-->
ദോഹ: സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ജലീലിയോക്ക്. "ടിനിറ്റെസ്" എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്കാരത്തിനർഹനാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2004 മുതൽ ബഹ്റൈനിൽ പ്രവാസിയും ബഹ്റൈനിലെ ദി ഡെയിലി ട്രിബ്യൂണി, ഡിസൈൻഡ് ക്രീയേറ്റീവ് സൊല്യൂഷൻസി എന്നീ ഇംഗ്ലീഷ് ദിനപത്രങ്ങളുടെ
സി ഇ ഒ യായ ജലീലിയോ മയ്യഴിക്കടുത്തുള്ള ഒളവിലം സ്വദേശിയാണ്. ആനുകാലികങ്ങളിൽ കഥകളെഴുതുന്ന ജലീലിയോക്ക് ചെറുകഥയ്ക്ക് 2023ലെ 'നവനീതം' പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഡിസി ബുക്സിലൂടെ 'റങ്കൂൺ സ്രാപ്പ്" എന്ന നോവലും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിഭജനങ്ങളും കലാപങ്ങളും തീർത്ത രാജ്യാതിർത്തികൾക്കകത്തു് രേഖകൾ ഇല്ലാതെ ഉമിതീപോലെ എരിഞ്ഞു തീർന്നമനുഷ്യരുടെ പ്രവാസാനുഭവങ്ങളെ ആഴത്തിലറിഞ്ഞ്ആവിഷ്കരിച്ചിരിക്കുന്ന നോവലാണ്ജലീലിയോയുടെ 'റങ്കൂൺ സ്രാപ്പ്'. പ്രശസ്ത കഥാകാരനും നോവലിസ്റ്റും സാഹിത്യ അക്കാദമി ജേതാവുമായ അശോകൻ ചരുവിൽ ചെയർമാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ അഷ്ടമൂർത്തിയും, എസ് സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫുനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച 76-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. 2025 നവംബർ 22 ശനിയാഴ്ച വൈകിട്ട് പുരസ്കാരസമർപ്പണവും സംസ്കാരിക സമ്മേളനവും ദോഹയിൽ വെച്ചു നടക്കും. പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ എസ്. ഹരീഷ് പുരസ്കാരം സമ്മാനിക്കും.
ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്കൃതിഖത്തർ ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസിക്ഷേമബോർഡ് ഡയറക്ടറും മുൻ സംസ്കൃതി ജനറൽ സെക്രട്ടറിയുമായ ഇ എം സുധീർ, സാഹിത്യ പുരസ്കാരസമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ