-->
ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, ജമ്‌നാപ്യാരി, ഞാന്‍ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഏറെ ആരാധകരുണ്ട് താരത്തിന്. ‘കായല്‍’ എന്ന തമിഴ് സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്. ഇതു കൂടാതെ ഹോട്ട്‌സ്റ്റാര്‍ വെബ് സീരീസ് ‘ഹാര്‍ട്ട് ബീറ്റ്’ രണ്ടാം സീസണും ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. ഈ സീരീസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുമോള്‍. തന്റെ യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബോള്‍ഡായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താന്‍ വ്യക്തി ജീവിതത്തില്‍ വളരെ ഇമോഷണലാണെന്ന് പറയുകയാണ് അനുമോള്‍. തന്റെ അമ്മയും അനിയത്തിയും താന്‍ കരയുന്നത് കണ്ടാല്‍ തകര്‍ന്നു പോകുമെന്ന് വിചാരിച്ചാണ് സ്ട്രോങ്ങാകാന്‍ ശ്രമിച്ചിട്ടുള്ളതെന്ന് പറയുകയാണ് അനുമോള്‍.
‘‘എന്റെ അമ്മയും അനിയത്തിയും ഞാന്‍ കരയുന്നത് കണ്ടാല്‍ തകര്‍ന്നു പോകുമെന്ന് വിചാരിച്ച് ഞാന്‍ സ്ട്രോങ്ങാകാന്‍ ശ്രമിച്ചിട്ടുണ്ട്. ശരിക്കും ഞാന്‍ സ്ട്രോങ്ങല്ല. വളരെ ഇമോഷണലി സെന്‍സിറ്റീവായ കുട്ടിയാണ് ഞാന്‍. വര്‍ഷങ്ങളായി ഞാന്‍ സ്ട്രോങ്ങാകാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ ഫൈറ്റ് ബാക്ക് ചെയ്യും. ചാകുന്നതു വരെ ഞാന്‍ ഫൈറ്റ് ബാക്ക് ചെയ്യും. പെട്ടെന്ന് വിഷമം വരുകയും കരയുകയും ചെയ്യാറുണ്ട് ഞാന്‍. പക്ഷേ ഞാന്‍ എന്റെ അമ്മയുടെയും അനയത്തിയുടെയും മുന്നില്‍ കരയാറില്ല. ഞാന്‍ ഭയങ്കര കാരണവര്‍ ആണെന്ന് അവരുടെ മുന്നില്‍ കാണിക്കാറുണ്ട്. എന്തും ഞാന്‍ താങ്ങും, നിങ്ങളൊന്നും ഒട്ടും പേടിക്കേണ്ട എന്ന രീതിയില്‍ ഞാന്‍ കുറെ കാലം ജീവിച്ചു.
ഞാന്‍ ഒറ്റയ്ക്കിരുന്ന് കരയും. കൊച്ചിയില്‍ എനിക്കുള്ള ഒരു ഫ്ലാറ്റ് ഞാന്‍ മൂഡോഫാകുമ്പോള്‍ വന്നിരിക്കാന്‍ വേണ്ടിയുള്ളതാണ്. വീട്ടില്‍ ഞാന്‍ മൂഡോഫായിരുന്നാല്‍ അമ്മയത് ചോദിക്കും, ബേജാറാകും. അമ്മ ദുര്‍ബലമാകും. പക്ഷേ ഒരു പോയിന്റില്‍ ഞാന്‍ തകര്‍ന്ന് തകര്‍ന്ന് പോയി. കോവിഡിന്റെ സമയത്ത് എനിക്കൊരു വലിയ ട്രാന്‍സ്ഫര്‍മേഷന്‍ ഉണ്ടായി. ആ സമയത്ത് എനിക്ക് ഒരുപാട് ഇഷ്യൂസ് ഉണ്ടായി. ലൈഫില്‍ ബ്രേക്കപ്പ് വന്നു, എന്റെ വീടു പണിയില്‍ കോണ്‍ട്രാക്ടര്‍ പറ്റിക്കുന്നു...അങ്ങനെ പലവിധ പ്രശ്നങ്ങള്‍. ഞാനന്ന് തെറാപ്പിയൊക്കെ എടുക്കാന്‍ തുടങ്ങി. അന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്, എനിക്കിത് താങ്ങാന്‍ വയ്യെന്ന് അമ്മയോട് തുറന്നു പറയുന്നതാണ് നല്ലതെന്ന്. എന്റെ തെറാപ്പിസ്റ്റും എന്നോട് പറഞ്ഞു, ‘അനു ആരോടെങ്കിലും തുറന്നു സംസാരിക്ക്, സ്ട്രോങ്ങായി അഭിനയിച്ച് അഭിനയിച്ച് തകര്‍ന്നു. സാചുറേഷന്‍ പോയിന്റിലെത്തി...’ എന്ന്. എന്നോട് പലരും ഇക്കാര്യം ഇപ്പോള്‍ പറയാറുണ്ട്, ഞാനവരോട് ഒക്കെ പറയും ഇമോഷന്‍സ് എക്സ്പ്രെസ് ചെയ്യണമെന്ന്.
അങ്ങനെ ഉള്ളില്‍ ഒതുക്കി ഒതുക്കി പൊട്ടിത്തെറിക്കാറായപ്പോള്‍ ഞാന്‍ അമ്മയോട് തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ വലിയ ബില്‍ഡ് അപ്പ് ഒക്കെയെടുത്തിട്ട്, അമ്മ എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു. എനിക്ക് മാനേജ് ചെയ്യാന്‍ പറ്റുന്നില്ല, ഇമോഷന്‍സ് വളരെ കൂടുതലാണ്. ഞാന്‍ തളര്‍ന്നു. ഒരു മെഡിക്കല്‍ ഹെല്‍പ്പ് എടുക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു. അന്നേരം അമ്മ പറഞ്ഞു, ‘ആ അങ്ങനെ തന്നെയാ വേണ്ടത്’ എന്ന്. പല പ്രാവശ്യം എനിക്ക് തകര്‍ന്നു പോകുമെന്ന് തോന്നി അങ്ങനെയാണ് മെഡിക്കല്‍ ഹെല്‍പ്പ് എടുത്തതെന്ന് പറഞ്ഞു. അമ്മയാണെങ്കില്‍ കൂളായി അതിനെ മനസ്സിലാക്കി.
അപ്പോഴാണെനിക്ക് മനസ്സിലായത്, നമ്മളെക്കാള്‍ സ്ട്രോങ്ങാണ് അമ്മമാര്‍. അവര് കരുത്തരല്ല എന്ന് നമ്മളാണ് ചിന്തിക്കുന്നത്. പക്ഷേ അങ്ങനെയല്ല, അമ്മമാര്‍ ആണ് ഏറ്റവും വലിയ ശക്തി...കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി എന്ത് മനസ്സില്‍ തോന്നിയാലും ഞാനത് എക്സ്പ്രെസ് ചെയ്യും, ആ ഭാരം ചുമന്നു കൊണ്ട് നടക്കാറില്ല. തുറന്നു പറയുന്നതു കൊണ്ട് എനിക്ക് സമാധാനമുണ്ട്...’ അനുമോള്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ ഇത് പറഞ്ഞത്.