Saturday, March 14, 2026 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 10.34 AM

ലോകത്തിലെ ഏറ്റവും ശൈത്യമേറിയ പ്രദേശം, ദിവസത്തില്‍ 21 മണിക്കൂറും ഇരുട്ട്: -64 ഡിഗ്രി തണുപ്പ് അതിജീവിച്ച് ഇന്ത്യന്‍ വ്‌ളോഗര്‍

indian, vlogger, oymyakon, visit

ഇന്ത്യന്‍ യാത്രാ ഇന്‍ഫഌവന്‍സറായ അങ്കിത കുമാര്‍ കഴിഞ്ഞ ജനുവരിയിലാണ് സൈബീരിയിലേക്ക് പോയത്. ഇവിടെ ശൈത്യകാലത്ത് താപനില മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന യാക്ടുസ്‌ക്, ഒയ്മ്യാകോണ്‍ എന്നീ നഗരങ്ങളാണ് സന്ദര്‍ശിച്ചത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ഒയ്മ്യാകോണില്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അങ്കിത. ലോകത്തിന്റെ ഫ്രീസര്‍ എന്നാണ് ഒയ്മ്യാകോണ്‍ വിശേഷിപ്പിക്കപ്പെടുന്നത്. ശൈത്യമേറിയ ജനവാസപ്രദേശങ്ങളില്‍ ഒന്നാണ് സൈബീരിയയിലെ ഈ ഗ്രാമം. ശൈത്യകാലമായാല്‍ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണില്‍ ഇരുട്ടായിരിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. താപനില മൈനസ് 40 ലെത്തുമ്പോള്‍ തന്നെ ഇവിടുത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയാണു പതിവ്.

ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഒയ്മ്യാകോണ്‍ നിവാസികളുടെ ജീവിതം. തണുപ്പേറെയായതിനാല്‍ മുഖവും ശരീരഭാഗങ്ങളും വലിഞ്ഞു മുറിയുക, പേനയിലെ മഷി കട്ടയാകുക, ബാറ്ററി ചാര്‍ജ് തീരുക തുടങ്ങിയവ അവയില്‍ ചിലതാണ്. ഇതൊക്കെ സഹിക്കാമെങ്കിലും ആരെങ്കിലും മരിച്ചാലാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. കാരണം ശവസംസ്‌കാരം നടത്തുകയെന്നത് വളരെ സങ്കീര്‍ണമായ കാര്യമാണ്. കാരണം സ്ഥലം കണ്ടെത്തി ആദ്യം ആ ഭാഗത്തെ മഞ്ഞുരുക്കിക്കളയണം. മൃതദേഹം സംസ്‌ക്കരിക്കാന്‍ പാകത്തില്‍ ഒരു കുഴി കുഴിക്കണമെങ്കില്‍ തന്നെ ദിവസങ്ങള്‍ വേണ്ടി വരും. മഞ്ഞുവീഴുന്നതിനനുസരിച്ച് കല്‍ക്കരി ഉപയോഗിച്ച് അത് ഉരുക്കിക്കൊണ്ടിരിക്കണം. അതിനുശേഷം മാത്രമേ മൃതദേഹം സംസ്‌ക്കരിക്കാന്‍ സാധിക്കൂ. ഇങ്ങനെ സംസ്‌ക്കരിക്കുന്ന മൃതദേഹം അഴുകാനും കാലതാമസമെടുക്കും. അതുകൊണ്ട് തന്നെ ഇവിടെയാരും മരിക്കരുതേയെന്നാണ് ഗ്രാമവാസികളുടെ പ്രാര്‍ഥന.

അങ്കിത സന്ദര്‍ശിക്കുമ്പോള്‍ ഒയ്മ്യാകോണില്‍ -64 ഡിഗ്രി സെല്‍ഷ്യസും യക്റ്റുസ്‌കില്‍ -50 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. 'ഇന്ത്യയിലുള്ള ഒരു വസ്തുവിനും ഇത്തരമൊരു തണുപ്പിനെ നേരിടാനാകില്ല. ഇതിനായി പ്രത്യേക ജാക്കറ്റും ബൂട്ടുകളും വാടകയ്ക്ക് എടുക്കുകയായിരുന്നു. കൂടാതെ നിരവധി തെര്‍മല്‍ വസ്ത്രങ്ങളും ധരിച്ചു. ഫോണ്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഓഫായി. ഷൂട്ട് ചെയ്യാനായി കൈയുറകള്‍ ഊരുമ്പോള്‍ മരവിപ്പും സൂചി കുത്തുന്നപോലെയുള്ള വേദനയുമായിരുന്നു.'അങ്കിത പറഞ്ഞു. തണുപ്പുകാലത്ത് മാംസാഹരമാണ് ഗ്രാമവാസികളുടെ ആശ്രയം. എല്ലാസമയത്തും തണുത്ത ആഹാരത്തോടു പ്രിയമുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍. വിവിധതരം മത്സ്യങ്ങളും റെയ്ന്‍ഡിറിന്റെ മാംസവും കുതിരയുടെ കരളുമൊക്കെയാണ് ഇവരുടെ ഇഷ്ടവിഭവങ്ങള്‍. ഒയ്മ്യാകോണ്‍ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്.

Ads by Google
Wednesday 12 Nov 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW