-->
ശരീരത്തില്‍ എയ്റ്റ് പായ്ക്ക് വരുത്താനായി നാല് ദശലക്ഷം യുവാന്‍( ഏകദേശം 5 കോടി രൂപ ) ചെലവഴിച്ച് ചൈനക്കാരന്‍. മസിലുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ഹൈലൂണിക് ആസിഡ് കുത്തിവെക്കുന്നതിനാണ് ഇത്രയും തുക ചെലവഴിച്ചതെന്നാണ് യുവാവ് വെളിപ്പെടുത്തിയത്.
വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ആന്‍ഡി ഹാവോ ടിയാനന്‍ എന്നയാളാണ് ഭീമമായ തുക ചെലവഴിച്ച് ഈ ലുക്ക് നേടിയെടുത്തത്. മസിലുകള്‍ രൂപപ്പെടുത്താന്‍ ഹൈലൂണിക് ആസിഡ് കുത്തിവെച്ച് എയ്റ്റ് പാക്ക് നേടിയ ചൈനയിലെ ആദ്യ വ്യക്തി താനാണെന്നാണ് ഇയാള്‍ സ്വയം അവകാശപ്പെടുന്നത്. ഏകദേശം 100,000 ഫോളോവേഴ്‌സുണ്ട് ഹാവോയ്ക്ക്. ഹൈലൂണിക് ആസിഡ് സന്ധികള്‍ ലൂബ്രിക്കേറ്റ് ചെയ്യാനും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്ന ശരീരത്തില്‍ സ്വാഭാവികമായി കാണപ്പെടുന്നതാണ്. മൊത്തം 10,000 കുത്തിവെയ്പ്പുകള്‍ നടത്താനാണ് യുവാവിന്റെ ആലോചന.
നേരത്തെ, തന്റെ തോളിലും, നെഞ്ചിലും, വയറിലും 40 ഡോസ് ആസിഡ് കുത്തിവയ്ക്കാന്‍ സമാനമായ തുക ചെലവഴിച്ച് ഹാവോ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇത് അപകടകരമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വ്യായാമത്തിലൂടെ പേശീബലം വര്‍ധിപ്പിക്കാന്‍ കഴിയാത്തതിനാലാണ് ഇങ്ങനൊരു വഴി സ്വീകരിച്ചതെന്നാണ് ഹാവോ പറയുന്നത്.