-->
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിര്‍മ്മിതി ബുര്‍ജ് ഖലീഫയാണ്. എന്നാല്‍ ഒരു കാലത്ത് മനുഷ്യനിര്‍മ്മിതമായ ഏറ്റവും ഉയരം കൂടിയ നിര്‍മ്മിതിയുടെ റെക്കാഡ് സ്വന്തമാക്കിയ കെട്ടിടമാണ് സിഎന്‍ ടവര്‍. കാനഡയുടെ ഹൃദയഭാഗത്തായി ടൊറൊന്റോ നഗരത്തിലാണ് ഈ കൂറ്റന്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ നിര്‍മ്മിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും സഞ്ചാരികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് സിഎന്‍ ടവര്‍.
1976ല്‍ നിര്‍മ്മിച്ച സിഎന്‍ ടവറിന് 553.33 മീറ്റര്‍ (1,815 അടി) ആണ് ഉയരം. നിര്‍മ്മാണ സമയത്ത് ഇത്രയും ഉയരത്തില്‍ എത്തിയ ആദ്യത്തെ കോണ്‍ക്രീറ്റ് നിര്‍മ്മിതിയായിരുന്നു സിഎന്‍ ടവര്‍. 1976 മുതല്‍ 2010 വരെ, ഏകദേശം 34 വര്‍ഷത്തോളം സിഎന്‍ ടവര്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ സ്വതന്ത്ര നിര്‍മ്മിതി എന്ന റെക്കാര്‍ഡ് നിലനിര്‍ത്തി. കനേഡിയന്‍ നാഷണല്‍ റെയില്‍വേ കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.
എന്നാല്‍ ഈ റെക്കാഡ് പിന്നീട് ബുര്‍ജ് ഖലീഫ മറികടക്കുകയായിരുന്നു. 828 മീറ്റര്‍ ഉയരമുള്ള ദുബായിലെ ബുര്‍ജ് ഖലീഫ വന്നതോടെയാണ് സിഎന്‍ ടവറിന് റെക്കാഡ് നഷ്ടമായത്. ഇതൊരു നിരീക്ഷണത്തിനും ടെലികമ്മ്യൂണിക്കേഷന്‍ ടവര്‍ എന്ന വിഭാഗത്തിലാണ് സിഎന്‍ ടവര്‍ വരുന്നത്. 19 ല്‍, അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയേഴ്‌സസ് സിഎന്‍ ടവറിനെ ആധുനിക ലോകത്തിലെ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് അടയാളപ്പെടുത്തിയത്. നഗരമദ്ധ്യത്തില്‍ ആകാശത്തേക്ക് കുത്തിക്കയറുന്നതുപോലെ തോന്നിക്കുന്ന ഇതിന്റെ ദൃശ്യം അതിമനോഹരമാണ്. പ്രതിവര്‍ഷം ഇരുപത് ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.