-->
ദോഹ: ചാലിയാർ ദോഹ പത്താം വാർഷികം 'ചാലിയാർ ഉത്സവം -2025’സംഗീതവും നൃത്തവും നിറയുന്ന സാംസ്കാരിക നിറവിസ്മയമാകും.
നവംബർ 21ന് വെള്ളിയാഴ്ച വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന 'ചാലിയാർഉത്സവം' സമ്പൂർണകലാവിരുന്നാകുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4 മണി മുതൽ തുടക്കം കുറിക്കുന്ന ആഘോഷപരിപാടിയിൽ പതിനാലാം രാവ് ടൈറ്റിൽ വിന്നർമാരും പിന്നണിഗായകരുമായ ബാദുഷയും സൽമാനും നയിക്കുന്ന സംഗീത വിരുന്ന്ആസ്വാദകരുടെ മനംകവരും. മലബാറിന്റെ ചരിത്രവും സംസ്കാരവുമായി ഇഴചേർന്നൊഴുകുന്ന ചാലിയാറിന്റെ തീരത്തെ വിവിധപഞ്ചായത്തുകളുടെ പൈതൃകത്തെ അടയാളപെടുത്തുന്ന ദൃശ്യവത്കരണവും ആഘോഷപരിപാടിയുടെ വേറിട്ട അനുഭവമാകും. ചാലിയാർ ദോഹയുടെ കലാകാരൻമാരും, കലാകാരികളും, ,കുട്ടികളും ചേർന്ന് സിനിമാറ്റിക് ഡാൻസ്, ഒപ്പന, സ്കിറ്റ്, കോൽക്കളി, തിരുവാതിര, മാർഗംകളി, മൈം തുടങ്ങിയ കലാവിരുന്നുകളും അരങ്ങുണർത്തും.
ഇന്ത്യൻ എംബസി കോൺസുലർ (Head of Chancery & Consular) ഡോ. വൈഭവ് എ.ടണ്ഡാലെ മുഖ്യാതിഥിയാകുന്ന സാംസ്‌കാരികസമ്മേളനത്തിൽ ഇന്ത്യൻ കമ്മ്യുണിറ്റിയിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കും.സെഡക്സ് കാർഗോയാണ് പരിപാടിയുടെ മുഖ്യപ്രായോജകർ.പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായചാലിയാർ ദോഹ ചാലിയാർ പുഴയുടെ തീരത്തുള്ള 24 പഞ്ചായത്തുകളുടെ കൂട്ടായ്മയായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയാണ്.ദോഹയിൽ നടന്ന പത്രസമ്മേളനത്തിൽ ചാലിയാർ ഉത്സവ കമ്മിറ്റി ചെയർമാൻ മഷ്ഹൂദ് വി സി തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, മീഡിയ വിംഗ് ചെയർമാൻ അഹമ്മദ് നിയാസ് മൂർക്കനാട്, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽവാഹിദ് ചാലിയം, വനിതാ വിംഗ് പ്രസിഡന്റ് മുഹ്സിന സമീൽ, ട്രെഷറർ അബ്ദുൾ അസീസ് ചെറുവണ്ണൂർ,മറൈൻ എയർ കണ്ടിഷനിങ് ആൻഡ് റെഫ്രിജറേഷൻ കമ്പനി എം.ഡി. ഷൗക്കത്തലി ടി എ ജെ, സെഡക്സ് കാർഗോ മാർക്കറ്റിംഗ് കൺസൾട്ടന്റ് ഷാറാ ഹാഷ്മി, എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ