-->
ബിഗ് ബോസ് സീസണ്‍ 7 ലെ വിജയകിരീടം അനുമോള്‍ നേടിയതിനു പിന്നാലെ വിവാദങ്ങളും കുമിഞ്ഞു കൂടുകയാണ്. ഹൗസിനുള്ളില്‍ ഓരോ ടാസ്ക് കഴിഞ്ഞും അനുമോള്‍ ജയിക്കുമ്പോഴും അതെല്ലാം പി ആറിന്റെ കളികളാണെന്ന് സഹമത്സരാര്‍ത്ഥികള്‍ തുറന്നു പറഞ്ഞിരുന്നു. ഹൗസിനകത്തും പുറത്തും ഏറെ വിവാദമായി മാറിയ ഒന്നായിരുന്നു അനുമോള്‍ പിആറിന് 16 ലക്ഷം രൂപ കൊടുത്തു എന്നുള്ളത്.
ഇത്തവണ ബിഗ് ബോസ് വിജയി ആയ അനുമോള്‍ വൻതുക നല്‍കി പിആർ നടത്തിയെന്നും അങ്ങനെയാണ് വിജയിച്ചതെന്നുമാണ് കടുത്ത ആരോപണം. ഹൗസിനുള്ളില്‍ മത്സരത്തിന്റെ സമയത്തും ഈ ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. അനുമോള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചവരില്‍ പ്രധാനിയായിരുന്നു സഹമത്സരാര്‍ത്ഥിയായിരുന്ന ഡോ. ബിന്നി.
ബിന്നിയായിരുന്നു അനുമോള്‍ 16 ലക്ഷം രൂപ നല്‍കി പിആർ നടത്തിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇക്കാര്യം ചില വീക്കെൻഡ് എപ്പിസോഡുകളില്‍ ഉള്‍പ്പെടെ ചർച്ചയായും മാറി. പക്ഷേ അതെല്ലാം അനുമോള്‍ നിഷേധിച്ചു. എന്നാല്‍ പിന്നീട് ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം പിആർ നല്‍കിയെന്ന കാര്യം അനുമോള്‍ സമ്മതിച്ചു. എങ്കിലും നേരത്തെ പറഞ്ഞത് പോലെ ഉള്ള ഉയർന്ന തുക നല്‍കിയിട്ടില്ലെന്നായിരുന്നു അനുമോള്‍ പറഞ്ഞത്. താൻ പിആറിനായി ഒരു ലക്ഷം ചിലവാക്കിയെന്നായിരുന്നു ഒരുഘട്ടത്തില്‍ അനു പറഞ്ഞെങ്കിലും. പിന്നെ ഈ തുക പലപ്പോഴായി മാറ്റിപ്പറയുന്നതിനും എല്ലാവരും സാക്ഷികളായി.
ഇപ്പോഴിതാ വിഷയത്തില്‍ അനുമോള്‍ക്ക് എതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിന്നി. അനുമോളുടെ വായില്‍ നിന്ന് തന്നെ സത്യം പുറത്തുവന്നുവെന്നാണ് ബിന്നി പറയുന്നത്. കാലത്തിന്റെ കാവ്യ നീതിയാണിതെന്നും അവസാനം ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാന്‍ സമയം കിട്ടാതെ അനു മോള്‍ക്ക് സത്യം പറയേണ്ടി വന്നു എന്നുമാണ് വീഡിയോ പങ്കിട്ട് ബിന്നി പറയുന്നത്.
‘‘കാലത്തിന്റെ കാവ്യ നീതി. സത്യം എന്നായാലും പുറത്ത് വരും. താങ്ക്സ് ടു അഞ്ജന നമ്പ്യാര്‍. ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാന്‍ സമയം കിട്ടാതെ അനു മോള്‍ക്ക് സത്യം പറയേണ്ടി വന്നു. അതേ 16 ലക്ഷം, 1 ലക്ഷം കൊടുത്തു ഇനി 15 ലക്ഷം ഇനിയും കൊടുക്കാന്‍ ഉണ്ട്...കണക്ക് കൃത്യം ആയി.
നിങ്ങള്‍ ഇത് അസൂയയോ കുശുമ്പോ ആയി കരുതേണ്ട...ഇതൊരു ഓർമപ്പെടുത്തൽ ആണ്...സത്യം പറഞ്ഞതിന് അനുമോൾ പിആര്‍ കാരണം ഞാൻ ഇപ്പോഴും സൈബർ ബുള്ളിയിംഗ് നേരിടുന്നത് ഓർമ്മപ്പെടുത്തുന്നു...കഴിഞ്ഞ രണ്ട് സീസണ്‍സ് പോലെ ഈ സീസണിലും പിആര്‍ ജയിച്ചു. സത്യം തോറ്റു. ബിഗ്ഗ് ബോസ് ആണോ പിആര്‍ ബോസ് ആണോ?...’’ എന്നാണ് ബിന്നി വീഡിയോ പങ്കിട്ട് കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് വിജയത്തിന് ശേഷം അഞ്ജന നമ്പ്യാർക്ക് നല്‍കിയ അനുമോളുടെ അഭിമുഖത്തിലെ ശകലങ്ങള്‍ ഉള്‍പ്പെടെ ചേർത്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ബിന്നി ആഞ്ഞടിച്ചിരിക്കുന്നത്. ബിന്നിയുടെ ഈ പോസ്റ്റിനു താഴെയും നിരവധി പേര്‍ വിമര്‍ശിച്ച് കമന്റുകള്‍ കുറിച്ചിട്ടുണ്ട്. കൂടുതല്‍ പേരും അനുമോള്‍ക്ക് പിന്തുണ കുറിച്ചാണ് കമന്റുകള്‍ പങ്കിട്ടിരിക്കുന്നത്.
ഹൗസിനുള്ളില്‍ ആരോഗ്യകരമായ മത്സരം നടത്തുന്നവര്‍ പോലും പുറത്തും അതേ ശത്രുത മനോഭാവം കൊണ്ട് നടക്കുന്നത് മുൻപ് പല സീസണുകളിലും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. ഇത്തവണയും അത് മാറിയിട്ടില്ല. കഴിഞ്ഞ സീസണില്‍ ജിന്റോ വിജയി ആയപ്പോള്‍ പിആർ നടത്തിയിരുന്നു എന്ന സമാനമായ ആരോപണങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ ജിന്റോ ഇതിനോട് കാര്യമായി പ്രതികരിച്ചില്ല. അത് കൂടുതലും മത്സരം അവസാനിച്ച ശേഷമായിരുന്നു ചർച്ചകള്‍. കഴിഞ്ഞ ചില സീസണുകളായി ബിഗ് ബോസ് വിജയികള്‍ മുഴുവനും പിആറിലൂടെയാണ് ഉണ്ടാവുന്നത് എന്ന അഭിപ്രായവും വിമർശനവുമാണ് പ്രധാനമായും ഉയരുന്നത്.
മറ്റൊരു വീഡിയോയില്‍ അനുമോളുടെ പിആറില്‍ ടീമില്‍ നിന്ന് തനിക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നതെന്നും ബിന്നി ആരോപിക്കുന്നുണ്ട്. തനിക്ക് കുശുമ്പ് ആണെന്നും കള്ളം പറയുകയാണ് താനെന്ന് എല്ലാവരും പറഞ്ഞെന്നും ബിന്നി ചൂണ്ടിക്കാട്ടി. പിആര്‍ ഗ്രൂപ്പിന്റെ വാട്സ് അപ്പ് ചര്‍ച്ചകള്‍ പുറത്തു വിടുന്ന വീഡിയോയും ബിന്നി പങ്കുവച്ചിട്ടുണ്ട്.
അനുമോളുടെ ഫാൻസും പിആർ ടീമും ആസൂത്രിതമായാണ് തനിക്കെതിരെ നീങ്ങുന്നതെന്ന് ബിന്നി ആരോപിക്കുന്നു. ഇതിന് തെളിവായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും ബിന്നി പങ്കുവെച്ചിട്ടുണ്ട്. ബിന്നി പങ്കുവെച്ച തെളിവുകളിൽ പറയുന്നത് ബിന്നി ഒരു വീഡിയോ പോസ്റ്റ് ചെയ്ത കാര്യം ഈ ഗ്രൂപ്പിൽ ചർച്ചയാകുന്നുണ്ട് എന്നാണ്. ‘എല്ലാവരും റിയൽ അക്കൗണ്ടിൽ നിന്നും കമന്റിടൂ’ എന്നും ‘ബിന്നി വീണ്ടും എയറിൽ ആകും, അല്ലെങ്കിൽ നമ്മൾ എയറിൽ ആക്കും...’ എന്നുമുള്ള സന്ദേശങ്ങൾ സ്ക്രീൻഷോട്ടിൽ വ്യക്തമാണ്.
‘ഇത് കൃത്യമായി പ്ലാൻ ചെയ്തുള്ള ആക്രമണമാണ് സൂചിപ്പിക്കുന്നത്. തങ്ങൾ പിആർ അല്ല, അനുമോളുടെ യഥാർത്ഥ ആരാധകരാണ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് പലരും കമന്റുകൾ ഇടുന്നത്. എന്നാൽ ഇത് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണെന്നും, പണം വാങ്ങി പ്രവർത്തിക്കുന്ന പിആർ ടീം ആണിത്.
ഗെയിം കഴിഞ്ഞുവെന്ന് എനിക്കറിയാം, എന്നാൽ ഷോയിൽ എന്നെ ‘കള്ളി’ എന്ന് വിളിച്ച പിആർ ടീമിന് മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കണം. ബിന്നി പറയുന്നു. എന്റെ ഭാഗത്ത് സത്യവും ദൈവവുമുണ്ടെന്ന് വിശ്വസിക്കുന്നു. പണം വാങ്ങി സഹമത്സരാർത്ഥികളെ വ്യക്തിഹത്യ ചെയ്യുന്നവരോട് പുച്ഛം മാത്രമേയുള്ളൂ...’’ വീഡിയോയും സ്ക്രീന്‍ഷോട്ടും പങ്കിട്ട് ബിന്നി പറഞ്ഞു. ബിന്നിയുടെ പോസ്റ്റിന് നൂറ ഉൾപ്പെടെയുള്ള സഹമത്സരാർത്ഥികൾ ലൈക്ക് ചെയ്ത് പിന്തുണ കുറിച്ചിട്ടുണ്ട്.
ഗീതാഗോവിന്ദം എന്ന സീരിയലിലെ നായിക വേഷത്തിലൂടെ ജനപ്രീതി നേടിയെടുത്ത അഭിനേത്രിയാണ് ഡോ. ബിന്നി. നിഷ്കളങ്കമായ സംസാരവും ക്യൂട്ടായ അഭിനയവുമാണ് ബിന്നിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാനുള്ള കാരണം. സീരിയലില്‍ തിളങ്ങി നിന്ന സമയത്താണ് ബിന്നി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയത്. ബിന്നിയുടെ വ്യക്തി ജീവിതം പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത് താരം ബിഗ് ബോസിൽ ഭാഗമായശേഷമാണ്. ലൈഫ് സ്റ്റോറി സെഗ്മെന്റിൽ തന്റെ കുട്ടിക്കാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മറ്റും ബിന്നി വെളിപ്പെടുത്തിയപ്പോള്‍ നെഗറ്റീവ് കമന്റുകളാണ് കൂടുതലും വന്നത്. ബിഗ് ബോസിന് വേണ്ടി ബിന്നി കെട്ടിച്ചമച്ച് കഥ പറഞ്ഞുവെന്ന തരത്തിലായിരുന്നു കമന്റുകൾ. എന്നാല്‍ അതിനെതിരെ ഭര്‍ത്താവും സീരിയല്‍ സിനിമാ താരവുമായ നൂബിന്‍ രംഗത്ത് വരുകയും ചെയ്തിരുന്നു.