-->
വണ്‍പ്ലസ് തങ്ങളുടെ എയ്‌സ് സീരീസില്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. ശക്തമായ പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായി വണ്‍പ്ലസ് എയ്‌സ് 6T (OnePlus Ace 6T) എന്ന മോഡലാണ് അവതരിപ്പിക്കുക. വണ്‍പ്ലസ് എയ്‌സ് 6Tയുടെ ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്ന് ടീസറിലൂടെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബറില്‍ തന്നെ എയ്‌സ് 6T ലോഞ്ച് ഉണ്ടാകുമെന്ന് വണ്‍പ്ലസ് ടീസറില്‍ പറയുന്നുണ്ട്.
ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്‌സെറ്റ് കരുത്തില്‍ എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയോടെയാകും വണ്‍പ്ലസ് എയ്‌സ് 6T എത്തുക. മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന ഒരു ഫോണ്‍ ആയിരിക്കും ഇത് എന്നാണ് കമ്പനി പറയുന്നത്. ടീസറില്‍ ഫോണിന് ഒരു മെറ്റല്‍ ഫ്രെയിം കാണിക്കുന്നു. ഒരു മികച്ച പെര്‍ഫോമന്‍സ് ഫ്‌ലാഗ്ഷിപ്പിനുള്ള പുതിയ ഓപ്ഷനായിരിക്കും വണ്‍പ്ലസ് എയ്‌സ് 6T മോഡലെന്നും, അതിന്റെ ഗെയിമിംഗ് എക്‌സ്പീരിയന്‍സ് മികച്ചതായിരിക്കുമെന്നും കമ്പനിയുടെ ചൈനീസ് മേധാവി ലൂയിസ് ജി പറഞ്ഞു. 165fps ഗെയിമിംഗും സൂപ്പര്‍- മാക്‌സിമം ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്ന 165Hz സ്‌ക്രീന്‍ ഫോണില്‍ ഉണ്ടായിരിക്കും. യുവാക്കളെയാണ് ഈ മോഡലിലൂടെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് വണ്‍പ്ലസ് സമ്മതിച്ചിട്ടുണ്ട്.
8000mAh-ലധികം ബാറ്ററി ശേഷി വണ്‍പ്ലസ് എയ്‌സ് 6T മോഡലിന് ഉണ്ടാകും എന്ന് ലൂയിസ് ജി സൂചന നല്‍കി. അതിനാല്‍ മികച്ച പെര്‍ഫോമന്‍സിന് പുറമേ ബെസ്റ്റ് ബാറ്ററി ശേഷിയും ഈ വണ്‍പ്ലസ് ഫോണ്‍ അവതരിപ്പിക്കും എന്ന് ഉറപ്പിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഡ്‌സ്ട്രിയില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടാനുള്ള ഒരു പ്രഖ്യാപനമാണ് ഈ മോഡല്‍ എന്നാണ് വണ്‍പ്ലസ് വിശദീകരിക്കുന്നത്. അതേസമയം വണ്‍പ്ലസ് എയ്‌സ് 6T ഇന്ത്യയില്‍ എത്തുമോയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. ഈ മാസം തന്നെ എയ്‌സ് 6T ചൈനീസ് ലോഞ്ച് ഉണ്ടാകും എന്നതിനാല്‍ കൂടുതല്‍ ഡീറ്റെയില്‍സ് പുറത്തു വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു.