷാര്‍ജയിലെ അല്‍ ഖരയീന്‍, അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായിലെ അല്‍ ലിസൈലി, അല്‍ ഖുദ്ര, അബുദാബിയിലെ സെയ്ഹ് ഷുഐബ്, അല്‍ അജ്ബാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് മൂടിയതായി എന്‍സിഎം പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ദുബായ് പോലീസും അബുദാബി പോലീസും മുന്നറിയിപ്പ് നല്‍കി. മൂടല്‍മഞ്ഞ് ശക്തമായതിനാല്‍ വാഹനമോടിക്കുന്നവര്‍ സുരക്ഷിതമായും ജാഗ്രതയോടെയും വാഹനമോടിക്കണമെന്ന് ദുബായ് പോലീസ് ട്വീറ്റ് ചെയ്തു.