Friday, March 13, 2026 Last Updated 28 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 10.33 AM

പ്രഭാതം പൊട്ടിവിടരുമ്പോള്‍ പക്ഷികള്‍ പാട്ടുപാടുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? പഠനം പറയുന്നതിങ്ങനെ...

reason, birds. singing, morning

ഓരോ പ്രഭാതം പൊട്ടിവിടരുന്നത് കിളികളുടെ മനോഹരമായ സംഗീതം കൊണ്ട്. ഈ കിളികൊഞ്ചല്‍ കേള്‍ക്കാതെ ഉണരാത്തതായി ആരും തന്നെ ഉണ്ടാകില്ല. ഒരു ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ പല ഈണത്തില്‍ പല താളത്തില്‍ പല ഫ്രീക്വന്‍സിയിലുള്ള ഈ ശബ്ദങ്ങള്‍ കേട്ടിരുന്നാല്‍ മാത്രം മതിയാകും. ഉറക്കം ഉണര്‍ന്ന് തീറ്റ തേടി പുറപ്പെടുന്നതിന്റെ കോലാഹലം മാത്രമാണിതെന്ന് കരുതണ്ട. പക്ഷികള്‍ രാവിലെ ഇത്തരത്തില്‍ പാട്ടുപാടുന്നതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്.

കൊറിയ ബ്രെയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവശാസ്ത്രജ്ഞനായ എഡ്‌നൈ ബരോസും സംഘവുമാണ് പക്ഷികളുടെ ഈ സ്വഭാവരീതിക്ക് പിന്നിലെ കാരണം തേടി ഇറങ്ങിയത്. രാത്രിയില്‍ നിന്ന് പകലിലേക്കുള്ള മാറ്റം പക്ഷികളെ എത്തരത്തില്‍ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സൂര്യോദയം എത്താനായുള്ള കാത്തിരിപ്പ് നീളുംതോറും പക്ഷികളുടെ പാട്ടിന്റെ തീവ്രതയിലും മാറ്റം ഉണ്ടാകുന്നുണ്ടെന്നാണ് പഠന സംഘം കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലും സമീപ ദ്വീപുകളിലും കാണപ്പെടുന്ന സീബ്ര ഫിഞ്ച് എന്നറിയപ്പെടുന്ന പക്ഷികളിലാണ് പഠനം നടത്തിയത്.

ഇതിനായി അവയെ പ്രത്യേകമായി തയ്യാറാക്കിയ ഇടങ്ങളില്‍ പാര്‍പ്പിച്ചു. പകല്‍ എന്ന് തോന്നിപ്പിക്കുന്നതുപോലെ നല്ല വെളിച്ചമുള്ള ലാബ് മുറികളില്‍ വച്ച് ആണ്‍ സീബ്രാ ഫിഞ്ചുകള്‍ സ്വയം ഊര്‍ജ്ജസ്വലതയോടെ പാട്ടുപാടുന്നതുപോലെയുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി ഇരുട്ട് നിറച്ചപ്പോഴാകട്ടെ അവ യാതൊരുവിധ ശബ്ദവും ഉണ്ടാക്കിയതുമില്ല. വെളിച്ചത്തിലെ വ്യത്യാസത്തിന്റെ സ്വാധീനം കൃത്യമായി മനസ്സിലാക്കാന്‍ കൂടുതല്‍ നേരം വിളക്കുകള്‍ അണച്ച് സൂര്യോദയം കൃത്രിമമായി മൂന്ന് മണിക്കൂര്‍ വൈകിപ്പിച്ചും പരീക്ഷണം നടത്തിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ വെളിച്ചം കടന്നെത്തിയ മാത്രയില്‍ വളരെ പെട്ടെന്ന് തന്നെ അവ വേഗതയില്‍ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതായി തിരിച്ചറിഞ്ഞു.

ദിവസം ആരംഭിക്കാന്‍ അക്ഷമയോടെ കാത്തിരുന്നതിന്റെ പ്രതിഫലനമായാണ് ഗവേഷകര്‍ ഇത് വിലയിരുത്തുന്നത്. എന്നാല്‍ വെളിച്ചം വൈകിപ്പിച്ച വേളയിലും പുറത്തെ സൂര്യോദയത്തിന്റെ അതേ സമയത്ത് തന്നെ പക്ഷികള്‍ ഉണരുന്നതായും കണ്ടെത്തി. ഇരുട്ടില്‍ തന്നെ സജീവമായി ചുറ്റി നടക്കുകയായിരുന്നു അവ. എന്നാല്‍ വെളിച്ചം എത്തുന്നത് വരെ പാട്ടുപാടാന്‍ മുതിര്‍ന്നിരുന്നില്ല. മെലറ്റോണിനുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ സംവിധാനങ്ങള്‍ വഴിയാണ് പക്ഷികള്‍ പ്രഭാതത്തിന് വളരെ മുമ്പുതന്നെ ഇരുട്ടില്‍ ഉണരുന്നത് എന്ന് എഡ്‌നി ബാരോസ് പറയുന്നു. അസ്വാഭാവികമായി ഇരുട്ടിന്റെ ദൈര്‍ഘ്യം നീളുമ്പോള്‍ യഥാസമയത്ത് പാട്ടുപാടാന്‍ തുനിയാതെ അവ ആ ശീലം അടിച്ചമര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് മൂലം ശബ്ദമുണ്ടാക്കാനുള്ള അവയുടെ ആന്തരക പ്രചോദനം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിവരിക്കുന്നു.

ഒരു രാത്രി നീണ്ടുനില്‍ക്കുന്ന വിശ്രമത്തിനുശേഷം ശബ്ദത്തിന് ഒരു വാം അപ്പ് നല്‍കുന്നതിനുവേണ്ടിയാണ് പക്ഷികള്‍ വെളിച്ചം വീഴുന്ന സമയത്ത് തന്നെ പാട്ടുപാടുന്നത്. ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ശരീരത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഇതിലൂടെ പക്ഷികള്‍ക്ക് സാധിക്കുന്നുണ്ട്. ഇതിനുപുറമേ പകല്‍ സമയത്തെ പ്രത്യുല്‍പാദന പ്രക്രിയ കൂടുതല്‍ വിജയകരമാക്കാനും ഊര്‍ജസ്വലതയോടെയുള്ള ഈ പാട്ടുപാടല്‍ പക്ഷികളെ സഹായിക്കുന്നുണ്ടെന്നാണ് നിഗമനം

Ads by Google
Ads by Google
LATEST NEWS
TRENDING NOW