-->
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ സംവിധായകന്‍ വിഎം വിനു 2020 ല്‍ വോട്ട് ചെയ്‌തെന്ന വാദം പൊളിയുന്നു. അന്നത്തെ വോട്ടര്‍പട്ടികയില്‍ വിനുവിനും കുടുംബത്തിനും വോട്ടില്ലായിരുന്നെന്ന വിവരം പുറത്തുവന്നതോടെ അദ്ദേഹം അന്ന് എങ്ങിനെ വോട്ടുചെയ്തു എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുകയാണ്. 2020 ലെ വോട്ടര്‍പട്ടികയില്‍ വിഎം വിനുവിന് വോട്ടില്ലായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിനു, ഭാര്യ, മകന്‍, മകള്‍ എന്നിങ്ങനെ ആരും വോട്ടു ചെയ്തിട്ടില്ല.
കോര്‍പ്പറേഷനിലെ എട്ടാം ഡിവിഷനിലെ നാലാം നമ്പര്‍ ബൂത്തില്‍നിന്ന് താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് വിനു നേരത്തേ പറഞ്ഞത്. അന്ന് കൗണ്‍സിലറായിരുന്ന കെ പി രാജേഷ് കുമാറിനൊപ്പം വന്നാണ് വോട്ട് ചെയ്തതെന്നും വിനു പറഞ്ഞിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വിനു വോട്ട് ചെയ്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വിനുവിന് 2020 ലെ വോട്ടര്‍പട്ടികയില്‍ വോട്ടില്ലായിരുന്നെന്ന വിവരം പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്.
കോര്‍പ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാണ് വി എം വിനു. കല്ലായി ഡിവിഷനില്‍ നിന്നും വിനു വോട്ട് തേടി പ്രചാരണത്തിലും സജീവമായിരുന്നു. എന്നാല്‍ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം അറിയുന്നത്. വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത ആളെയാണോ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ചോദ്യം. കരട് വോട്ടര്‍ പട്ടികയോ അന്തിമ പട്ടികയോ പരിശോധിക്കാതെയാണോ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന ചോദ്യവും നേതൃത്വം നേരിടുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ വി എം വിനുവിന്റെ വോട്ട് വെട്ടിയെന്നായിരുന്നു കോണ്‍ഗ്രസ് വാദം. വിഷയത്തില്‍ കോടതിയെ സമീപിക്കാനിരിക്കയാണ് വി എം വിനു. വോട്ടര്‍പട്ടികയില്‍ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച വിനു കോര്‍പ്പറേഷന്‍ ഓഫീസിലെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കും. നേരത്തേ തിരുവനന്തപുരം മുട്ടടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ വൈഷ്ണയുടെ കാര്യത്തിലും സമാന പ്രശ്‌നം ഉണ്ടായിരുന്നു. എന്നാല്‍ കേരളാഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.